Image

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

Published on 20 October, 2021
ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ  മഞ്ജു )
വായിക്കുന്ന, കേൾക്കുന്ന, കാണുന്ന,
കാണാത്തതിനെ കല്പിക്കുന്ന
പെണ്ണിന്റെ ദിവസങ്ങൾ ദുരിതമാണ്.
ഒരുപാടു ജന്മങ്ങൾ കെട്ടുപിണഞ്ഞു,
ചുറ്റിവരിഞ്ഞു, ശ്വാസം മുട്ടിച്ച്‌,
നെറുതലയിൽ നിന്ന്
തൊണ്ട വഴി വയറുവരെ നീളുന്ന
പഴുത്ത ചരട് പോലെ നിമിഷങ്ങൾ.

ശ്വാസമൊന്നെടുത്താൽ പൊള്ളും.
ഒരു തലക്കെട്ട് കണ്ടാൽ മതി, ഘോഷയാത്രയാണ്..
ചോരയിറ്റുന്ന യോനികളുടെ,
കീറിപ്പറിഞ്ഞ മുലകളുടെ,
മുറിഞ്ഞുണങ്ങിയ ചുണ്ടുകളുടെ പടങ്ങളുമായി
കടുത്ത വേദനയുടെ, അപമാനത്തിന്റെ,
അറപ്പിന്റെ, പേടിയുടെ
അട്ടകൾ കൂട്ടത്തോടെ പൊതിയും.

അധികാരയുദ്ധങ്ങളിൽ, അതിർത്തിത്തർക്കങ്ങളിൽ,
ഭൂമി കയ്യേറലിൽ, കടന്നു കയറ്റങ്ങളിൽ
കാലങ്ങളോളം ദിനരാത്രികൾ
ചവിട്ടി മെതിക്കപ്പെടുന്ന
പെൺശരീരങ്ങളുടെ കീറലുകൾ
രക്തമിറ്റിക്കും തലച്ചോറിൽ.

മതത്തിന്റെ, വംശത്തിന്റെ,
നിറത്തിന്റെ പകകൾ
കടിച്ചു ചതച്ചു  തീർക്കാൻ കണ്ടെത്തിയ
കുഞ്ഞുങ്ങളുടെ,
അത് കണ്ടു നിൽക്കുന്ന അമ്മമാരുടെ,
നിലവിളികൾ
ഉറക്കത്തിന്റെ വാതിലിൽ
ഉറക്കെ ഇടിച്ചു സ്വൈര്യം കെടുത്തും.

തൊടാൻ മടിക്കുന്ന ജാതിമതവംശ
അടയാളങ്ങളോടെ
പെൺകുഞ്ഞുങ്ങൾ പിറന്നിരുന്നെങ്കിൽ എന്ന് ആശിക്കും.
തട്ടിയെടുത്ത ഭൂമിയും മക്കളും
സ്വത്വവും വീണ്ടെടുക്കാൻ
അഴികൾക്കുള്ളിൽ അരയ്ക്കപ്പെട്ട ആയുസ്സുകൾ
ഗതികിട്ടാതെ ഓർമകളിൽ അലയും.

ഒളിക്കാൻ വീടിന്റെ കോണോ,
കട്ടിലിന്റെ മറവോ
അമ്മയുടെ മുണ്ടോ ഇല്ലാതെ,
കാക്കേണ്ട കൈകൾ ഉടുപ്പുരിയുന്ന
നിസ്സാഹയതയും ദൈന്യവും അമർഷവും
പാന്പുകൾ പോലെ കൊത്തും പുതപ്പിനുള്ളിലും.

കാരണമില്ലാത്ത കുറ്റബോധത്തോടൊപ്പം
കുടഞ്ഞിട്ട പുതപ്പിന്റെ സുഖത്തിൽ ചുരുളുന്നതോടെ
നിസ്സഹായതയും നിസ്സംഗതയും
പതിയെപ്പതിയെ അവളെ കീഴ്പ്പെടുത്തും.  
വീണ്ടുമൊരു ശില്പം ഉണ്ടാവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക