Image

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

ജോബിന്‍സ് Published on 20 October, 2021
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍. കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായതായെന്നും റീബില്‍ഡ് കേരളയ്ക്കായി പിരിച്ച തുകയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയകാലത്ത് കേന്ദ്രസര്‍ക്കാരും ജനങ്ങളും കയ്യയച്ച് സഹായിച്ചിട്ടും സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണ് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതായിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ ചെളിയും കല്ലുംകൊണ്ട് നിറഞ്ഞിട്ടും ഇവിടെ സന്നദ്ധസംഘടനകളെ മാത്രമേ കാണുന്നുള്ളൂവെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എവിടെയും കാണുന്നില്ലെന്നും മരണപ്പെട്ടവരെ പോലെ വീടുകള്‍ നശിച്ചവരെയും സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ പ്രളയങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ നടന്ന ദുരന്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോഴത്തെ ദുരന്തം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ മുന്നോട്ട് പോവുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക