Image

വി.എസ് നിസ്വവര്‍ഗ്ഗത്തിന്റെ നേതൃസ്തംഭമാണെന്ന് പിണറായി വിജയന്‍

ജോബിന്‍സ് Published on 20 October, 2021
വി.എസ് നിസ്വവര്‍ഗ്ഗത്തിന്റെ നേതൃസ്തംഭമാണെന്ന് പിണറായി വിജയന്‍
98-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ . 'നിസ്വവര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍.'' എന്ന് മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുമ്പ് വിഎസ് പക്ഷവും ഔദ്യോഗിക പക്ഷവും എന്ന പേരില്‍ വിഎസ്സും പിണറായിയും പോരടിച്ചു നിന്ന കാലത്ത് വിഎസ്സിന്റെ ജന്‍മദിനത്തിന് പാര്‍ട്ടി വേണ്ട പരിഗണന നല്‍കിയില്ലെന്നത് ഏറെ വിവാദമായിരുന്നു. അന്ന് സിപിഎമ്മില്‍ വ്യക്തിപൂജയില്ലെന്നായിരുന്നു ഒദ്യോഗിക പക്ഷം നല്‍കിയ വിശദീകരണം.

ഒറ്റ വാചകത്തിലുള്ള ആശംസയും വി.എസ്സിന്റെ ചിത്രവുമാണ് പിണറായിയുടെ ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്നത്.  

വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലാണ് ഇപ്പോള്‍ അച്യുതാനന്ദനുള്ളത്. ഏറെ നാളായി അദ്ദേഹം വിശ്രമത്തിലാണ്. 
കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സന്ദര്‍ശകരെപ്പോലും അനുവദിക്കുന്നില്ല. 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍രെ കാലത്ത് ഭരണപരിഷകാര കമ്മീഷന്‍ അധ്യക്ഷനായിരുന്നു വി.എസ് . അച്യുതാനന്ദന്‍. 2021 ജനുവരിയിലാണ് അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞത്. 2019 ല്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി.എസ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അന്നു മുതല്‍ സമ്പൂര്‍ണ്ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരുന്നത്. 

പിറന്നാളാഘോഷത്തിന് പുറത്തുനിന്നാരും ഇല്ല. കുടുംബാംഗങ്ങള്‍ മാത്രം ചെറിയ തോതില്‍ ആഘോഷിക്കും. വീടിനകത്ത് വീല്‍ചെയറിലാണ് വി.എസ്. പത്രവായനയും ടെലിവിഷന്‍ കാണലും അദ്ദേഹം മുടക്കാറില്ല.

കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാര്‍ത്തകള്‍ വി.എസിനെ അസ്വസ്ഥനാക്കിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശക്തമായി അനുകൂലിച്ചിരുന്ന നേതാവാണ് വി എസ്. ഗാഡ്ഗിലിന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹം ഈ ദിവസങ്ങളില്‍ ഓര്‍മിച്ചെന്നും അരുണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക ആളാണ് അച്യുതാനന്ദന്‍. പാര്‍ട്ടിയിലെ വലതുപക്ഷവക്കരണത്തിനെതിരെ ശക്തമായി സംസാരിച്ചിരുന്ന ആളാണ് വി.എസ്. ഒപ്പമുണ്ടായിരുന്നവരെ മറുപക്ഷം വെട്ടിനിരത്തി താന്‍ ഒറ്റപ്പെട്ടപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള വഴുതിമാറലിനെതിരെ വി.എസ് ശബ്ദിക്കുകയും അത് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പിനിടയാവുകയും ചെയ്തിരുന്നു. 

ശക്തമായ ജന പിന്തുണയുള്ള നേതാവ് കൂടിയാണ് വി.എസ്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്സിന് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവം വരെയുണ്ടായിരുന്നു. 
ആഘോഷങ്ങളൊന്നുമില്ലാതെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വി.എസ്സിന്റെ പിറന്നാളാഘോഷം. തിരുവനന്തപുരം വേലിക്കകത്ത് വീട്ടില്‍ ഇപ്പോള്‍ വിശ്രമത്തിലാണ് വി.എസ് അച്യുതാനന്ദന്‍. 

2015 ലെ പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് കേരളത്തില്‍ നിന്നുള്ള എസ്. രമാചന്ദ്രന്‍ പിള്ളയുടെ പേരും ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. കേരളത്തില്‍ ഔദ്യോഗിക പക്ഷം രാമചന്ദ്രന്‍ പിള്ളയെ പിന്തുണച്ചപ്പോഴും വി.എസ് പരസ്യമായി യെച്ചൂരിയെ പിന്തുണച്ചത് ഏറെ ചര്‍ച്ചായിരുന്നു. 

2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വി.എസ്സിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സമ്മേളനത്തിനിടെ വി.എസ്. ഇറങ്ങിപ്പോകുന്ന സാഹചര്യം വരെയുണ്ടായിരുന്നു. എന്നിട്ടും ഒറ്റയാനായി പിടിച്ചു നിന്ന് വിശ്വസിച്ച മൂല്ല്യങ്ങളില്‍ മുറുകെ പിടിച്ചാണ് വി.എസ് 98 ന്റെ നിറവിലേയ്ക്ക് കടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക