Image

സർഗ്ഗാരവത്തിൽ എഴുത്തുകാരും മാധ്യമങ്ങളും - രണ്ടാം ഭാഗം

Published on 20 October, 2021
സർഗ്ഗാരവത്തിൽ  എഴുത്തുകാരും മാധ്യമങ്ങളും - രണ്ടാം ഭാഗം
യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ സാഹിത്യ വേദിയായ സർഗ്ഗാരവത്തിൽ എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയം രണ്ടാമ തവണയും  ചർച്ച ചെയ്യപ്പെട്ടു . അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ ഇ-മലയാളിയുടെ സാരഥി ജോർജ്‌ ജോസഫ് , കേരള ടൈംസ് പത്രാധിപർ ഫ്രാൻസിസ് തടത്തിൽ , കേരളത്തിൽ നിന്ന് കലാപൂർണ്ണ മാസിക പത്രാധിപരും ചിത്രകാരനുമായ ജെ ആർ പ്രസാദ് , ഇരുപത്തി ഒന്ന് വർഷമായി അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ സാരഥി ഡോ. സാറ ഈശോ , മുഖം ഓൺലൈൻ പത്രാധിപർ അനിൽ പെണ്ണുക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .

അമേരിക്കയിലെ  എഴുത്തുകാർക്ക് അവരുടെ രചനകൾ  പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നതിൽ ഇ-മലയാളി  എന്നും ശ്രദ്ധിച്ചിരുന്നുവേണ്ട ജോർജ് ജോസഫ് പറഞ്ഞു. എന്നാൽ ഇന്ന്  പലരും എഴുത്തിന്റെ പാതി വഴിയിൽ ശ്രമം ഉപേക്ഷിക്കുന്നതായി കാണുന്നു. ഒപ്പം ഇക്കാലത്ത് ഇവിടെ നിന്നുള്ള എഴുത്തുകാരുടെ സൃഷ്ടികളിലും   കുറവ് അനുഭവപ്പെടുന്നു എന്ന് ജോർജ് ജോസഫ് ആശങ്ക പ്രകടിപ്പിച്ചു . പ്രസിദ്ധീകരണങ്ങൾ തമ്മിലുള്ള താരതമ്യത്തിൽ ഏറെ കഴമ്പുള്ളതായി ഇക്കാലത്ത് തോന്നുന്നില്ല . എഴുത്തുകാർ അവർക്ക് കിട്ടുന്ന അവസരങ്ങൾ  ഉപയോഗിക്കുകയാണ് വേണ്ടത്. എന്നും ഇ മലയാളിയുടെ പിന്തുണ എഴുത്തുലോകത്തിന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി .

കേരളം ടൈംസ് പത്രാധിപർ മറ്റൊരു അഭിപ്രായമാണ് പങ്കുവെച്ചത് . ചെറുപ്പക്കാരായ പ്രതിഭയുള്ള ധാരാളം വ്യക്തികൾ സമൂഹ മാധ്യമങ്ങളിലെ രചനക്ക്  അപ്പുറത്തേയ്ക്ക് വരാൻ വിസമ്മതിക്കുന്നു . അവരെ ഗൗരവമുള്ള എഴുത്തുലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ടുവരുവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് . പ്രതിഭയ്ക്ക് ഇക്കാലത്തു ദാരിദ്ര്യമില്ല , എന്നാൽ മുന്നോട്ടു വരുവാനുള്ള മനഃസാന്നിധ്യമാണ് കുറവ്, അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ പ്രമുഖ സാംസ്കാരിക -സാഹിത്യ മാസികയായ കലാപൂർണ്ണ എഡിറ്റർ ജെ ആർ പ്രസാദ്  പ്രവാസികളുടെ മൂല്യമുള്ള രചനകളെ എക്കാലവും സ്വാഗതം ചെയ്യുമെന്ന് ഉറപ്പു നൽകി . പ്രവാസികളിൽ എഴുത്ത് രംഗത്ത് ഒരു സ്ഥിരോത്സാഹത്തിന്റെ കുറവാണ് പൊതുവെ കാണുന്ന പ്രശ്നം എന്നദ്ദേഹം അഭിപ്രായപ്പെട്ടു .

അമേരിക്കയിൽ ഇരുപത്തി ഒന്ന് വർഷമായി ഭാഷയോടുള്ള സ്നേഹം കൊണ്ട് മാത്രം നടത്തിവരുന്ന പ്രസിദ്ധീകരണമാണ് ജനനി. അമേരിക്കയിലെ ഒട്ടുമിക്ക എഴുത്തുകാരുടെ രചനകളും ജനനിയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ആയി തുടരുന്നു . എഴുത്തുകാർക്കൊപ്പം എഴുത്തുകാർക്ക് വേണ്ടി ശക്തമായി തന്നെ ജനനി മുന്നോട്ടു പോകും . എഴുത്തിനു എല്ലാവിധ പിന്തുണയും നൽകുമെന്ന്  ഡോ സാറ ഈശോ ഊന്നി പറഞ്ഞു .

മുഖം എന്ന പുത്തൻ ഓൺലൈൻ മാധ്യമത്തിന്റെയും പ്രസാധക സംരംഭത്തിന്റെയും സാരഥിയാണ് അനിൽ പെണ്ണൂക്കര . ലോകം മുഴുവനും ഉള്ള എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കുവാൻ മുഖത്തിന് സാധിക്കുന്നു എന്നത് അഭിമാനകരമാണ് . ഒപ്പം പുസ്തക പ്രസാധക -വിതരണ രംഗത്തും ഏറെ ശ്രദ്ധിക്കുന്നു . പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാർക്ക് എത്തിക്കുക എന്ന ദൗത്യം ഏറെ പ്രധാനമാണ് . വയനാട്ടിൽ ആരംഭിക്കുന്ന വായനശാലകളിലേയ്ക്ക് പുസ്തകങ്ങൾ  ആവശ്യമുണ്ട് . അമേരിക്കൻ മലയാളികളുടെ പുസ്തകങ്ങൾ ആ സംരംഭത്തിലേയ്ക്ക്  സൗജന്യമായി  നൽകുവാൻ അഭ്യർത്ഥിച്ചു

കഥാകൃത്ത് അനിൽ ശ്രീനിവാസൻ സ്വാഗതം ആശംസിച്ച് തുടങ്ങിയ സമ്മേളനത്തിൽ എഴുത്തുകൂട്ടം സെക്രട്ടറി ഗീത രാജൻ യു എസ് എ എഴുത്ത് കൂട്ടത്തിന്റെ ലക്ഷ്യത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി . പ്രേക്ഷകരായുള്ള സംവാദത്തിനു ശേഷം പ്രസിഡന്റ് ഫിലിപ്പ് തോമസ് നന്ദി പറഞ്ഞു .

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂ യോർക്ക് സമയം പത്തര മണിക്ക് സർഗ്ഗാരവം എന്ന സാഹിത്യ സാംസ്‌കാരിക പരിപാടി സൂം പ്ലാറ്റുഫോമിൽ ഉണ്ടായിരുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക മനോഹർ തോമസ്
ഫോൺ: 917 974 2670
സർഗ്ഗാരവത്തിൽ  എഴുത്തുകാരും മാധ്യമങ്ങളും - രണ്ടാം ഭാഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക