America

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

Published

on

കവിയുടെ പതിനൊന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഒരു പിടി കവിതകൾ ഹൃദയത്തിൽ ചേർത്ത് വെയ്ക്കുന്നു.

പ്രകൃതിയോട് ചേർന്ന് മഴയുടെ താളത്തിൽ കേകയിലെഴുതി യാത്ര ചെയ്ത കവി .ഒരു വീട്ടിലും ഒരു ദിവസത്തിൽ കൂടുതൽ താമസിക്കേണ്ടതില്ല എന്ന് ശഠിച്ച് വരാന്തയും റെയിൽവേ സ്റ്റേഷനും ഒരുവന് വീട് തന്നെ എന്ന് ജീവിച്ച് കാണിച്ചു .അല്ലെങ്കിൽ തന്നെ ഒരുവന് സ്വന്തം എന്നവകാശപ്പെടാൻ ഭൂമിയിൽ എന്തുണ്ട് .മനുഷ്യർ ഭൂമിയിൽ തീർത്ഥാടകരാണെന്ന സത്യത്തിനു മുന്നിൽ ഇന്നതെല്ലാം തനിക്കു സ്വന്തമാണ് അഥവാ സ്വന്തമാക്കണം എന്ന വാശിയുടെ നിരർത്ഥകത സ്വന്തം ജീവിത വ്യാകരണം കൊണ്ട് സമർത്ഥിച്ചു കാണിക്കുകയായിരുന്നുവോ. ഇറവെള്ളത്തിലും ആകാശം കാണുന്നവന് മറ്റെന്തുവേണം സ്വന്തമായി  ("ഇറവെള്ളം കണ്ടപ്പു പറഞ്ഞു ഇതിലും കാണാം ആകാശം " - ഇറവെള്ളത്തിലും ആകാശം ) .പെരുമഴയിൽ പോലും ഒരു തുള്ളി ജലം കാണാനാവാത്ത മനുഷ്യർ ജീവിക്കുന്ന അതേ ലോകത്ത് തന്നെയാണ് അയ്യപ്പൻ ഇറവെള്ളത്തിൽ ആകാശം കണ്ടെത്തുന്നത്. സ്വന്തം ഹൃദയത്തിൽ നിന്നും സ്വച്ഛന്ദമായി ധിക്കാരത്തിന്റെ , പ്രണയത്തിന്റെ ,നെടുവീർപ്പുകളുടെ ,അരക്ഷിതാവസ്ഥയുടെ ,അറ്റമില്ലാത്ത അസ്വാസ്ഥ്യത്തിന്റെ കടൽ ഒഴുകുകയായിരുന്നു . എഴുതിയതൊന്നും സഹൃദയ നെ അന്വേഷിച്ചു കൊണ്ടായിരുന്നില്ല . പകരം സ്വന്തം നിലനില്പിനുള്ള ജീവവായു തേടുകയാണ് അയ്യപ്പൻ തന്റെ കവിതകളിലൂടെ.

പ്രണയത്തോളം മരണത്തെ സ്നേഹിക്കുന്നുവെന്ന് പല കവിതകളിലും സൂചന നൽകുന്നുവെങ്കിലും, കഠിനമായ ജീവിതാസക്തിയിൽ ആ ചിന്തയെ കടിഞ്ഞാണിടുന്ന പക്വത യിലാണ് പലപ്പോഴും വന്നു നിൽക്കുക . "രീതി" എന്ന കവിതയിൽ
" എന്റെ കഴുത്തിന്
ഊഞ്ഞാലാടാൻ ആഗ്രഹം
ഞാൻ കിണറ്റുവെള്ളം കോരാനുള്ള
കയർ മുറിക്കുന്നു"  എന്ന് പറഞ്ഞു വെച്ചിട്ട്
"ഫലം" എന്ന കവിതയിൽ
" മനസ്സ് പറഞ്ഞു ദുർബലമായ ചുടലപ്പറമ്പിൽ നിന്നും മടങ്ങുക"
എന്ന സ്വയം ശാസനയും അനുസരണവുമാണ്  കാണുക . ഈ ഭൂമിയിലെ നിറമുള്ള കാഴ്ചകൾ വിട്ടു പോകാൻ മനസ്സ് വരാത്ത തീർത്ഥാടകൻ തന്നെ യായിരുന്നു കവി . സർവ്വ ജീവിതകാഴ്ചകളിൽ നിന്നും ലഹരി വാറ്റിയെടുത്തുണ്ടാക്കിയ ഒരപൂർവ്വ അക്ഷരാമൃതാണ് അയ്യപ്പൻ കവിതകൾ . ഒറ്റപ്പെടലിൽ  നിന്ന് , ആൾകൂട്ടത്തിൽ നിന്ന് , ആനന്ദത്തിൽ നിന്ന് , കണ്ണീരിൽ നിന്ന് , പ്രണയത്തിൽ നിന്ന് , മരണത്തിൽ നിന്ന്  എന്ന് വേണ്ട ഭൂമിയിലെ സകല ജീവിതാവസ്ഥകളിലും  തേനീച്ചയെ പോലെ പാറി പറന്ന്  ഊറ്റിയെടുത്ത തേൻ കൊണ്ട് പണിതെടുത്തതാണ് ആ കവിതകൾ.
കിഴവനോടും മൽസ്യത്തോടുമുള്ള ആത്മബന്ധം ഏറെ വിശേഷമായി നിഴലിക്കുന്ന കവിതയാണ് "മുള്ളു തറഞ്ഞ കണ്ണ് "

"കടലിനോടു പൊരുതിയ കിഴവന്റെ
മീൻ തിന്നത് ഞാനാണ്
ഇന്ന് സിംഹ തുല്യമായ
അവന്റെ സ്വപ്‌നങ്ങൾ എന്നെ വേട്ടയാടുന്നു "
ഇവിടെ കടലിനോട് പൊരുതി കിഴവൻ നേടിയ മൽസ്യം ഇല്ലാതാക്കിയതിന്റെ പാപഭാരം സ്വയമേൽക്കുകയാണ് ഒടുവിൽ കിഴവന്റെ പൊലിഞ്ഞ സ്വപ്നങ്ങൾക്ക് ഉത്തരവാദിയാവുന്നതും കവി തന്നെ എന്ന് പറഞ്ഞ് അസ്വസ്ഥനാകുമ്പോൾ ഒപ്പം വായനക്കാരനും അവനവന്റെ പാപ സ്മൃതികളിലേയ്ക്ക് മടങ്ങി പോകുന്നു.

കണ്ണു നീരിനെ തേനാക്കുന്ന മന്ത്രം "തേൻ " എന്ന കൊച്ചു കവിതയിലുണ്ട്
"ചുണ്ടറിയാത്ത മുലക്കണ്ണിൽ
ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു
ഒരു തുള്ളി കണ്ണുനീർ ശലഭത്തിനു തേനായി "
വാക്കുകൾ കൊണ്ട് കഠിനമായൊരു ദുഃഖത്തെ എത്ര വികാര സാന്ദ്രമായി തേനാക്കി മാറ്റുന്നു .
കഠിനമായ ഒരു കൈപ്പിഴയെ നിസ്സംഗമായി പറഞ്ഞു പോകുന്നുണ്ട് "കല്ല് "എന്ന കവിതയിൽ

"കല്ലേറ്  കൈത്തൊഴിലായി
പിന്നീടത് കൈപ്പിഴയായി മാറി
ആകാശത്തേക്കു കല്ലെറിഞ്ഞു
ഒരു നക്ഷത്രവും വീണില്ല
ഒടുവിലെറിഞ്ഞ കല്ല്
അമ്മയുടെ നെറ്റിയിൽ കൊണ്ടു
പൊട്ട് മാഞ്ഞു "
നിശ്ശബ്ദമായ തടാകത്തിലേക്ക് കല്ലെറിഞ്ഞ് ഓളങ്ങൾ സൃഷ്ടിച്ച് രസിച്ച നിഷ്കളങ്കനായ കുട്ടി  പതിയെ മാവിന് കല്ലെറിയു ന്നു  പാതി പഴുത്ത ഫലങ്ങൾ വീഴ്ത്തുന്നു പിന്നീട് അത് കൈപ്പിഴയായി അമ്മയുടെ നെറ്റിയിൽ പതിക്കു ന്നു . ജീവിത ചക്രം ഉരുളുന്നതിനിടെ ഒരുവൻ കടന്നുപോകുന്ന ദുർവിധികൾ.  ഈ അവസ്ഥ യെ സംഭവത്തിൽ നിന്ന് മാറിനിന്ന് എത്ര നിസ്സംഗതയോടെ കാണുന്നു, പകർന്നു നൽകുന്നു.

സ്നേഹം ദുഷ്കരമാണ് . പ്രപഞ്ചത്തോടായാലും ഉറ്റവരോടായാലും. ഹൃദയത്തിൽ തേനായി തുളുമ്പുന്ന സ്നേഹം തന്നെ മുള്ളായി പതിക്കുന്നു.  സ്നേഹം നമുക്കുമേൽ ചുമത്തുന്ന ഉത്തരവാദിത്യത്തിന്റെ ആഴമറിഞ്ഞിട്ടെന്ന പോലെ അയ്യപ്പൻ സ്നേഹം ഒരു യാത്രയാക്കുന്നു.  കാര്യമായി ഒന്നിനോടും ഒട്ടിനിൽക്കാത്ത യാത്ര. എല്ലാ അസ്വസ്ഥതകളും വേദനകളും നൈരാശ്യങ്ങളും കവിതയിൽ വിചിത്രമായ അനുഭൂതികളും ഭ്രമാത്മക മായ കല്പനകളു മായി രൂപാന്തരം പ്രാപിക്കും പോലെ . കാലുഷ്യത്തിന്റെ ഭ്രൂണ മോരോന്നും ഉള്ളിന്റെയുള്ളിൽ രാസപരിണാമം പ്രാപിച്ച് അയ്യപ്പൻറെ ഹൃദയത്തിൽ കവിതയാകുന്നു.

ഭാഷകൊണ്ട് ചെയ്യാവുന്ന സകല മന്ത്രികതകളും ചെയ്‌ത്‌ കടന്നു പോയ ഒരു കവി . കവിതകൾ എളുപ്പത്തിൽ മനസ്സിലാകണമെന്നോ, അതിന്റെ തുടക്കവും ഒടുക്കവും ചേർന്ന് പോകണമെന്നോ, ജീവിതകഥകൾ പറയണമെന്നോ അയ്യപ്പന് യാതൊരു നിർബന്ധവുമില്ല . നിലവിലുള്ള സകല ആഖ്യാന തന്ത്രങ്ങളിൽ നിന്നും വായനക്കാരനെ തിരിച്ചു വിളിക്കുന്നതാകണം കവിത എന്ന് കവി വിശ്വസിച്ചു . വായിക്കുമ്പോൾ ആത്മഭാഷണമാണെന്ന് വിശ്വസിപ്പിക്കുവാൻ പ്രേരിപ്പിച്ച് ഒടുവിൽ മറ്റൊരു ഇന്ദ്രജാലത്തിലൂടെ അതൊരു കെട്ടുകഥയാക്കുന്ന വിശേഷവിദ്യ ഭൂരിഭാഗം കവിതകളിലും വായനക്കാരന് അനുഭവവേദ്യ മാകുന്നു . ജീവിതത്തിലെ അനുഭവങ്ങൾ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് . അത് ഒരിക്കൽ കൂടി നമുക്ക് മനസ്സിലാക്കുവാൻ ഒരു കവിത വായിക്കേണ്ട ആവശ്യമില്ല .  കവിത സങ്കല്പ മാന്ത്രിക ലോകത്തേയ്ക്ക് ഒരുവനെ കൊണ്ടുപോകാൻ പര്യാപ്തമാകണം . യഥാർത്ഥ ലോകത്തിൽ നിന്നും അല്പസമയത്തേക്കെങ്കിലും അത്ഭുത ദ്വീപുകളിലേക്കു നമ്മെ യാത്രയാക്കണം ഒടുവിൽ മടങ്ങി വന്ന് യാഥാർത്ഥ്യത്തെ  കാണുമ്പോൾ ഇത് അല്പം കൂടി സുന്ദരമായിരി ക്കുന്നു എന്ന കാഴ്ച്ചയും മറ്റാരും ഇന്നുവരെ കാണാത്ത ഒരു പ്രകാശം അനുഭവിച്ച നവോന്മേഷവും വായനക്കാർക്ക് ലഭിക്കണം . അയ്യപ്പൻറെ കവിതകൾ മനുഷ്യൻ റോളർ കോസ്റ്ററിന്റെ തുഞ്ചത്ത് ആയിരിക്കുമ്പോഴുള്ള ഹൃദയമിടിപ്പ് സമ്മാനിച്ച് ഒരുവനെ പതുക്കെ തറയിൽ എത്തിക്കുന്നു . പിന്നീടൊരുനാളും മറക്കാതെ ആ ഭീതിതമായ ഹൃദയമിടിപ്പ് അവൻ ഓർത്തുവെയ്ക്കുന്നു. ആ റോളർ കോസ്റ്റർ മനുഷ്യജീവിതം തന്നെ . ദൈന്യതയുടെയും അനാഥത്വത്തിന്റെയും പീഡകളുടെയും തുഞ്ചത്താടി നിലപതിക്കാവുന്ന ജീവിതം .  ഏകാന്തതയുടെ ഭ്രമാത്മകമായ പഴുതിലൂടെ നോക്കുമ്പോൾ മാത്രം കാണുന്ന ജീവിതചിത്രങ്ങൾ കവി വരയ്ക്കുന്നു ഭംഗിയുള്ള ഒരു ഫ്രെയിമി ലാക്കുന്നു . ഇതെല്ലം നിമിഷങ്ങളിൽ നടക്കുന്ന ജാലവിദ്യ. ജീവിത മഴയിലെ ഓരോ മഴത്തുള്ളിയും അയ്യപ്പൻ എണ്ണി തിട്ടപ്പെടുത്തുന്ന പോലെ , ഓരോ വെയിൽ ത്തുള്ളിയും കയ്യിലെടുത്ത് ഓമനിച്ചിട്ടുണ്ടെന്നപോലെ. മലയാളത്തിൽ ഇത്രമേൽ ഭയപ്പെടുത്തിയും വേദനിപ്പിച്ചും  ധ്യാനാത്മകമായ അനുഭൂതി പകർന്നു നൽകുന്ന മറ്റൊരു കവിയുണ്ടോ എന്ന് സംശയമാണ് .
അമേരിക്കൻ കവിയായ എമിലി ഡിക്കിൻസൺ  പറയുന്നു  .“If I read a book and it makes my whole body so cold no fire can ever warm me, I know that is poetry. If I feel physically as if the top of my head were taken off, I know that is poetry. These are the only ways I know it. Is there any other way?” ഇത് തന്നെ യാണ് അയ്യപ്പൻറെ കവിതകളിൽ അനുവാചകർ നുണയുന്ന ലഹരിയും വിഭ്രമവും .

വീട് പോലെ മനുഷ്യനെ ഇത്രമേൽ വിഭ്രമത്തിലാഴ്ത്തി തീപിടിപ്പിക്കുന്ന  മറ്റെവിടമുണ്ട് ." എന്റെ വീട് "  എന്ന കൊച്ചു കവിതയിൽ ഈ തീപിടുത്തത്തിന്റെ ഭീകരാവസ്ഥ മെഴുകുരുകി വീഴും പോലെ  ചിത്രീകരിക്കുന്നു . അത് വായനക്കാരന്റെ ഉള്ളുരുക്കി  അവനെ ജ്വലിപ്പിച്ചസ്വാസ്ഥ്യം പകരുന്നു
"മെഴുകുകൊണ്ടൊരു
വീടു വെച്ചു
മെഴുകു വീടിനു
വാതിൽ വെച്ചു
മെഴുകു വീടിനു
ജനൽ വെച്ചു
ഇരുട്ട് വീണപ്പോൾ
മെഴുകുതിരി കത്തിച്ചു "
ആർക്കാണ് ഭൂമിയിൽ ഇത്തരം മെഴുക് വീടുകൾ ഇല്ലാത്തത്.

"ഒത്തുതീർപ്പ്" എന്ന കവിതയിൽ  ഒത്തുതീർപ്പിൻറെ അനന്ത സാധ്യത യായിഎലി പൂച്ചയ്‌ക്കൊരു കത്തെഴുതുന്നു " ശത്രുത മറന്ന് മിത്രങ്ങളാകാമോ " ഈ കത്തിൽ ഒത്തു തീർപ്പിന്റെ രണ്ടറ്റങ്ങളും മലർക്കെ തുറന്നു കിടക്കുകയാണ് .ഇത്ര ലളിതമായി ദാർശനികത യെ നർമ്മത്തിൽ പൊതിയുന്ന സൂത്രവിദ്യ നാം മറ്റെവിടെയും കണ്ടിരിക്കയില്ല .

ശുഭാപ്തി വിശ്വാസത്തിന്റെ മറുകര കാട്ടുന്ന കവിതയാണ് "മഴവില്ലിന്റെ നിറം "
“മരണമെപ്പോഴും
വരും
പുനർജനിക്കണം
പൂവ് പോലെ നീ
മറക്കില്ലൊരിക്കലും
ഇരുട്ട് തന്ന
നക്ഷത്ര വെളിച്ചത്തെ
മറന്നു പോകരുത് വസ്ത്രത്തെ
തിടമ്പുടയുമ്പോഴും
ചിലങ്കയെ മറന്നാലും
വടിവൊത്ത
മഴവില്ലിന്റെ
നിറം കൊഴിഞ്ഞാലും
പൂവ് പോലെ
നീ
പുനർജനിക്കണം "
സ്വാസ്ഥ്യം കെട്ട യാത്രകളിലും ഇത്രമേൽ മൃദുവായി പൂവ് പോലെ ശുദ്ധമായി ശുഭ വിശ്വാസം പകരാൻ ഹൃദയത്തിൽപൂന്തോട്ടം തന്നെ നട്ടുനനയ്ക്കുന്ന ഒരു തഥാഗതനേ കഴിയൂ .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എന്നിട്ടും (കവിത: മഞ്ജുള ശിവദാസ്)

LIFE IN ARIZONA (chapter4: Sreedevi krishnan)

വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

View More