Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 21 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ  തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മേല്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് നടപടി
***********************************************
ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെകൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു. ഷാരൂഖ് ഖാന്‍ ഇന്ന് രാവിലെ ജയിലിലെത്തി മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയല്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26 ലേയ്ക്ക് മാറ്റിവച്ചു. 
*************************************************
ബെവ്കോ  മദ്യഷോപ്പുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി .ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാന്‍ കഴിയണമെന്നും വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
*********************** 
തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇറ്റലിയിലുള്ള അനിതയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ അനിതയുടെ അനിയത്തിയുടെ വിവാഹം നടത്താന്‍ താന്‍ 18 ലക്ഷം രൂപ മുടക്കിയെന്നും ഇത് തിരികെ ആവശ്യപ്പെട്ടതാണ് അനിതയുമായുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും മോന്‍സണ്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നു.
****************************
കര്‍ഷകസമര രീതിയ്‌ക്കെതിരെ വീണ്ടും സുപ്രീം കോടതി. റോഡ് തടഞ്ഞ് സമരം നടത്താന്‍ എന്ത് അവകാശമാണെന്ന് കോടതി ഇന്ന് കിസാന്‍ മോര്‍ച്ചയോട് ചോദിച്ചു. റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
*****************
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അല്‍മോറയില്‍ 6 പേര്‍ക്കും ചാമ്ബവട്ടില്‍ 8 പേര്‍ക്കും ഉദ്ധം സിംഗ് നഗറില്‍ 2 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
*************************
വാക്സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ നൂറ് കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. 278 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എംഎല്‍ ആശുപത്രിയില്‍ നേരിട്ടെത്തി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. വാക്‌സിന്‍ വിതരണ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു. 
**********************
കണ്ണൂരില്‍ മുപ്പത് കോടിയോളം വിലവരുന്ന തിമിംഗല ഛര്‍ദ്ദിലുമായി (ആംബഗ്രിസ്) രണ്ടുപേര്‍ പിടിയില്‍. കോയിപ്ര സ്വദേശി കെ.ഇസ്മായില്‍ (44), ബാംഗ്ലൂര്‍ കോറമംഗല സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഒമ്പത് കിലോയോളം വരുന്ന ചര്‍ദ്ദില്‍ മുപ്പത് കോടി രൂപയ്ക്ക് നിലമ്പൂര്‍ സ്വദേശിക്ക് വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്.
**********************
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.11 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക