Image

56 അംഗ കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വി.ടി ബല്‍റാം ഉള്‍പ്പെടെ നാല് വൈസ് പ്രസിഡന്റുമാര്‍

Published on 21 October, 2021
56 അംഗ കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വി.ടി ബല്‍റാം ഉള്‍പ്പെടെ നാല് വൈസ് പ്രസിഡന്റുമാര്‍
മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിൽ  56 അംഗ കെ പി സി സി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, വി ജെ പൗലോസ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. വനിതകളില്‍ നിന്ന് ആരെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല.പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു.

23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. കെ സുധാകരന്‍ പറഞ്ഞതു പോലെ ജംബോ പട്ടിക ഒഴിവാക്കി പാര്‍ട്ടിയെ കേഡര്‍ സംവിധാനത്തില്‍ ചലിപ്പിക്കാന്‍ വേണ്ട ചുരുക്കം ഭാരവാഹികളെ ഉള്‍പ്പെടുത്തി കൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. 

28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍. 

നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ള വനിതാ നേതാക്കള്‍. വനിതാ, ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.

എ.എ. ഷുക്കൂര്‍, ഡോ. പ്രതാപവര്‍മ തമ്ബാന്‍, അഡ്വ. എസ്. അശോകന്‍, മരിയപുരം ശ്രീകുമാര്‍, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയന്‍, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി. ചന്ദ്രന്‍, ടി.യു. രാധാകൃഷ്ണന്‍, അഡ്വ. അബ്ദുല്‍ മുത്തലിബ്, ജോസി സെബാസ്റ്റിയന്‍, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എം.എം. നസീര്‍, ജി.എസ്. ബാബു, ജി. സുബോധന്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. 

വിമതസ്വരം ഉയര്‍ത്തിയ എ.വി. ​ഗോപിനാഥിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

അതേസമയം, എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുള്ള കെപിസിസി ഭാരവാഹിപ്പട്ടികയാണ് പുറത്തിറക്കിയതെന്ന് പ്രസിഡന്റ് കെ സുധാകരന്‍പറഞ്ഞു . പാര്‍ട്ടിക്കകത്ത് അസംതൃപ്തി ഉള്ളവര്‍ ഉണ്ടാകാമെന്ന് പറഞ്ഞുവെച്ച സുധാകരന്‍ പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നവര്‍ തെരുവിലിറങ്ങില്ലെന്നും പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാല്‍ ലിസ്റ്റില്‍ ഇടപെട്ടില്ല. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളത്. എന്നാല്‍ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു.

സ്ത്രീ സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിര്‍ബന്ധമില്ലെന്നും സെക്രട്ടിമാരുടെ പട്ടിക വരുമ്ബോള്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നും സുധാകരന്‍ വിശദീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക