Image

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

Published on 22 October, 2021
സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)
അന്ന് ദീപാവലി ആയിരുന്നു. തലേന്നാൾ തന്നെ പതിവുകൾ തെറ്റിയ്ക്കാതെ അനുജത്തിയും മക്കളും എത്തിയിരുന്നു. അടുത്ത നാൾ ബീച്ചിൽ പോവണം എന്ന വ്യവസ്ഥയുമായി. എല്ലാവർഷവും പതിവാണത്.അവരുടെ സ്നേഹത്തിനുമുന്നിൽ സന്തോഷത്തോടെയുള്ള ഒരു കീഴടങ്ങൽ.അവരെക്കാൾ കൂടുതൽ എൻജോയ് ചെയ്യുന്നതും ഞാൻ തന്നെയാ. പക്ഷെ, ഞാൻ അത്‌ അംഗീകരിച്ചുകൊടുക്കില്ല എന്ന് മാത്രം. നിലവിലെ പ്രതിസന്ധികൾ ഒന്നും അവരെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ല.ഉച്ച കഴിഞ്ഞപ്പോൾ തന്നെ ബഹളം തുടങ്ങി അങ്ങനെ ശംഖ്‌മുഖം ബീച്ച് യാത്ര.
     
കുറെ മുന്നോട്ടു നടന്നപ്പോൾ തന്നെ കടലിൽ ഇറങ്ങാം എന്ന മോഹത്തിനു തിരശീല വീണു. കടലിലേക്കുള്ള മാർഗങ്ങളെല്ലാം നിരോധിച്ചിരിക്കുന്നു. വെറുതെ എങ്കിലും ഒന്ന് മുന്നോട്ടു പോയി. 'നിങ്ങൾ എങ്ങോട്ടാ? ... ഈ നില്കുന്നവരും ഇതിനായി തന്നെ വന്നവരാ'.സുരക്ഷ ഉദ്യോഗസ്ഥന്റെ വാക്ക് അനുസരിക്കാതെ നിവർത്തിയില്ലായിരുന്നു.മുഖത്തെ ജാള്യത മറച്ചു മറ്റൊരു ഭാഗത്തേക്ക്‌ മാറി നിന്നു ഞങ്ങൾ. തികഞ്ഞപ്രൌഡിയോടെ ജ്വലിച്ചു നിന്ന സൂര്യൻ ക്ഷീണൊന്മുഖനായി തുടങ്ങി ഇനി വിശ്രമിക്കാനുള്ള തയാറെടുപ്പിൽ ആണ്. അതിനു മുന്നോടിയായി ആകാശത്തും കടലിലും ചുവന്ന പരവതാനി വിരിച്ചതുപോലെ. സൂര്യന്റെ വര്ണപ്രഭ ആസ്വദിച്ചു നിൽക്കേ ചുമലിൽ ആരോ സ്പർശിച്ച പോലെ.പിന്നിൽ തിരിഞ്ഞപ്പോൾ പുഞ്ചിരിയോടെ നിൽക്കുന്ന സുന്ദരിയായൊരു സ്ത്രി... ഇവർ ആരാ!. എവിടെയോ കണ്ടതുപോലെ.. എന്റെ മുഖഭാവം അറിഞ്ഞ അവർ ഒന്നും ചോദിക്കാൻ അവസരം തരാതെ.. ഞാൻ നിമിഷ.. നിന്റെ നിമി.. എന്തു പറയണം എന്ന് അറിയാതെ കുറച്ചു സമയം ഞാൻ നിശ്ചല ആയി നിന്നു...

പത്താം ക്ലാസ് വരെ കൂടെ പഠിച്ച അടുത്തസുഹൃത്.. അച്ഛനും അമ്മയും വിദേശത്ത് ആയതിനാൽ മുത്തശ്ശിക്കൊപ്പം നിന്നു പഠിച്ചവൾ.. സ്കൂളിൽ എന്നും അധ്യാപകർഞങ്ങളെ പരസ്പരം മാറ്റി ഇരുത്തുക ആണ് പതിവ്..'നിങ്ങൾ അടുത്തിരുന്നാൽ ശരിയാവില്ല'. അടുത്ത ദിവസം വീണ്ടും ഞങ്ങൾ ഒരുമിച്ചു.. ബന്ധങ്ങളെ തമ്മിൽ ഊട്ടി ഉറപ്പിക്കുന്ന ചങ്ങല കണ്ണികൾ അന്നില്ലായിരുന്നു. ബന്ധങ്ങളുടെ ഉറവിടം തേടി നടക്കുന്ന പതിവും ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ എൻറെ രക്ഷിതാക്കളും അവളുടെ മുത്തശ്ശിയുമായി യാതൊരു പരിചയവുമില്ലായിരുന്നു. ഞങ്ങളുടെ ബന്ധവും സൗഹൃദവും ഞങ്ങളിൽ മാത്രം ഒതുങ്ങിപ്പോയി..അതിന്റെ ഫലം പരീക്ഷ കഴിഞ്ഞ അന്ന് തന്നെ രക്ഷിതാക്കൾക്കൊപ്പം ലണ്ടനിലേക്ക് പോവേണ്ടി വന്നു അവൾക്കു.. ഒരു യാത്ര പോലും പറയാനാവാതെ..

അപ്രതീക്ഷിതമായൊരു വിടവാങ്ങൽ.. ഓർമകളിൽ നിന്നുംഎന്നെ ഉണർത്തി അവൾ പറഞ്ഞു.. ഞാൻകുറച്ചു മുന്നേ തന്നെ കണ്ടതാ നിന്നെ... വരൂ നമുക്ക് കുറച്ചു മാറി ഇരിക്കാം.. മുത്തശ്ശി അമ്മാവനൊപ്പം ഇവിടെ അടുത്താ താമസിക്കുന്നെ.. ഇവിടൊരു ദേവീ ക്ഷേത്രം ഉണ്ട് അറിയാമോ നിനക്ക്.. രണ്ടു നാൾ മുൻപും ഞാൻ ഇവിടെ വന്നിരുന്നു. മനസ് നിറഞ്ഞു പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യം സാധിക്കും എന്നതാ ഈ ക്ഷേത്രത്തിന്റെ പ്രേത്യേകത.. മുത്തശ്ശി ഇടക്കിടെ അത് പറയുമായിരുന്നു ഇവിടെ വരുമ്പോൾ എന്റെ ഓർമകളിൽ നീയുണ്ടാവും.. പ്രാര്ഥിച്ചിട്ടുണ്ട് ഒന്ന് കാണാൻ സാധിക്കണേ എന്ന്. ഞാൻ വിശ്വസിക്കുന്നു ഇപ്പോൾ..
എന്റെമുൻപിൽഅതും ഈ ദേവീ പരിസരത്ത് തന്നെ നമ്മൾ കണ്ടല്ലോ.അവളുടെ കണ്ണുകൾ നിറഞ്ഞു..നിർത്താതെ അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇടയ്ക്ക് എന്റെ കാര്യങ്ങൾ എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി.ഒന്ന് നിർത്തിയപ്പോൾ ഞാൻ ചോദിച്ചു.'മക്കൾ, ഹസ്ബൻഡ്?..
    
അദ്ദഹം ബിസിനസ് ആണ് മക്കൾ രണ്ടുപേരും ബോര്ഡിങ്ങിൽ.. "ഞങ്ങൾ ഞങ്ങളുടേതായ തിരക്കുകളുടെ ലോകത്തും..നീ എന്താ നിമീ അദ്ദേഹത്തെ കൂടെ കൂട്ടാത്തത്?. പെട്ടെന്ന് ഉള്ള യാത്ര കസിന്റെ വിവാഹത്തിന് കൂടാൻ വന്നതാ.. ഞാൻ നാളെ കഴിഞ്ഞാൽ മടങ്ങിപോവും. തെല്ലു നീരസത്തോടെ ഞാൻ പറഞ്ഞു "നീ മക്കളെ അടുത്ത് നിന്നു മാറ്റിയത് ശരി ആയില്ല. നാളെ നിന്റെ മക്കൾ നിന്നെ മാറ്റി നിർത്തും മക്കൾ വളരേണ്ടത് രക്ഷിതാക്കൾക്കൊപ്പം... അതിനു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.."കേരളത്തിൽ എന്താ വൃദ്ധ സദനങ്ങളുടെ എണ്ണം കുറവാണോ ഇപ്പോൾ"ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾ തന്നെ രക്ഷിതാക്കളെ വലിച്ചെറിയുന്നില്ലേ... പിന്നേ ഭാവിയിൽ സംഭവിക്കാൻ പോവുന്നകാര്യങ്ങൾ മനുഷ്യന് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ പിന്നേ എന്തോരുജീവിതമാ.. ജീവിതത്തിന്റെ ത്രിൽ മറ്റൊന്നും അല്ല അതിന്റെ അപ്രവചനീയത തന്നെയാ"ഞാൻ ഇന്നിൽ ജീവിക്കുന്നു. ഇന്നിന്റെ സന്തോഷം നന്നായി ആസ്വദിക്കുന്നു "..
  
കുറച്ചൊരു മൗനത്തിനുശേഷം ഞാൻ അവളോട്‌ ചോദിച്ചു.. ഭർത്താവും, മക്കളും ഒപ്പം ഇല്ലാതെ എങ്ങനെ നിനക്ക് സന്തോഷമായിരിക്കാൻ കഴിയുന്നു ?. ഞങ്ങളുടെ ജീവിതം അങ്ങനെ ഒക്കെയാ.. പരസ്പരം വിലക്കുകളില്ല.. നിർബന്ധങ്ങളില്ല, തിരക്കിന്റെ ലോകത്തു ബന്ധങ്ങളെ ഞങ്ങൾ ബന്ധനങ്ങൾ ആക്കാറില്ല.. അദ്ദഹത്തിനു ഇഷ്ടം ഉള്ളതുപോലെ അദ്ദഹം ജീവിക്കുന്നു.. ഞങ്ങൾ തമ്മിൽ ഒരു വ്യവസ്ഥകളും ഇല്ല.. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പിണക്കങ്ങളും ഇല്ല... ഞങ്ങൾ എത്രത്തോളം പരസ്പരം മനസിലാക്കിയിട്ടുണ്ട് എന്നും അറിയില്ല...നീമി....
"അധികജീവിതങ്ങളും പരസ്പരം മനസിലാക്കിയിട്ടല്ല. ഒരു അഡ്ജസ്റ്മെന്റ് .. മുന്നോട്ടുപോകാനുള്ള സ്വന്തം കടമകൾക്കും ഉത്തരവാദിത്വങ്ങൾക്കും വേണ്ടിയുള്ള ഒരു അഡ്ജസ്റ്മെന്റ്.. ജീവിതത്തിനു കുറച്ചു വ്യവസ്ഥകൾ ഉണ്ട്. അത് ഒന്നുകിൽ സമൂഹം അടിച്ചേല്പിക്കുന്നതോ അല്ലെങ്കിൽ നമ്മൾ തന്നെ സ്വയം തിരഞ്ഞെടുക്കുന്നതോ ആയിരിക്കും.".
എടോ.... ഞങ്ങളുടെ രീതി നിനക്ക് അറിയില്ലെന്നുണ്ടോ?.. വിവാഹവും,ബന്ധങ്ങളും കുട്ടികളും ഒന്നും ഒരു വ്യക്തിയെയും റെസ്‌ട്രിക്‌ട് ചെയ്യില്ല. ആരുടെയും ലൈഫിൽ അരും ഇടപെടാത്തതുകൊണ്ട് ഈ അഡ്ജസ്റ്മെന്റ് അവിടില്ല.. അങ്ങനെ ആയാൽ നല്ല സുഹൃത്തുക്കളായി പിൻവാങ്ങുക. ആ വേർപിരിയലിൽ മറ്റൊരു ബന്ധം അവർക്കായി കാത്തിരിക്കുന്നുണ്ടാവാം....ആഗ്രഹങ്ങൾ ഒരുപാടുണ്ട്.. നിശ്ചയമില്ലാത്ത ഒന്നിലേയ്ക്ക് വേണ്ടി ആഗ്രഹങ്ങളും മോഹങ്ങളുമായി അങ്ങനെ പിരിയാൻ എനിക്കു താല്പര്യമില്ല .. അതുകൊണ്ട് മാത്രം ഞാൻ എനിക്കു ശെരിയെന്നുതോന്നുന്ന രീതിയിലൂടെ മുന്നോട്ടു പോവുന്നു.. നാളെ ഇല്ലാത്ത ഇന്നിന്റെ സന്തോഷത്തിൽ മുഴുകുന്നു". ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു."നീ കരുതും പോലെ ഒറ്റപ്പെടലിന്റെ വേദന ഞാൻ അറിയുന്നില്ല.. എന്റെ സങ്കടവും, സന്തോഷവും പങ്കുവയ്ക്കാൻ എനിക്കു ഒരു അടുത്ത സുഹൃതുണ്ട്.ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരുപക്ഷെ മറ്റേതു ബന്ധത്തേക്കാളും ഞാൻ പ്രാധാന്യം കൊടുക്കുന്നു..സമനാനുഭവവും ചിന്താഗതിയും ഉള്ളവരാണ് നമ്മൾ .. സ്നേഹത്തിന്റെ ഒരു നിർവചനത്തിലും അതുക്കാൻ പറ്റാത്ത പവിത്രമായ ഒരു ബന്ധം...
    
സമയം വൈകുന്നു എന്ന ഓര്മപെടുതലുമായി അനുജത്തി മുന്നിൽ വന്നു.. ഫോൺ നമ്പർ തന്നു 'വരുന്നുണ്ട് ഞാൻ' എന്ന് പറഞ്ഞു അവൾ പോയതിനു ശേഷവും എന്റെ മനസ് ഇനിയും നിർവചിക്കാൻ കഴിയാത്ത സ്നേഹത്തിന്റെ അർത്ഥം തിരയുക ആയിരുന്നു..മുന്നിൽ അനന്തമായ കടൽ. തീരം തേടിയുള്ള തിരയുടെ യാത്ര. കടലും കരയും തമ്മിൽ പ്രണയമാണോ? അങ്ങനെ വരില്ല എങ്കിൽ അത് ശാശ്വതം ആയി വരില്ല.. തീരത്തേക്ക് പാഞ്ഞടുത്തതിരവീണ്ടും പിറകിലേക്ക് പോവുന്നു.. അതിനേക്കാൾ വേഗതയിൽ കരയോടടുക്കുന്നു.. നീ ഇല്ലെങ്കിൽ ഞാനും. ഞാൻ ഇല്ലെങ്കിൽ നീയും ഇല്ല എന്ന യാഥാർഥ്യത്തോടെ.. വീട്ടിൽ തിരിച്ചെത്തിയിട്ടും എന്റെ മനസ്സിൽ ഒരിക്കലും തിരിച്ചു കിട്ടാത്തൊരു കാലവും സ്നേഹത്തിന്റെ പല മുഖങ്ങളും പുനർജനിക്കആയിരുന്നു..


സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക