Image

അമ്മറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കൈകഴുകി സിപിഎം

ജോബിന്‍സ് Published on 22 October, 2021
അമ്മറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കൈകഴുകി സിപിഎം
സിപിഎം നേതാവിന്റെ കുടുംബത്തില്‍ പെറ്റമ്മയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ശിശുക്ഷേമ സമിതി മുഖാന്തിരം ആന്ധ്രാ സ്വദേശിനികള്‍ക്ക് ദത്ത് നല്‍കിയ സംഭവത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് സിപിഎം പ്രതികരണം. പേരൂര്‍ക്കട സ്വദേശിയായ അനുപമയ്ക്കായിരുന്നു കുട്ടിയെ നഷ്ടപ്പെട്ടത്. 

സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായ പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും അനുപമയ്ക്ക് കുട്ടിയെ തിരികെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അനുപമ നിയമപരമായി നീങ്ങിയാല്‍ പിന്തുണയ്ക്കുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

എസ്ഏഫ്‌ഐയുടെ മുന്‍ നേതാവായിരുന്നു അനുപമ. അനുപമയ്ക്കും ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം
 ഒക്ടോബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. ഈ സമയത്ത് അജിത്ത് വിവാഹിതനായിരുന്നു. ഇതിനാല്‍ മാനഹാനി ഭയന്ന് അനുപമയുടെ വീട്ടുകാര്‍ സഹോദരിയുടെ വിവാഹ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ അനുപമയില്‍ നിന്നും വാങ്ങി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ അജിത്ത് ഇപ്പോള്‍ അനുപമയ്‌ക്കൊപ്പമാണ് താമസം. 

ഇതോടെയാണ് ഇവര്‍ കുട്ടിയെ തിരികെ ആവശ്യപ്പെട്ടത്. കുട്ടിയെ ആവശ്യപ്പെട്ട് സിപിഎമ്മിനും മുഖ്യമന്ത്രിക്കും ശിശുക്ഷേമ സമിതിക്കും പരാതി നല്‍കിയിട്ടും കുടുംബത്തിന്റെ പാര്‍ട്ടി ബന്ധം മൂലം ആരും പരാതി പരിഗണിച്ചില്ല. ഇപ്പോള്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് അനുപമ. 

കുട്ടിയെ ദത്തു നല്‍കാന്‍ വ്യാജരേഖകളാണ് തയ്യാറാക്കിയതെന്നാണ് വിവരം. കുട്ടിയുടെ അമ്മ നേരിട്ട് ഹാജരായി പരാതി നല്‍കാത്തതിനാലാണ് കുട്ടിയെ കൈമാറിയതെന്ന് ശിശുക്ഷേമ സമിതി പറയുന്നു എന്നാല്‍ കോവിഡായതിനാല്‍ തന്നോട് നേരിട്ട് വരേണ്ടെന്ന് പറഞ്ഞെന്നാണ് അനുപമയുടെ വാദം. 

കുട്ടിയുടെ അമ്മ ജീവിച്ചിരിക്കുമ്പോള്‍ അ്മ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദരും അഭിപ്രായപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക