Image

ദത്ത് നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല; വിശദീകരണവുമായി ശിശുക്ഷേമ സമിതി

Published on 22 October, 2021
ദത്ത് നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല; വിശദീകരണവുമായി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ശിശുക്ഷേമ സമിതി. ഒക്ടോബര്‍ 22,23 തീയതികളില്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി വ്യക്തമാക്കിയ ശിശു ക്ഷേമ സമിതി, എന്നാല്‍ ദത്ത് നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അറിയിച്ചു. പൊലീസിന് നല്‍കിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം

.ഇതിനിടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അതേസമയം, പെറ്റമ്മയുടെ സമ്മതമില്ലാതെ സിപിഎം നേതാവ് കുഞ്ഞിനെ ദത്തുകൊടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാര്‍ട്ടിയും രംഗത്ത് എത്തി. കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് തിരിച്ചുകിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്, എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ഇത്തരം പരാതി വന്നതിന് പിന്നാലെ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്‌ വിഷയം ചര്‍ച്ച ചെയ്തു. അനുപമയുടെ അച്ഛനെ വിളിച്ച്‌ സംസാരിച്ചിരുന്നു. അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ ചൂണ്ടിക്കാട്ടി. കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന അജിത്തും അനുമപയും സ്നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച്‌ മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പോലീസ് മുതല്‍ മുഖ്യമന്ത്രിക്കും സി.പി.എം. നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത്, അനുപമയ്ക്ക് കുട്ടിയുണ്ടായശേഷം ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടി. തുടര്‍ന്നാണ് ഇരുവരും പരാതി കൊടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക