Image

പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യമാണ് വെളിപ്പെട്ടതെന്ന് മോദി

Published on 22 October, 2021
 പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യമാണ് വെളിപ്പെട്ടതെന്ന്  മോദി
ന്യൂഡല്‍ഹി:  100 കോടി ഡോസ് വാക്‌സിനെന്നത് വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 100 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

രാജ്യത്ത് കോവിഡിനിടെ പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യമാണ് വെളിപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോവിഡ് പ്രതിരോധത്തിന്റെ ആദ്യപടി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ദീപം തെളിയിക്കാനും പാത്രം കൊട്ടാനും ആവശ്യപ്പെട്ടത്. എന്നാല്‍, ചില ആളുകള്‍ ഇതിനെ ചോദ്യം ചെയ്തു. ഇത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമോയെന്നതായിരുന്നു അവരുടെ ചോദ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020 മാര്‍ച്ച് 22ന് ജനത കര്‍ഫ്യുവിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പാത്രം കൊട്ടാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ദീപം തെളിയിക്കാനും അഭ്യര്‍ഥിച്ചു. ഇതിനെതിരെ വലിയ പ്രതികരണങ്ങളാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ട്രോളുകളിലും പ്രധാനമന്ത്രിയുടെ ആഹ്വാനം നിറഞ്ഞു നിന്നിരുന്നു.


ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ് ഈ വിജയം. നേട്ടത്തിന് ഇന്ത്യയിലെ എല്ലാ പൗരന്‍മാരേയും അഭിനന്ദിക്കുകയാണ്. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ഇപ്പോള്‍ ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ വാക്‌സിനേഷന്‍ കാമ്പയിന്‍. വാക്‌സിനേഷന്‍ പദ്ധതിയില്‍ വി.ഐ.പി സംസ്‌കാരം ഒഴിവാക്കാന്‍ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വാക്‌സിനേഷന്‍ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക