Image

താന്‍ ആര്യന് മയക്കുമരുന്ന് നല്‍കിയിട്ടില്ലെന്ന് നടി അനന്യ

Published on 22 October, 2021
 താന്‍ ആര്യന് മയക്കുമരുന്ന് നല്‍കിയിട്ടില്ലെന്ന് നടി അനന്യ
മുംബൈ: താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് നടി അനന്യ പാണ്ഡെ. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഞ്ചാവ് സംബന്ധിച്ച വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ അനന്യ പാണ്ഡെയില്‍നിന്ന് ഇന്ന് പ്രധാനമായും ചോദിച്ചറിയാന്‍ ശ്രമിച്ചതെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-19 കാലഘട്ടത്തില്‍ ആര്യന് മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പര്‍ നല്‍കി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലില്‍ നിന്ന് വീണ്ടെടുത്ത ചാറ്റുകള്‍ വെളിപ്പെടുത്തുന്നുവെന്ന് എന്‍സിബി വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ അനന്യ നിഷേധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞതായും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വാട്ട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക