Image

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

Published on 23 October, 2021
ഇന്ത്യൻ വംശജ നീര  ടണ്ഠൻ   ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി
വാഷിംഗ്ടൺ: ഇന്ത്യൻ വംശജ നീര ടണ്ഠൻ, പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി ആകുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയിൻ അറിയിച്ചു. 

ജെസീക്ക ഹെർട്സിന്റെ പകരക്കാരിയായാണ് ടണ്ഠൻ എത്തുന്നത്. തിങ്കളാഴ്ച തന്നെ ടണ്ഠൻ സ്ഥാനമേറ്റെടുക്കും. പ്രസ്തുത പദവിയിലെത്തുന്ന ആദ്യ നോൺ-വൈറ്റ് ആയിരിക്കും ടണ്ഠൻ.

കഴിഞ്ഞ മേയ് മുതൽ ബൈഡന്റെ സീനിയർ അഡ്വൈസർ സ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ടണ്ഠന് ഇനിമുതൽ കൂടുതൽ വിഷയങ്ങളിൽ ബൈഡന് ഉപദേശം നൽകാനാകും.

സർക്കാർ തലത്തിൽ ഉയർന്ന പദവികളിലേക്ക് എത്തുന്നതിന്റെ ചവിട്ടുപടിയായാണ് സ്റ്റാഫ് സെക്രട്ടറി തസ്തിക വിലയിരുത്തപ്പെടുന്നത്. മുൻ വൈറ്റ് ഹൌസ് കോൺസൽ ഹരിയേറ്റ് മയേഴ്സ്, സുപ്രീം കോർട്ട് ജസ്റ്റിസ് ബ്രെറ്റ് കവനോ, മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫും ടണ്ഠന്റെ വഴികാട്ടിയുമായ ജോൺ പോഡെസ്റ്റയുമെല്ലാം മുൻപ്  ഈ സ്ഥാനം വഹിച്ചവരാണ്.

ഹിലരി ക്ലിന്റന്റെയും ബറാക്ക് ഒബാമയുടെയും പ്രസിഡൻഷ്യൽ ക്യാമ്പയ്‌നിൽ സജീവമായി പ്രവർത്തിച്ചിരുന്ന ടണ്ഠനെ, ക്യാബിനറ്റ്  അംഗവും  ബജറ്റ് ഡയറക്ടറുമായി  കഴിഞ്ഞ വർഷം ബൈഡൻ നാമനിർദ്ദേശം ചെയ്തിരുന്നെങ്കിലും സെനറ്റിന്റെ അംഗീകാരം ലഭിക്കില്ലെന്ന സാഹചര്യത്തിൽ അത് പിൻവലിക്കുകയായിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക