Image

ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിച്ചുയരുന്നു, പ്രതിദിനം അമ്പതിനായിരത്തിലേറെ രോഗികള്‍

Published on 23 October, 2021
ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിച്ചുയരുന്നു, പ്രതിദിനം അമ്പതിനായിരത്തിലേറെ രോഗികള്‍
ലണ്ടന്‍ : മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടനില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിനം അമ്പതിനായിരവും കടന്ന് കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ മരണനിരക്ക് താഴ്ന്നു നില്‍ക്കുന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ തണുപ്പുകാലം ശക്തിപ്രാപിക്കുന്നതോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഒരുലക്ഷത്തിനു മുകളിലെത്തുമെന്നാണ് വിദഗ്ധരുടെയും ഹെല്‍ത്ത് സെക്രട്ടറിയുടെയും വെളിപ്പെടുത്തല്‍. ഇതോടെ സ്വാഭാവികമായും മരണനിരക്കും ഉയരുമെന്ന് ഉറപ്പാണ്.

52,009 കോവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 115ഉം. ജൂലൈ 17നുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗവ്യാപന നിരക്കാണിത്. ഈ കണക്ക് ആശങ്കയേറ്റുന്നതാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുന്നുണ്ട്.

ബൂസ്റ്റര്‍ ഡോസിനു യോഗ്യരായവര്‍ ഒട്ടും താമസിയാതെ അത് ബുക്കുചെയ്ത് മൂന്നാം ഡോസ് വാക്‌സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഇന്നലെയും അഭ്യര്‍ഥിച്ചു ഇതോടൊപ്പം ഫെയ്‌സ് മാസ്‌ക് ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

വാക്‌സിനേഷനിലൂടെയും ചൂടുകാലാവസ്ഥ നല്‍കിയ ഉണര്‍വിലൂടെയും കോവിഡിനെ ഒരുവിധം വരുതിയിലാക്കിയ ബ്രിട്ടനില്‍ പക്ഷേ, തണുപ്പുകാലത്തിന്റെ തുടക്കത്തില്‍തന്നെ കോവിഡ് വീണ്ടും ആഞ്ഞടിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

രണ്ടുഡോസ് വാക്‌സീന്‍ സ്വീകരിച്ച് ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ നല്‍കി തണുപ്പുകാലത്തെ ഭീഷണിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതോടൊപ്പം പന്ത്രണ്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കി കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക