Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തി, തുറക്കലിനു മുന്നോടിയായുള്ള ആദ്യ അറിയിപ്പ്

Published on 23 October, 2021
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തി, തുറക്കലിനു മുന്നോടിയായുള്ള ആദ്യ അറിയിപ്പ്
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136 അടിയായതായി തമിഴ്‌നാടിന്റെ ആദ്യ അറിയിപ്പ് കേരളത്തിന് ലഭിച്ചു. ഇന്ന് വൈകിട്ട് 6ന് ആണ് ജലനിരപ്പ് 136 അടിയിലെത്തിയത്. 138 അടിയില്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രത നിര്‍ദേശവും തമിഴ്‌നാട് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്.

അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക