Image

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

Published on 24 October, 2021
കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)
കേരളത്തിലെ സാഹിത്യ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ഇടയിലായിരുന്നു എൻ്റെ ചെറുപ്പകാലം. കോട്ടയത്ത് സായാഹ്ന ദിനപ്പത്രമായി ആയിരത്തിത്തൊള്ളായിരത്തി അൻപതുകളുകിൽ 
എൻ്റെ അപ്പൻ അനിയൻ അത്തിക്കയം
ആരംഭിച്ച പൗരധ്വനി പിന്നീട് പ്രഭാത ദിനപ്പത്രമായി.
പൗരധ്വനി സചിത്ര വാരികയിൽ അന്ന് പ്രമുഖ എഴുത്തുകാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു.

അക്കാലത്താണ് കോട്ടയം പുഷ്പനാഥിനെ ഞാൻ ആദ്യമായി കണ്ടത്, പിൽക്കാലത്ത് ഞങ്ങൾ രണ്ടു പേർക്കും ഏറെ ചിരിക്ക് വക നൽകിയിട്ടുണ്ട് ആ കൂടിക്കാഴ്ച.
ഞാനന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. 
ഡ്രാക്കുളക്കോട്ട എന്ന പുഷ്പനാഥിൻ്റെ നോവൽ പൗരധ്വനി വാരികയിൽ  പ്രസിദ്ധീകരിക്കുന്ന സമയം. 
അതേ വരെ പുഷ്പനാഥിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. 
വാരികയുടെ പുതിയ ലക്കത്തിൽ അച്ചടിച്ചു
വന്ന, ഡ്രാക്കുളക്കോട്ട നോവൽ ഞാൻ രാത്രിയിൽ 
ഇരുന്ന് വായിക്കുകയാണ്.
 
ഡിക്റ്റിറ്റീവ് മാർക്സിൻ കാർപാത്യൻ മലനിരകളുടെ
മുകളിൽ തലയുയർത്തി നിൽക്കുന്ന ഡ്രാക്കുളക്കോട്ടയെ
താഴ്‌വാരത്തിലെ സത്രത്തിൽ നിന്ന് വീക്ഷിച്ചു കൊണ്ട്
ഒരു ഹാഫ് എ കെറോണ സിഗാർ ചുണ്ടിൽ വെച്ച് കത്തിച്ചു.
അകലെയല്ലാതെ ചെന്നായ്ക്കളുടെ ഓലിയിടൽ
ഇടക്കിടെ താഴ്‌വാരങ്ങളിൽ മുഴങ്ങുന്നുണ്ട്. 
പെട്ടെന്ന് മല മുകളിലൂടെ ഒരു പ്രകാശം
സഞ്ചരിക്കുന്നത് മാർക്സിൻ കണ്ടു. 
അത് മുകളിൽ നിന്നും താഴേക്ക് വരുകയാണ്.
അതെന്തായിരിക്കും എന്ന് ചിന്തിച്ചുകൊണ്ട് 
ഇരിക്കുമ്പോൾ സത്രത്തിൻ്റെ കാവൽക്കാരൻ വന്നു പറഞ്ഞു.
"വിശപ്പടക്കാൻ കുറച്ച് റൊട്ടിയും, ഉണങ്ങിയ ഇറച്ചിയുമുണ്ട്.."
തണുപ്പിനെ ചെറുക്കാനായി അയാൾ
കമ്പിളി ഉടുപ്പ് ഇട്ടിരുന്നു, തലയിൽ ഒരു
കൂമ്പൻ തൊപ്പിയും.
ഭക്ഷണം കഴിക്കുമ്പോൾ അയാൾ 
മാർക്സിനോടായി പറഞ്ഞു.
"ഈ അസമയത്ത് ആ കോട്ടയിലേക്ക് ആരും
യാത്ര ചെയ്യാറില്ല.., അപകടമാണത്."
"എനിക്ക് ഇന്നവിടെ പോകണം" മാർക്സിൻ
റൊട്ടിയുടെ ഒരു കഷണം കഴിച്ചുകൊണ്ട് പറഞ്ഞു.
"പകൽ സമയത്ത് ആടുകളെ മേയിക്കുന്നവർ
പോലും ആ വഴിയേ പോകാറില്ല, പിന്നെയാണ്
ഈ രാത്രിയിൽ.." നിഗൂഡമായ ഒരു ചിരി അയാളുടെ
ചുണ്ടിൽ നിറഞ്ഞത് മാർക്സിൻ ശ്രദ്ധിച്ചു.
പെട്ടെന്ന് ഒരു കുതിര വണ്ടി സത്രത്തിൻ്റെ
മുന്നിൽ വന്നു നിൽക്കുന്ന ശബ്ദം കേട്ട്
മാർക്സിൻ പുറത്തേക്കിറങ്ങി.
പുറത്ത് രണ്ടു കറുത്ത കുതിരകളെ പൂട്ടിയ ഒരു
വണ്ടി നിന്നിരുന്നു. ആ കുതിര വണ്ടി ഓടിക്കാനായി
ആളുണ്ടായിരുന്നില്ല എന്നത് മാർക്സിൻ
ആശ്ചര്യത്തോടെ മനസ്സിലാക്കി.
ആ വണ്ടിയുടെ അടിയിൽ തൂക്കിയിട്ടിരിക്കുന്ന നീണ്ട
ചതുരാകൃതിയിലുള്ള വിളക്ക്  മാർക്സിൻ
ശ്രദ്ധിച്ചു. കുറച്ച് മുൻപേ കാർപാത്യൻ മലനിരകളിലൂടെ
നീങ്ങിയ വെളിച്ചത്തിന്റെ രഹസ്യം അപ്പോഴാണ്
മാർക്സിന് മനസ്സിലായത്.
തന്നെ ഡ്രാക്കുളക്കോട്ടയിലേക്ക് കൊണ്ടു
പോകാനായി കോട്ടയിൽ നിന്നും അയച്ചതാവും ഈ വണ്ടി.
പക്ഷേ ആര്? 
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാർക്സിൻ്റെ 
മനസ്സിലൂടെ കടന്നു പോയി. 
പാറക്കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ  
ആടിയുലഞ്ഞ് ആ വണ്ടി മാർക്സിനെയും 
വഹിച്ചു കൊണ്ട് ഓടിക്കൊണ്ടിരുന്നു.
വളരെ അടുത്തു നിന്ന് ചെന്നായ്ക്കൾ
ഇടതടവില്ലാതെ ഓരിയിടുന്നുണ്ട്.
ഇരുട്ടിനെ വകഞ്ഞ് മാറ്റിക്കൊണ്ട് ആ വണ്ടി 
ഏറെദൂരം ഓടി അവസാനം ഡ്രാക്കുളക്കോട്ടയുടെ
മുന്നിൽ  നിന്നു. വണ്ടിയിൽ നിന്നും മാർക്സിൻ
ഇറങ്ങിയ ഉടൻ കുതിരകൾ മുൻ കാലുകളുയർത്തി
ഭയപ്പാടോടെ കരഞ്ഞുകൊണ്ട് വന്ന വഴിയിലൂടെ
തിരികെ പോയി. ഡ്രാക്കുളക്കോട്ടയുടെ പ്രധാന വാതിലിലേക്ക് 
മാർക്സിൻ നടന്നടുത്തു. 
അകത്ത് മങ്ങിക്കത്തുന്ന വെളിച്ചം ജനലിലൂടെ
അരിച്ച് പുറത്തേക്കെത്തുന്നുണ്ട്. 
വീതി കൂടിയ മരപ്പലകൾ ചേർത്ത് വെച്ചുണ്ടാക്കിയ 
ആ  വലിയ വാതിൽ ശക്തമായി മാർക്സിൻ 
അകത്തേക്ക് തള്ളി. 
വലിയ ഒരു  ഞരക്കത്തോടെ ആ വാതിൽ തുറന്നു.
പൊടുന്നനേ നൂറുകണക്കിന് നരിച്ചീറുകൾ, ചിറകടിശബ്ദം
 പുറപ്പെടുവിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയർന്നു.
അകത്ത് ഒരു ചെറിയ വിളക്ക് എരിയുന്നുണ്ട്. 
അവിടെ നീളൻ കുപ്പായമിട്ട ഒരാൾ പുറം തിരിഞ്ഞ് നിന്നിരുന്നു. 
അയാളുടെ നീണ്ട മുടി തോളറ്റം വരെ പരന്നു കിടന്നിരുന്നു.  
പെട്ടെന്ന് ആ രൂപം മാർക്സിൻ്റെ നേരെ തിരിഞ്ഞു. മാർക്സിൻ ഞെട്ടിപ്പോയി.

ഈ സമയം വീടിന് പുറത്ത് ഒരു കാർ വന്നു നിന്നിട്ട്
ഡോറടയുന്ന ശബ്ദം കേട്ട് ഞാൻ വായന നിർത്തി,
പുറത്തേക്കുള്ള വാതിൽ തുറന്ന് വരാന്തയിലെത്തി.
മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു മനുഷ്യ രൂപം 
നിൽക്കുന്നതു  കണ്ട്  ഞാനൊന്നു ഞെട്ടി.
നീളൻ കുപ്പായമിട്ട ഉയരം കൂടിയ ഒരാൾ 
ഇരുട്ടിൽ മാവിൻ ചുവട്ടിൽ തിരിഞ്ഞു നിൽക്കുന്നു.
തോളറ്റം നീണ്ടു കിടക്കുന്ന അയാളുടെ മുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്.  
പൊടുന്നനെ അയാളെന്നെ തിരിഞ്ഞു നോക്കി. 
ഞാൻ ഞെട്ടിപ്പോയി.
"അയ്യോ.. എൻ്റമ്മോ..." ഞാൻ ഒരൊറ്റ കുതിപ്പിന് 
അകത്തു കയറി വാതിൽ വലിച്ചടച്ച്,കട്ടിലിൽ 
കയറി കിടന്നിട്ട് തലവഴി പുതപ്പ് ഇട്ട് മൂടി.

പിറ്റേന്ന് കാലത്ത് വരാന്തയിൽ കാപ്പി കുടിച്ചിരിക്കുന്ന 
ആ മനുഷ്യനെ ഭയപ്പാടോടെ ഞാൻ നോക്കി.
തലേന്ന് രാത്രി എന്നെ പേടിപ്പിച്ച ആള്.
അപ്പോൾ അപ്പൻ അങ്ങോരെ എനിക്ക്
പരിചയപ്പെടുത്തി.
"ഇതാണ് കോട്ടയം പുഷ്പനാഥ്, ഇന്നലെ രാത്രി
ഞങ്ങൾ ഒരുമിച്ചാണ് എത്തിയത്.."
"രാത്രി എന്നെ കണ്ട് കൊച്ച് പേടിച്ചാർന്നോ.."
ചിരിച്ചുകൊണ്ട് പുഷ്പനാഥ് എന്നോട് ചോദിച്ചു.
ജാള്യത മറച്ച്, ചിരിച്ചു കൊണ്ട് ഞാൻ
അപ്പോൾ അകത്തേക്ക് ഓടി.
കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക