ആഡംബര കപ്പിലിലെ ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സമീര്‍ വാങ്കഡെ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
പേരു വെളിപ്പെടുത്താത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന് എഴുതിയ കത്ത് മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കാണ് പുറത്തു വിട്ടത്. നടി ദീപിക പദുകോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്ജുന് രാംപാല്‍ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാന് മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്.
ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരില്‍ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങള്‍ കത്തില്‍ പറയുന്നു. സമീര്‍ വാങ്കഡെയ്ക്കൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് എന്ന പേരിലാണ് കത്ത്. കത്ത് എന്‍സിബി തലവന്‍ കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.
ആര്യന് ഖാന് കേസില്‍ സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചതായി കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തില്‍ തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട്് സമീര്‍ വാങ്കഡെ മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.