Image

കുര്‍ബാനക്രമം ഏകീകരണം: സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് എറണാകുളം വൈദിക കൂട്ടായ്മ

Published on 26 October, 2021
കുര്‍ബാനക്രമം ഏകീകരണം: സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് എറണാകുളം വൈദിക കൂട്ടായ്മ


കൊച്ചി: ജനാഭിമുഖ കുര്‍ബാനയ്ക്ക് വിരുദ്ധമായ സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത വൈദിക കൂട്ടായ്മ പ്രമേയം. കലൂര്‍ റിന്യുവല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതയിലെ വൈദികരുടെ മഹാസമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ദൈവജനത്തോട് ആലോചിക്കാതെ ഏകപക്ഷീയമായി പാസാക്കിയ തീരുമാനം അംഗീകരിക്കാന്‍ തയ്യാറല്ല. രണ്ടാം വത്തിക്കാന്‍ സാര്‍വത്രിക സൂനഹദോസ് ആരാധനക്രമ പരിഷ്‌കരണത്തില്‍ ഐക്യരൂപ്യം സത്തയില്‍ മാത്രം മതിയെന്നും വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യത്തില്‍ കര്‍ക്കശമായ ഐക്യരൂപ്യം അടിച്ചേല്പിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അതിരൂപതയിലെ ഇടവകകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കുന്ന ഇപ്പോഴത്തെ തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവുമാണ്.

കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി അര്‍പ്പിക്കുന്ന ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സീറോ മലബാര്‍ സിനഡ് അടിയന്തരമായി വിളിച്ചുകൂട്ടണം. അല്ലെങ്കില്‍ കാനോന്‍ നിയമം പ്രകാരം 30 വര്‍ഷമായി തുടരുന്ന ഒരു പാരമ്പര്യം ഔദ്യോഗികമായി സ്വീകരിക്കാന്‍ അതിരൂപതയ്ക്ക് സിനഡ് അനുമതി നല്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

വിശ്വാസികളോട് ആലോചിച്ച് തീരുമാനിച്ച കുര്‍ബാനയുടെ പരിഷ്‌കരിച്ച ടെക്സ്റ്റിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ യാതൊരു കാരണവശാലും ഇപ്പോള്‍ ചൊല്ലിവരുന്ന ജനഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ അതിരൂപതയിലെ വൈദികരുടെയും അല്മായരുടെയും തീരുമാനം വത്തിക്കാനെ അറിയിച്ചിട്ടുണ്ടെങ്കിലും അതിനു വിരുദ്ധമായി മേജര്‍ ആര്‍ച്ച്ബിഷപും സിറോ മലബാര്‍ മെത്രാന്‍ സിനഡും അടിച്ചേല്‍പ്പിക്കുന്ന തീരുമാനം അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുക്കുമെന്നും അതിരൂപത വൈദിക കൂട്ടായ്മയ്ക്ക് വേണ്ടി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.





Join WhatsApp News
Mr Catholic 2021-10-26 22:44:50
Syro Bishops are of lies and deception.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക