Image

അന്നമ്മ (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 27 October, 2021
അന്നമ്മ (ചെറുകഥ: ദീപ ബിബീഷ് നായർ)
"നിങ്ങളീ പത്രവും പിടിച്ചു കൊണ്ടിരുന്നോ, ഇന്നലെ എത്ര മണിക്കാ മോൻ രാത്രി വീട്ടിലെത്തിയതെന്ന് അറിയാമോ? അതെങ്ങനാ ചെന്ന് കിടക്കും മുന്നേ കൂർക്കം വലിയല്ലേ".... ജോർജ് പത്രത്തിൽ നിന്ന് മുഖമുയർത്തി അന്നമ്മയെ ഒന്നു നോക്കിയതിന് ശേഷം വീണ്ടും പത്രവായന തുടർന്നു. ഇതുകണ്ട അന്നമ്മയ്ക്ക് കലി കയറി.

"എൻ്റെ മാതാവേ, ഞാനാരോടായീ പറയുന്നെ? മോളിതുവരെ ഉണർന്നിട്ടില്ല, പാതിരാത്രി വരെ ഫോണും കുത്തിപ്പിടിച്ചു കൊണ്ട് ഇരിക്കുന്നത് കാണാം, നോട്സോ, അസൈൻമെൻ്റോ എന്തൊരു കുന്തമാണെന്ന് ഈശോയ്ക്കറിയാം." അവർ ഇതും പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.  ഇതു കേട്ടും കൊണ്ടാണ് മോൾ ഉറക്കമുണർന്ന് വന്നത്..പപ്പാ, ഈ മമ്മയോട് മിണ്ടാതിരിക്കാൻ പറയ്, നേരം വെളുക്കുമ്പോ തുടങ്ങും, ഇവിടെ ചെവിയും കണ്ണും കേൾക്കണ്ട... ഇതും പറഞ്ഞ് വന്ന് പപ്പയുടെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു ... ഇതൊക്കെ കേട്ട് ചിരിച്ചതല്ലാതെ അദ്ദേഹം ഒന്നും മിണ്ടിയില്ല.

അന്നമ്മക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല. തൻ്റെ ദേഷ്യം മുഴുവൻ അവൾ അടുക്കളയിലെ പാത്രങ്ങളോട് തീർത്തു, റെഡിയാക്കി വച്ച കാപ്പി ടൈനിംഗ് ടേബിളിൽ കൊണ്ടു വച്ചിട്ട് അന്നമ്മ പറഞ്ഞു, "കഴിക്കാറായെങ്കിൽ വാ അപ്പനും മക്കളും, എനിക്ക് വേറെ പണിയുണ്ട്. "

പെട്ടെന്ന് മോൾ "ഈശോയേ ", എന്നും വിളിച്ചു കൊണ്ട് റൂമിലേക്ക് ഓടി, "എന്നാ പറ്റിയെടീ "എന്നും ചോദിച്ചു കൊണ്ട് അന്നമ്മ പുറകേ ചെന്നു, "അയ്യോ ഒന്നും പറ്റിയില്ല, ഇന്ന് 9 മണിക്ക് പ്രാക്ടിക്കൽ ഉള്ളതാ" ഇതും പറഞ്ഞ് റൂമിൽ കയറി വാതിലടച്ചു. അന്നമ്മ വാച്ചിൽ നോക്കി, ഇനി കെട്ടിലമ്മ റെഡിയായി വരുമ്പോ കാപ്പി കുടിക്കാൻ നേരമുണ്ടാകില്ല, എന്നത്തേയും പോലെ.

"ഞാനെന്തിനാ ഇങ്ങനെ രാവിലെ എണീറ്റ് കഷ്ടപ്പെടുന്നത്, മുട്ടുവേദനയും, നടുവേദനയും തമ്മിൽ ചിലപ്പോ മത്സരമാണെന്ന് തോന്നും ", ഇതും പറഞ്ഞു കൊണ്ട് അവർ തളർന്ന് സോഫയിലിരുന്നു.

അപ്പോഴേക്കും അച്ചായൻ കാപ്പി കുടിക്കാനെത്തി. ഇടിയപ്പവും ഗ്രീൻപീൻസ് കറിയും, അച്ചായൻ്റെ ഇഷ്ടപ്രാതലായിരുന്നു അന്ന്. അദ്ദേഹത്തിനോട് അന്നമ്മ പറഞ്ഞു, "നിങ്ങൾ ഒന്നു മക്കളെ ഉപദേശിക്കാത്തത് എന്താ ", അദ്ദേഹം സൗമ്യനായി പറഞ്ഞു, "അവർ കൊച്ചു കുട്ടികളല്ലല്ലോ, ഇരുപതും പതിനെട്ടുമായില്ലേ, അവർക്കറിയാം, എന്നാ വേണ്ടതെന്ന്, നീ വെറുതേ bp കൂട്ടണ്ട..
അപ്പോഴേക്കും മോൾടെ വിളി വന്നു, "മമ്മാ ആ Mask എവിടെ, എൻ്റെ കർച്ചീഫും? ", എത്ര പറഞ്ഞാലും ഒരു സാധനം നോക്കിയെടുത്തു വയ്ക്കില്ല, ഇങ്ങനൊരു കൊച്ച്. ഇതും പറഞ്ഞ് അന്നമ്മ റൂമിലെത്തി, ഒക്കെയെടുത്ത് കൈയിൽ കൊടുത്തു.
"മോളെ, കാപ്പി കുടിച്ചിട്ട് പോ നീ ", "ഇല്ല മമ്മാ already late ആയി, വന്നിട്ട് കഴിക്കാം". "എപ്പഴാ വരുന്നെ", " ഇന്ന് നേരത്തെ, 3 മണിയാകുമ്പോ വരും, " "എന്നാ ടിഫിൻ കൊണ്ടുപോ", "അവിടെ സമയം കിട്ടില്ല മമ്മാ, "

"നില്ല്, ഈ പാലെങ്കിലും കുടിച്ചു കൊണ്ട് പോ "എന്നും പറഞ്ഞ് അന്നമ്മ ഓടി അടുക്കളയിലെത്തി ഒരു ഗ്ലാസ് പാലുമായി വന്നു, അത് പകുതി കുടിച്ച് മമ്മക്ക് ഒരു മുത്തവും, പപ്പയ്ക്ക് മൂന്ന് മുത്തവും നൽകി അവൾ ഓടിയിറങ്ങിപ്പോയി.

അന്നമ്മ കുറച്ച് നേരം വഴിയിലേക്ക് നോക്കി നിന്നിട്ട് തിരികെ കയറി വന്നു, അപ്പോഴേക്കും അച്ചായൻ കഴിച്ചിട്ട് എഴുന്നേറ്റു, "വേഗം കടയിലെത്തണം".
സ്വന്തമായിട്ടുള്ള Furniture കടയിൽ പോകുന്ന കാര്യമാണ് അച്ചായൻ പറയുന്നത്.

അന്നമ്മ അച്ചായനോടായി പറഞ്ഞു ഞാനൊരു കാര്യം പറയട്ടെ, "പണ്ടത്തെപ്പോലൊന്നുമല്ല, കുട്ടികൾക്ക് അവരുടെ ജീവിതമായിക്കഴിയുമ്പോ പിന്നെ നമ്മളെയൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയെന്നു വരില്ല, അവർക്ക് നമ്മളായിട്ട് ഒരു ബാധ്യത ആകരുത്. ഇപ്പഴേ വല്ല നല്ല ശരണാലയത്തിലും ബുക്ക് ചെയ്ത് വയ്ക്കണം. അവിടെ ഒരേ പ്രായത്തിലുള്ള ആൾക്കാരാകുമ്പോൾ വിഷമമൊക്കെ ഉണ്ടെങ്കിലും പരസ്പരം പറഞ്ഞും, കണ്ടും സമയം പോക്കാം. ഒരു തുക അതിനായിട്ട് മാറ്റി വയ്ക്കാൻ മറക്കരുത്."

അച്ചായൻ പറഞ്ഞു നീ എന്തൊക്കെയാ ഈ പറയുന്നത്, അവർ നമ്മുടെ മക്കളല്ലേ, നമ്മളെ നോക്കില്ലേ? നീ വേണ്ടാത്ത കാര്യങ്ങളേ ആലോചിക്കൂ അല്ലേ, ഇതും പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടു........... അന്നമ്മയുടെ കണ്ണു നിറഞ്ഞു, അവൾ പിൻതിരിഞ്ഞു അടുക്കളയിലേക്ക് നടന്നു..

എടീ അന്നാമ്മേ, അച്ചായൻ നീട്ടി വിളിച്ചു, അവൾ വിളി കേട്ടില്ല... വീണ്ടും വീണ്ടും വിളിക്കുകയാണ്.... അവളെ കാണുന്നില്ല.
പെട്ടെന്ന് അച്ചായൻ കണ്ണു തുറന്നു, ....,,

ചുമരിലെ അന്നമ്മയുടെ ചിത്രത്തിലേക്ക് നോക്കിയപ്പോൾ അറിയാതെ അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു... ഓരോ സംഭവങ്ങളും ഓർമ്മ വരികയാണ്. ഇന്നീ വീട്ടിൽ ഒച്ചവച്ച് ഓടി നടക്കാൻ അവളില്ല. അവൾ പറഞ്ഞതു പോലെ മോനും മോളും രണ്ട് സ്ഥലത്തായി. മക്കൾക്ക് അവരുടേതായ ജീവിതമുണ്ടല്ലോ, അവർ വിളിക്കാഞ്ഞിട്ടല്ല, അന്നമ്മയുടെ സാന്നിദ്ധ്യമുള്ള ഇവിടം വിട്ട് ദുബായിലും, അമേരിക്കയിലുമൊന്നും പോകാൻ തനിക്ക് കഴിയില്ല, അതു കൊണ്ട് തന്നെ...

അദ്ദേഹം അന്നമ്മയുടെ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് തന്നെ വീണ്ടും ആ ചാരുകസേരയിൽ ഒന്നമർന്ന് കിടന്നു, വീണ്ടും ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ അന്നമ്മയോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ആ മനുഷ്യൻ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക