Image

മാടൻ (കഥ-ഡോളി തോമസ് കണ്ണൂർ)

Published on 27 October, 2021
മാടൻ (കഥ-ഡോളി തോമസ് കണ്ണൂർ)
ഔസേപ്പ് ചേട്ടനും കുഞ്ഞേല്യമ്മയും ഒന്നും രണ്ടും പറഞ്ഞു തെറ്റി.  പറഞ്ഞുപറഞ്ഞു ഔസേപ്പിനു കലി കയറി.  കുഞ്ഞേല്യമ്മയെ എടുത്തിട്ട് ഇടിച്ചു.  

"ആഹാ...അത്രക്കായോ..ഇപ്പക്കാണിച്ചു തരാം.."

കുഞ്ഞേല്യ ഒട്ടും മടിച്ചില്ല.  സന്ധ്യാപ്രാർത്ഥനക്കായി എടുത്തു വെച്ച നിത്യാരാധന പുസ്തകം എടുത്തു കക്ഷത്തിൽ വെച്ചു.  അഴയിൽ കിടന്ന കുറിയത് എടുത്തു തോളത്തിട്ടു.  

"ഹും..നിങ്ങൾ എന്നെ ഇടിച്ചു അല്ലെ..?  ഇനി ഞാൻ ഇവിടെ നിൽക്കില്ല"..

കുഞ്ഞേല്യ അഞ്ച് ആങ്ങളമാരുടെ പുന്നാരപെങ്ങൾ..
14 വയസ്സിൽ 16 വയസ്സുള്ള ഔസേപ്പിനെക്കൊണ്ടു കെട്ടിച്ചു.  അന്നൊക്കെ അങ്ങനെയാണ്..
അതും കഴിഞ്ഞു ഔസേപ്പിന്റെയും കുഞ്ഞേല്യയുടെയും കൊച്ചുമക്കളുടെ മക്കളുടെ കാലത്താണ് ശൈശവവിവാഹനിരോധന നിയമം ഒക്കെ പ്രാബല്യത്തിൽ വന്നത്..

പുന്നാരപെങ്ങളെ അത്യാവശ്യം നല്ല സമ്പത്തികമുള്ള തറവാട്ടിലേക്ക് തന്നെയാണ് ആങ്ങളമാർ അയച്ചത്.

പെങ്ങൾക്കാണെങ്കിൽ കുട്ടിത്തം വിട്ടുമാറിയിട്ടും ഇല്ല.  ഔസേപ്പ് ഒന്ന് പറഞ്ഞാൽ കുഞ്ഞേല്യ രണ്ടു പറയും..

ഇത് ആദ്യമായി ആണ് കയ്യാങ്കളി നടക്കുന്നത്...
കുഞ്ഞേല്യക്ക് സഹിക്കുമോ??

അങ്ങനെ കുഞ്ഞേല്യ പ്രാർത്ഥനപുസ്തകവും കക്ഷത്തിൽ ഇടുക്കി ഇരുട്ടിലേക്കിറങ്ങി.  രാവിലെ പള്ളിയിൽ പോകാൻ ഉണ്ടാക്കിവെച്ച ചൂട്ട് കറ്റ കത്തിച്ചു..

ഇത് കണ്ടതെ ഔസേപ്പ് മുറ്റത്തേക്ക് ചാടി..

"എടി നിക്കടി അവിടെ..ഈ രാത്രി നീ എങ്ങോട്ടാ..?

"എനിക്കും ചോദിക്കാനും പറയാനും ആളുണ്ട്.."

"എന്നാപ്പിന്നെ നീയങ്ങു ചെല്ല്..."

കുഞ്ഞേല്യ ചൂട്ടും തെളിച്ചു തിരിഞ്ഞു നോക്കാതെ ഒറ്റ നടപ്പ്.  

നടന്നുനടന്നു കുറച്ചു ദൂരം ചെന്നപ്പോൾ ദേഷ്യത്തിന് അല്പം ശമനം വന്നു.  മെല്ലെമെല്ലെ ഭയം അരിച്ചുകയറാൻ തുടങ്ങി.

നിവർന്നു കിടക്കുന്ന പാടശേഖരങ്ങൾ.  കുറ്റകൂറ്റിരുട്ട്.  തവളകളുടെയും ചീവീടിന്റെയും കരച്ചിൽ.  എവിടുന്നൊക്കെയോ കുറുക്കന്മാർ ഓരിയിടുന്നു.

കുഞ്ഞേല്യക്ക് തന്റെ തന്നെ ഹൃദയമിടിപ്പ് പെരുമ്പറമുഴക്കുംപോലെ തോന്നി..

നടത്തത്തിനു വേഗത കൂട്ടി. തിരിച്ചു പോയാലോ..
പക്ഷെ തിരിച്ചു പോകണം എങ്കിൽ തിരിഞ്ഞു നടക്കണം.  പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ തന്നെ കുഞ്ഞേല്യക്ക് ഭയം.  പിന്നാ...ഏതായാലും മുന്നോട്ട് തന്നെ നടന്നു.

അപ്പോൾ അതാ മുന്നിൽ ഒരു വെളുത്ത രൂപം തന്നിൽ നിന്നും ഒരു അകലം ഇട്ടു നടക്കുന്നു.

അവർ പ്രാർത്ഥനപുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു. കൊന്ത കയ്യിലെടുത്തു.  സകലവിശുദ്ധരുടെയും ലുത്തിനിയ ഉറക്കെ ചൊല്ലാൻ തുടങ്ങി..

കുഞ്ഞേല്യ നീങ്ങുന്നതിനനുസരിച്ചു രൂപവും നീങ്ങുന്നു.  വീട്ടിൽ നിന്നും ഇറങ്ങാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് പ്രാർത്ഥന ഉറക്കെയുറക്കെ ചൊല്ലിക്കൊണ്ടു മുന്നോട്ട് തന്നെ നടന്നു.  കാൽ വിറക്കുന്നുണ്ട്..

പെട്ടെന്നു മുന്നിൽ ഉള്ള രൂപം പാടത്തേക്ക് ഇറങ്ങി നിന്നു.  കുഞ്ഞേല്യക്ക് പോകാൻ ഉള്ള വഴി ഒരുക്കി.  കുഞ്ഞേല്യ ഒറ്റ ഓട്ടം...ന്റെ മാതാവേ...എന്ന് വിളിച്ചുകൊണ്ട്.  

ഓടി കുറച്ചു ദൂരം ചെന്നപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി.  അയാൾ തന്റെ പിന്നാലെ ഉണ്ടോ എന്ന്.  ഒന്നും കാണുന്നില്ല.  പെട്ടെന്ന് ഒരു കാറ്റ് വീശി..ചൂട്ട് ഒന്നാളി..

ആ വെളിച്ചത്തിൽ കുഞ്ഞേല്യ ഒരു നോക്ക് കണ്ടു. ആ വെളുത്ത രൂപം ആകാശത്തേക്ക് ഉയരുന്നു..

പിന്നെ ഓരോട്ടമായിരുന്നു..
വീടെത്തിയത് അറിഞ്ഞില്ല.  മുറ്റത്തു ചെന്നപാടെ വല്യാങ്ങളെ..എന്നും വിളിച്ചു  വെട്ടിയിട്ട വാഴ പോലെ ദേ കിടക്കുന്നു കുഞ്ഞേല്യ..

മുറ്റത്തു എന്തോ വീഴുന്ന ശബ്ദം കേട്ട്..അതെന്താടാ അന്തോണിയെ എന്ന് കുഞ്ഞേല്യയുടെ അപ്പൻ വിളിച്ചു ചോദിച്ചു.  

അറിയില്ലപ്പാ..ഒന്ന് നോക്കട്ടെ... ഇറയത്ത് തൂക്കിയിരുന്ന റാന്തൽ വിളക്ക് എടുത്ത് അന്തോണി, മുറ്റത്തേക്കിറങ്ങി..

യ്യോ അപ്പാ..നമ്മുടെ കുഞ്ഞേല്യ..

ബോധം പോയ കുഞ്ഞേല്യയെ ആങ്ങളമാർ എടുത്ത് അകത്തു കിടത്തി.  മുഖത്ത് വെള്ളം കുടഞ്ഞു.  

ബോധം വീണ കുഞ്ഞേല്യ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു...നടന്ന സംഭവങ്ങൾ പറയാൻ ഉള്ള ശേഷി പോലും കുഞ്ഞേലിയാക്കില്ലായിരുന്നു.

പിറ്റേന്ന് ഔസേപ്പിനെ ആളയച്ചു വരുത്തി.

എന്താടാ ഔസേപ്പേ കാര്യം?

 കുഞ്ഞേല്യയുടെ മുന്നിൽ വെച്ച് അപ്പൻ ചോദിച്ചതിന് കുഞ്ഞേല്യ ആണ് മറുപടി പറഞ്ഞത്.  

ഒന്നുല്ലപ്പാ...എനിക്ക് അപ്പനെയും ആങ്ങളമാരെയും കാണാൻ തോന്നിയപ്പോ ഇറങ്ങിയതാ..

വിശ്വാസം വരാതെ അപ്പൻ രണ്ടാളുടെയും മുഖത്തേക്ക് മാറിമാറി നോക്കി..

ഔസേപ്പ് കുഞ്ഞേല്യയെ നോക്കി ഒന്ന് ഊറിചിരിച്ചു.  കുഞ്ഞേല്യ പുതപ്പ് കൊണ്ട് മുഖം മൂടിക്കളഞ്ഞു..

ഏതായാലും ഒരാഴ്ച്ച പനിച്ചു വിറച്ചു കിടന്നിട്ടാണ് കുഞ്ഞേല്യ വീണ്ടും ഔസേപ്പിന്റെ കൂടെ പോയത്.

പിന്നീടൊരിക്കലും കുഞ്ഞേല്യ ഇത്തരം സാഹസത്തിനു ഒരുമ്പെട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക