Image

കിരീടമില്ലാത്ത രാജാവ്, (കഥ, മിനി സുരേഷ്)

Published on 27 October, 2021
കിരീടമില്ലാത്ത രാജാവ്, (കഥ, മിനി സുരേഷ്)


 ടൗണിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ് രാജാവിനെകണ്ടത്. തറവാട്ടിൽ അമ്മൂമ്മയുടെ പഴയസഹായിയായിരുന്നു രാജമ്മ. അക്കാലത്ത്കുട്ടിപ്പട്ടാളങ്ങളിലാരോ ചാർത്തിക്കൊടുത്തവിളിപ്പേരാണ് 'രാജാവ്' എന്ന സ്ഥാനപ്പേര്.

കോയമ്പത്തൂർ ഉള്ള മകൾ രാജമ്മയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടു വിട്ട കഥയൊക്കെ ഇന്നലെ അമ്പലത്തിൽ ആരോ പറയുന്നത് കേട്ടിരുന്നു. ഒരുന്മാദിനിയെപ്പോലെ പാറിപ്പറന്ന തലമുടിയും,മുഷിഞ്ഞ വേഷവുമൊക്കെയായി പുളിമൂട് കവലയിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറി വരുകയായിരുന്നു അവർ.
കൈയ്യിൽ അഴുക്കു പുരണ്ട ഒരു കുപ്പിയിൽ വെള്ളവും പിടിച്ചിട്ടുണ്ട്.
"രാജാവിതെങ്ങോട്ടാ" അവരെ തടഞ്ഞു നിർത്തി ലക്ഷ്മി ചോദിച്ചു. വാഹനങ്ങൾ തലങ്ങും,വിലങ്ങും പായുന്നുണ്ട്. എന്തൊരു തിരക്കാണ് റോഡിൽ. അതൊന്നും അവർ ശ്രദ്ധിക്കുന്നതും കൂടിയില്ല.
"അതോ,ഒരു ടൂർ പോകാനുണ്ട് . വേളാങ്കണ്ണിക്ക്".
ഓർമ്മയില്ലാതെ പറയുന്നതാണ് പാവം. എങ്കിൽ കൂടി അവൾക്ക് ചിരി വന്നു.
"ഇന്നല്ലല്ലോ ടൂർ ,നാളെയല്ലേ..അപ്പോൾ വരാം"അവരെ സഹതാപത്തോടെ ചേർത്തു പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
"ആണോ ,ഞാനത് മറന്നു പോയി" എങ്കിൽ പോയേക്കാം . അനുസരണയോടെ അവർ തിരിഞ്ഞ് അവളുടെ കൂടെ നടന്നു.
ആകാശം മഴക്കാറു മൂടിക്കിടക്കുന്നു.ഒരു കൊച്ചു
കുഞ്ഞിന്റെ നിഷ്കളങ്കതയോടെതനിക്കൊപ്പം നടക്കുകയാണ് രാജാവ്.
വെയിലേറ്റു കരുവാളിച്ചു പോയ മുഖത്തു വാർദ്ധക്യത്തിന്റെ ചുളിവുകൾ ചുരുണ്ടു കൂടികിടക്കുന്നുണ്ട്.
ചെറുപ്പത്തിലെ അവളുടെയൊരു 'വലിയ' കൂട്ടുകാരിയായിരുന്നു അവർ.
ഒരു  പെണ്ണായിപ്പിറന്നാൽ ഒട്ടേറെ സങ്കടങ്ങളും,ദുരിതങ്ങളും സഹിക്കേണ്ടി വരുമെന്ന് ലക്ഷ്മിയറിഞ്ഞത് 'രാജാവ് 'പറഞ്ഞാണ്. മദ്യപിച്ചു വരുന്ന ഭർത്താവിനെയും ,പോരുകാരിയായ അമ്മാവിയമ്മയെയും പ്രാകി കൊണ്ടായിരിക്കും പലപ്പോഴും അവർ പാത്രം തേക്കുന്നതും, തുണിഅലക്കുന്നതുമൊക്കെ. ഇതിനിടയിൽ കുഞ്ഞു മനസ്സിൽ വിരിയുന്ന പലസംശയങ്ങളും ,ജിജ്ഞാസകളുമായി അവളടുത്തുചെല്ലുമ്പോൾ മുഷിവൊന്നും കാട്ടാതെഅവരുടേതായ വീക്ഷണത്തിൽ  മറുപടി കൊടുക്കുന്നതു കൊണ്ട് രാജമ്മയോട് പറ്റിക്കൂടി അവൾ ഇടക്കു നിൽക്കും.
അമ്മയോ,അമ്മൂമ്മയോ കണ്ടാലതിന് നല്ല വഴക്കുംകിട്ടും.

 അമ്മ വീടിന്റെ അടുക്കളക്കോലായിലിരുന്ന് എന്നും ഉച്ചക്ക് രാജമ്മക്കാ  ഉമി തെള്ളി തവിട് വേർതിരിക്കും.
"രാജാവേ" അവരെ ചൊടിപ്പിക്കുവാനെന്നവണ്ണം
ഇത്തിരി ഉറക്കെവിളിച്ചു കൊണ്ട് അവളുമപ്പോൾ അടുത്തു കൂടുമായിരുന്നു.
"അതേ,രാജാവു തന്നാ..അതിനിപ്പോ കുഞ്ഞിനെന്തു വേണം"രാജമ്മാക്കാ അന്ന് നല്ല മൂഡിലല്ലായിരുന്നു.
സമാന്തരങ്ങളായി ചേർത്തു വച്ച രണ്ട് 'ഉലക്ക'കൾക്ക് മുകളിൽ വീതിയേറിയ ഒരു അരിപ്പകയറ്റി വച്ച് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുമ്പോൾ താഴേക്ക് വീഴുന്ന തവിടിന്റെ ബ്രൗൺ നിറമുള്ള പൊടികളിൽ അവൾ ഒരു പൂവിന്റെ ചിത്രം വരച്ചു.മഴപോലെ വർഷിക്കുന്ന തവിടിന്റെ പൊടികൾ നിമിഷനേരം കൊണ്ട് ആ ചിത്രംമായിച്ചു കളഞ്ഞു.
"കുഞ്ഞ് കയ്യേൽ പൊടിയാക്കാതെ പോണൊണ്ടോ,ഇതൊന്ന് തീർത്തിട്ട് വേണം ഇത്തിരി കഞ്ഞി കുടിക്കാൻ" കൊടല്  കത്തീട്ടു വയ്യാ. അവൾ വീണ്ടും കയ്യിടുന്നത് കണ്ട് രാജമ്മ ദേഷ്യപ്പെട്ടു
"ഒന്നൂല്ലേൽ  ഇപ്പോഴൊക്കെയേഇങ്ങനെ കളിച്ചു നടക്കാനാവൂ.. ന്റെ കുഞ്ഞുലക്ഷ്മിയേ..കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം തീർന്നു. കെട്ടുന്നോന്റെ അടീം,ഇടീം കൊണ്ട് പെറ്റും കൂട്ടി നടക്കാം. എന്നിട്ട് അവന്മാര് സ്വന്തം ചോരയെ പിച്ചിച്ചീന്തും..ഒരരുവിപോലെ ഒഴുകി വന്ന കണ്ണുനീർ സാരിയുടെ കോന്തല കൊണ്ട് ഒപ്പി,മൂക്കും വലിച്ചുചീറ്റി അവർ പറയുന്നത് കേട്ട് അവൾ അത്ഭുതപ്പെട്ടു.
"അതെന്താ രാജാവേ ..അങ്ങനെ പറഞ്ഞത് ." കഥ കേൾക്കാനെന്ന പോലെ ആകാംക്ഷയോടെ അവൾ ചേർന്നിരുന്നു.
"നിങ്ങള് കൊച്ചിനോട് വേണ്ടാതീനം പറയാതെ ..ഒന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ. ലക്ഷ്മീ..എഴുന്നേറ്റു പോടി.." കൈയ്യോങ്ങിക്കൊണ്ട് അമ്മൂമ്മ പറഞ്ഞതു കേട്ട് താനന്ന് ഓടി മാറി. 
"നിങ്ങളോട് ഞാനന്നു പറഞ്ഞതല്ലേ പോയി പോലീസിൽ പരാതിപ്പെടാൻ. ഇത്രയും കൊള്ളരുതായ്മ സ്വന്തം ചോരയിൽ പിറന്ന മകളോട് കാണിക്കുന്നത് സഹിച്ചോണ്ടിരിക്കുന്ന നിങ്ങളൊരു തള്ളയാണോ?"
അമ്മൂമ്മ രോഷം കൊണ്ട് തിളക്കുന്നത് വാതിൽപ്പാളികൾക്കിടയിലൂടെ താൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
"അമ്മക്കത് പറയാം. കള്ളു കുടിച്ചിട്ട് വന്നാൽ അയാളൊരു പിശാചാ. അതിന്റെ പേരിൽ പിന്നെ ആരേയും വച്ചേക്കത്തില്ല." രാജമ്മയുടെ മുഖത്ത് ഭയം നീലിച്ചു കിടക്കുന്നു.
"എന്നാ,എല്ലാം പേടിച്ച് സഹിച്ചോണ്ടിരുന്നോ,അടുത്തതിനെക്കൂടി അയാൾ
കൊന്ന് തിന്നോളും" അമ്മൂമ്മയിലെ വിപ്ലവകാരി അമർത്തിച്ചവിട്ടി അകത്തേക്ക് പോകുന്നത് കണ്ട്ഒന്നും മനസ്സിലാകാതെ അവളമ്പരന്നിരുന്നു.
 പിന്നെയറിഞ്ഞു. ഭർത്താവിനെ വെട്ടിക്കൊന്ന കേസിൽ രാജമ്മ ജയിലിലായെന്ന്.

വർഷങ്ങളൊരു പാട് കഴിഞ്ഞിരിക്കുന്നു. ജയിൽ മോചിതയായപ്പോഴേക്കും അവർ മറവിരോഗത്തിന്റെ പിടിയിലുമായി. കാലങ്ങളായി അനുഭവിച്ചു പോന്ന
മാനസികസംഘർഷങ്ങളായിരിക്കും കാരണം. അമ്മ മകൾക്കിന്നൊരു
അധികപ്പറ്റായിരിക്കുന്നു.
അച്ഛന്റെ കൊലപാതകത്തിനും,ചേച്ചിയുടെ ആത്മഹത്യക്കുമെല്ലാം ഉത്തരവാദി അമ്മ തന്നെ. ഭർത്താവിന്റെ വീട്ടുകാരുടെ കുത്തുവാക്കുകൾ കാരണമാണെങ്കിൽ കൂടി പെറ്റതള്ളയെ ഉപേക്ഷിച്ചിട്ട് പോകുവാനുള്ള  മനസ്‌ഥിതി സമ്മതിച്ചു കൊടുക്കണം ..തറവാട്ടിലെ പഴയ ഉരൽപ്പുരയിലേക്ക് അവരുമായി കടന്നു ചെല്ലുമ്പോൾ ഇഷ്ടമില്ലാത്ത മുഖവുമായി അമ്മാവൻ ഉമ്മറത്തുനിൽക്കുന്നുണ്ടായിരുന്നു. അവളത്കണ്ടില്ലെന്ന് നടിച്ചു.
രാജമ്മക്കയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം മാത്രമായിരുന്നു അവളുടെ മനസ്സിൽ. അവിടെ ഒരുമൂലയിൽ  പഴയ ഉരലും ,പണ്ട് അവർ ഉപയോഗിച്ചിരുന്നസാധനങ്ങളും മറ്റും
ചിതറിക്കിടപ്പുണ്ടായിരുന്നു. അതിൽ രണ്ട് ഉലക്കകൾ എടുത്ത് അവർ തവിട് തെള്ളുന്നതുപോലെ ചെയ്തുകൊണ്ടേയിരുന്നു.
"ഒരു കണക്കിന് നീ ചെയ്തത് നന്നായി. എത്രയോ കാലം ഈ കുടുംബത്തിന് വേണ്ടി അദ്ധ്വാനിച്ചതാണ് രാജമ്മ" .അയ്യോ ..അമ്മാവൻ വയ്യാത്ത കാലും വച്ച് ഇറങ്ങി വന്നിരുന്നോ. അവൾ നന്ദിപൂർവ്വം അമ്മാവന്റെ കൈകളിൽ പിടിച്ചു.
"ഇവിടെ ഇരിക്കണം കേട്ടോ,ഓടിപ്പോയേക്കരുത്. ഞാൻ പോയി ചോറെടുത്തുകൊണ്ട് വരാം...
"കുഞ്ഞേതാ..
അവളുടെ കയ്യിൽതൊട്ടു കൊണ്ട് രാജമ്മ ഓർമ്മയില്ലാതെ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു.

"ഞാനോ,ഞാൻ രാജാവിന്റെ കുഞ്ഞുലക്ഷ്മി"
നേരിയ ഒരു പുഞ്ചിരി അവരുടെ മുഖത്ത് നിറയുന്നത് അവൾ സന്തോഷത്തോടെ  നോക്കി നിന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക