Image

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

Published on 27 October, 2021
അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ്  ശശിധരൻ)
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പലതരം സമരങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. നീതിയും ന്യായവും തേടി നൂറുകണക്കിന് സമരങ്ങളാണ് ഓരോ ദിവസവും ഭരണസിരാകേന്ദ്രത്തിന്റെ പടിക്കല്‍ നടക്കാറ്. കരുണതേടിയുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളും ആദിവാസികളുടെ ഭൂമിക്കായുള്ള നില്‍പ്‌സമരവുമെല്ലാം എല്ലാവരുടേയും ശ്രദ്ധയും പിന്തുണയും ആര്‍ജ്ജിച്ചു. തിരവോണനാളില്‍ പട്ടിണികിടന്നുമെല്ലാം സമരക്കാര്‍ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഈ സമരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ മറ്റൊരുസമരത്തിന് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് വേദിയായി. തന്റെ കുഞ്ഞിനെ തേടി ഒരമ്മ നടത്തിയ സമരം. അനുപമയെന്ന 21 കാരിയുടെ സമരം. സാധാരണഗതിയില്‍ കേരളം ഇരുകൈയ്യും നീട്ടി അവരെ ചേര്‍ത്തുപിടിക്കേണ്ടതാണ്. പക്ഷെ എന്തുകൊണ്ടോ ഈ സമരത്തില്‍ കേരളത്തില്‍ പ്രകടമായ ചേരിതിരിവ് ഉടലെടുത്തു. രാഷ്ട്രീയത്തിനൊപ്പം തന്നെ സദാചാരം, അവകാശം, തുടങ്ങി പലചേരുവകളാണ് ഈ സമരത്തെ വാര്‍ത്തയില്‍ സജീവമാക്കിയത്.  അനുപമ കഴിഞ്ഞ കുറേ മാസങ്ങളായി മാതാപിതാക്കള്‍ തന്നില്‍ നിന്നകത്തിയ കുഞ്ഞിനെ തേടിയുള്ള അലച്ചിലിലാണ്. അനുപമ മുട്ടാത്ത വാതിലുകളിലില്ല, നല്‍കാത്ത പരാതികളിലില്ല. പക്ഷെ ഇതുവരേയും ആ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചിട്ടില്ല. കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചെന്നും കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കിയെന്നതുമാണ് അന്വേഷണത്തിനൊടുവില്‍ അനുപമ കണ്ടെത്തിയത്. ഇപ്പോള്‍ ആ കുഞ്ഞിനെ തിരികെകിട്ടാനുള്ള നിയമപോരാട്ടത്തിലാണ് അനുപമ.
അനുപമയെന്ന പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും രാഷ്ട്രീയപശ്ചാത്തലമാണ് വിഷയത്തെ വിവാദമാക്കിയത് എന്ന് തീര്‍ത്ത് പറയാനാവില്ല. വിഷയത്തിന്റെ ഗൗരവം തന്നെയാണ് അനുപമയുടെ തിരച്ചിലിനെ വാര്‍ത്തയും വിവാദവുമെല്ലാമാക്കിയത്. കുഞ്ഞിനെ മാറ്റിയ മാതാപിതാക്കളുടെ നടപടിയും ആ കുഞ്ഞിനെ സര്‍ക്കാരിന്റെ കീഴിലുള്ള ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമെല്ലാം മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കിയെന്നതാണ് സംഭവത്തെ മുഖ്യമായും വിവാദത്തിലാക്കിയത്. പ്രത്യേകിച്ചും ഇതെല്ലാം വേഗത്തില്‍ നടന്നത് തന്റെ വീട്ടുകാരുടെ രാഷ്ട്രീയസ്വാധീനത്തിലാണ് എന്ന അനുപമയുടെ ആരോപണംകൂടി ഉയര്‍ന്നതോടെ.
 
ഇവിടെ വിഷയത്തിന്റെ മെറിറ്റിനപ്പുറം വിവാഹിതയല്ലാത്ത സ്ത്രീ ഗര്‍ഭിണി ആയതും ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്നും ഇരയുടെ പിതാവ് സിപിഎമ്മിന്റെ പ്രബലനായ നേതാവിന്റെ മകനും പാര്‍ട്ടി നേതാവാണ് എന്നതൊക്കെയാണ് ജനത്തിന് താല്‍പര്യമുളള വസ്തുവായി മാറിയത്. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന്‍മേലുള്ള അവകാശം നിഷേധിച്ച് അമ്മയില്‍ നിന്ന് കുഞ്ഞിനെ അകറ്റിയെന്നത് തന്നെയാണ് ഇവിടെ പ്രധാനപ്പെട്ട പ്രശ്‌നം. അമ്മയുടേയും അച്ചന്റേയും ജീവിതപശ്ചാത്തലവും ജാതിയും രാഷ്ട്രീയവും മാത്രം ചര്‍ച്ചയാക്കുന്നവര്‍ യഥാര്‍ത്ഥവിഷയത്തെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്.
വിവാഹത്തിന് മുന്നേ ഗര്‍ഭിണിയായ അനുപമയുടെ കുഞ്ഞിനെ പിതാവ് ജയചന്ദ്രന്‍ ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലില്‍ ഉപേക്ഷിച്ചതോടെ കുഞ്ഞ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായി മാറി. ഇവിടെ പ്രസവിച്ച് മൂന്ന് ദിവസത്തിനകം അനുപമയുടെ സമ്മതം വാങ്ങിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് പിതാവ് പറയുന്നത്. അതേസമയം അച്ചന്‍ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിനെ തന്നില്‍ നിന്ന് അകറ്റിയതെന്ന് അനുപമയും പറയുന്നു. ഇവിടെ ഒരു തര്‍ക്കവിഷയം ശിശുക്ഷേമ സമിതിയുടെ പങ്കാണ്. ശിശുക്ഷേമസമിതിയുടെ ജനറല്‍ സെക്രട്ടറി സിപിഎം നേതാവാണ് എന്നതും വിവാദത്തിന് തീപിടിപ്പിക്കുന്നതായി. ശിശുക്ഷേമസമിതിയാണോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണോ കുഞ്ഞിനെ ദത്ത് നല്‍കാനുള്ള തീരുമാനത്തില്‍ എത്തിയതെന്നതും തര്‍ക്കവിഷയമായി. യഥാര്‍ത്ഥത്തില്‍ ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനത്തിലും സി.ഡബ്ല്യൂ.സിയുടെ പ്രവര്‍ത്തനത്തിലും വലിയ വ്യത്യാസമുണ്ട്. ഇരുവരും തമ്മിലുള്ള വ്യത്യാസം പലര്‍ക്കും തിരിച്ചറിയാതെ പോയതും ആശയകുഴപ്പമുണ്ടാക്കി.
അമ്മതൊട്ടിലില്‍ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന് അനുപമയുടെ പിതാവും ശിശുക്ഷേമ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനമെങ്ങനെയെന്ന് പരിശോധിക്കാം. ഉപേക്ഷിക്കപ്പെടുന്ന ഒരു കുഞ്ഞും തെരുവില്‍ അനാഥരായി അലയരുത് എന്ന ഉത്തമബോധ്യത്തിലാണ് ശിശുക്ഷേമവകുപ്പ് അമ്മതൊട്ടില്‍ എന്ന ആശയം നടപ്പാക്കിയത്. തെരുവില്‍ ഉപേക്ഷിക്കുന്നതിന് പകരം കുഞ്ഞിനെ അമ്മതൊട്ടിലില്‍ നിക്ഷേപിക്കാം. അങ്ങനെ നിക്ഷേപിക്കപെടുന്ന ആ നിമിഷം മുതല്‍ ആ കുഞ്ഞ് സംസ്ഥാനത്തിന്റെ കുഞ്ഞായി മാറുന്നു. ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരാണെന്നത് ശിശുക്ഷേമസമിതിക്ക് അറിയേണ്ടതില്ല. അഥവാ അറിഞ്ഞാല്‍ തന്നെ അവ ആരുമായും പങ്കുവെക്കാന്‍ പാടില്ല എന്നതാണ് ചട്ടം. മാത്രവുമല്ല കുഞ്ഞിനെ ദത്ത് നല്‍കാന്‍ കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതമോ ആവശ്യമില്ല. നന്നായി ജീവിക്കാനുള്ള കുഞ്ഞിന്റെ അവകാശസംരക്ഷണം മാത്രമാണ് ശിശുക്ഷേമസമിതിയുടെ ലക്ഷ്യം. അനാഥമാക്കാതെ, സംരക്ഷണവും സുരക്ഷയുമൊരുക്കി കുഞ്ഞിന്ജീവിക്കാനുളള സാഹചര്യം ദത്ത് നല്‍കുന്നതിലൂടെ നടപ്പാക്കാന്‍ സാധിക്കുമെങ്കില്‍ അതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുക എന്നത് തന്നെയാണ് ശിശുക്ഷേമസമിതിയുടെ മുന്‍ഗണന നല്‍കുക. അതേസമയം സി.ഡബ്ല്യൂ.സിയെ യാണ് കുഞ്ഞിനെ ഏല്‍പ്പിച്ചത് എങ്കില്‍ പാലിക്കപെടേണ്ട നിരവധി കാര്യങ്ങളുണ്ട്. കുഞ്ഞിനെ സി.ഡബ്ല്യൂ.സിയെ ഏല്‍്പിക്കുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം എന്നത് പ്രധാനമാണ്. എന്തുകൊണ്ട് കുട്ടിയെ ഉപേക്ഷിക്കുന്നുവെന്നത് കൃത്യമായി ബോധിപ്പിക്കണം. മാത്രവുമല്ല കുഞ്ഞിനെ ലഭിച്ച് രണ്ട് മാസത്തിനുശേഷം മാതാവിനേയും പിതാവിനേയും നേരില്‍ കണ്ട് സി.ഡബ്ല്യൂ.സി അധികൃതര്‍ സംസാരിക്കുകയും കുഞ്ഞിനെ സി.ഡബ്ല്യൂ.സിക്ക് കൈമാറാനുള്ള സമ്മതം സംബന്ധിച്ച് കൗണ്‍സിലിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. അതിനുശേഷം മാത്രമാണ് ദത്ത് നല്‍കല്‍ നടപടിയിലേക്ക് സി.ഡബ്ല്യൂ.സി പ്രവേശിക്കുകയുള്ളു. അതായത് ശിശുക്ഷേമസമിതിയില്‍ നിന്ന് സി.ഡബ്ല്യൂ.സിയെ വ്യത്യസ്ഥമാക്കുന്നത് കുഞ്ഞിന്റെ രക്ഷിതാക്കളുടെ സമ്മതം വേണം എന്നത് തന്നെയാണ്. ഇനി ഏത് ഏജന്‍സി ആയാലും കുഞ്ഞിനെ ദത്ത് നല്‍കുകയെന്നത് കേന്ദ്രത്തിന്റെ കീഴിലുള്ള വൈബ്‌സൈറ്റ് വഴിയാണ്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി എന്ന നോഡല്‍ ഏജന്‍സിയുടെ  (കെയ്‌റ) എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് മക്കളില്ലാത്ത ദമ്പതികള്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത്. ഇവിടെയും ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ദത്തെടുക്കാനെത്തിയത് ഇതേ നടപടിക്രമങ്ങള്‍ പാലിച്ചാണ്.  
പ്രസ്തുത കേസിലേക്ക് വരുമ്പോള്‍ ദത്ത് നല്‍കിയതിലെ നിയമപ്രശ്‌നത്തിനൊപ്പം തന്നെയാണ് കുഞ്ഞിനെ അകറ്റിയതെങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്. അനുപമയുടെ പിതാവിന്റെ വാദപ്രകാരം അനുപമ സ്വന്തം നിലയില്‍ തന്നെയാണ് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറാന്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കിയത് എന്നാണ്. എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അത്തരമൊരുസമ്മതപത്രത്തില്‍ അച്ചന്‍ ഒപ്പീടീച്ചതെന്നാണ് അനുപമയുടെ വാദം. കുഞ്ഞിനെ തിരിച്ചുകിട്ടാനായി പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിലും പിന്നീട് ഡിജിപി, മുഖ്യമന്ത്രി, സിപിഎം പാര്‍ട്ടി നേതൃത്വത്തിനുമെല്ലാം അനുപമ പരാതി ന്ല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ശേഷിക്കുന്ന ആരില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അനുപമ ആരോപിക്കുന്നു. ഒടുവില്‍ സിപിഎം പിബി അംഗം ബൃന്ദകാരാട്ടിനയച്ച പരാതിക്ക് മാത്രമാണ് ഫലമുണ്ടായത്. അച്ചന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച എല്ലാ അന്വേഷണവും അട്ടിമറിക്കുകയായിരുന്നുവെന്നാണ് അനുപമ കുറ്റപ്പെടുത്തുന്നു. ഏതായാലും സംഭവം ഒരു വര്‍ഷത്തിന് ശേഷം വിവാദമായതോടെ  പൊലീസ് അന്വേഷണവും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് പറയാം.
ദത്ത് നല്‍കിയതിന്റെ അവസാനത്തെ ഉത്തരവ് കോടതി പുറപ്പെടുവിക്കുന്നതിന് മുമ്പായി അനുപമയെന്ന അമ്മയുടെ വേദന കോടതിയുടെ ചെവിയിലെത്തിയെന്നത് ആശ്വാസകരമാണ്. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി വീണ ജോര്‍ജ് കോടതിയില്‍ ദത്ത് നല്‍കിയതിലെ അന്തിമ ഉത്തരവ് പ്രഖ്യാപിക്കുന്നത് മാറ്റിവെക്കാനുളള നടപടികളും കൈക്കൊണ്ടു. ദത്ത് താല്‍ക്കാലികമായി നീട്ടിവെച്ച കോടതിക്ക് മുമ്പാകെ ഇനി പ്രധാനമായും രണ്ട് കാര്യങ്ങളാണ് തെളിയിക്കപെടേണ്ടത്. ഒന്ന്, കുഞ്ഞിനെ അമ്മയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണോ അനുപമയുടെ അച്ചന്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്? രണ്ട്, അനുപമയുടേതായി ഹാജരാക്കിയ സമ്മതപത്രം ഭീഷണിപ്പെടുത്തിയാണോ വാങ്ങിയത്? സി.ഡബ്ല്യു.സിയുടെ നടപടികളില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ?
വിവാഹിതയാകാത്ത മകള്‍ ഗര്‍ഭിണിയായപ്പോള്‍ ഉണ്ടാ്കുന്ന് മാനഹാനി ഒഴിവാക്കാന്‍, പ്രത്യേകിച്ച് മൂത്ത മകളുടെ വിവാഹം അടുത്തിരിക്കുന്ന സാഹചര്യത്തില്‍, ഒരു പിതാവ് ചെയ്യുന്നകാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. മാത്രവുമല്ല അനുപമയെ വീട്ടുതടങ്കലിലായിരുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിക്കുന്നു. ഒരു കൃസ്ത്യാനിയെ വിവാഹം ചെയ്ത തനിക്ക് അനുപമയുടെ ഭര്‍ത്താവായ അജിത്തിന്റെ ജാതിയോ മതമോ പ്രശനമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജയചന്ദ്രന്‍ ആവര്‍ത്തിക്കുന്നു. അനുപമയുടെ പരാതിയിന്‍മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ജയചന്ദ്രനും ഭാര്യയുമടക്കമുളളവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ സംഭവമെന്നനിലയില്‍ മുഖ്യമന്ത്രി അടക്കമുളളവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ശിശുക്ഷേമസമിതിയുടെ വീഴ്ച്ചകളും പാര്‍ട്ടി നേതാക്കളുടേയും പൊലീസിന്റെയും നിഷ്‌ക്രിയത്വമാണ് അമ്മയ്ക്ക് കുഞ്ഞ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും ആക്ഷേപം ഉയരുന്നു. അതേസമയം അനുപമയുടേയും അജിത്തിന്റേയും ബന്ധവും പൂര്‍വ്വവിവാഹ ചരിത്രവുമൊക്കെ ആണ് സിപിഎമ്മിനെ പ്രതിരോധിക്കാന്‍ സൈബര്‍ ഇടങ്ങളില്‍ മറുപക്ഷം ഉന്നയിക്കുന്നത്. രണ്ട് പേര്‍ തമ്മിലുള്ള പ്രണയവും ലൈംഗികതയുമെല്ലാം അവരുടെ മാത്രം തീരുമാനമാണെന്നിരിക്കെയാണ് പുരോഗമനവാദികളും അവകാശസംരക്ഷകരെന്നും അവകാശപ്പെടുന്ന സിപിഎമ്മിന്റെ അണികളും മറ്റും ഇത്തരം താഴ്ന്ന നിലവാരത്തിലുള്ള വ്യക്തിഹത്യയുമായി നിറയുന്നതെന്നതാണ് ഖേദകരം.
എന്നാല്‍ ഇതിനുമപ്പുറം ആ കുഞ്ഞിന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന മാനസിക ആഘാതത്തെകുറിച്ചാണ് സൈക്കോളജിസ്റ്റുകളും നിയമവിദഗ്ധരുമെല്ലാം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് യാഥാസ്ഥിതിക - സദാചാര - മൂല്യങ്ങള്‍ സംബന്ധിച്ച് ഏറെ വാചാലരായിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് മുന്നിലാണ് ആ കുഞ്ഞ് വളരേണ്ടിവരുന്നത് എന്നതിനാല്‍ തന്നെ. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടുകയാണ് എങ്കില്‍ നമ്മുടെ പൊതുസമൂഹം ആ കുഞ്ഞിനെ എങ്ങനെയാകും വീക്ഷിക്കുകയെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന സംശയം. ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലുമെല്ലാം ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാര്‍ത്തകളുടേയും പോസ്റ്റുകളുടേയുമെല്ലാം ലിങ്കുകള്‍ ഏത് കാലത്തും ലഭ്യമാകുന്ന തരത്തില്‍ അവശേഷിക്കുമ്പോള്‍ പ്രത്യേകിച്ചു. തങ്ങളുടെ നേരെ ഉയര്‍ന്ന ചോദ്യങ്ങളുടെ മുനയൊടിക്കാന്‍ അമ്മയുടേയും അച്ചന്റേയും വ്യക്തിസ്വാതന്ത്ര്യത്തെ മറന്ന് സദാചാരകുറ്റമാരോപിക്കുന്ന ഇതേ ആളുകള്‍ ആ കുഞ്ഞിനുനേരെയും അത്തരം പരാമര്‍ശങ്ങള്‍ നടത്തുകയോ ആ കണ്ണുവെച്ച് നോക്കുകയോ ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. അങ്ങനെ വന്നാല്‍ ആ കുഞ്ഞ് അനുഭവിക്കാന്‍ പോകുന്ന മാനസിക വിഷമം എത്രമാത്രമായിരിക്കും? അവനറിയാത്ത, അവന് യാതൊരുവിധ പങ്കുമില്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ ആ കുഞ്ഞിന്റെ മൗലികഅവകാശമാണ് ഹനിക്കപ്പെടുക. അതിന് ഈ സമൂഹത്തിന് എന്ത് മറുപടിയാണ് നല്‍കാനുണ്ടാവുക? ആ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാനും സംസ്ഥാനം തയ്യാറാകണം. അതിനുവേണ്ടുന്ന നടപടികള്‍ സര്‍ക്കാരും കോടതിയും സ്വീകരിക്കണം. ഇനിയും ഇത്തരം തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രതയും നമ്മുടെ സംവിധാനങ്ങള്‍ പുലര്‍ത്തണം. ജന്മം നല്‍കിയ അമ്മയുടെ അവകാശത്തിനൊപ്പം ആ കുഞ്ഞിന്റെ മൗലികഅവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക