Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 27 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെയ്ക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. മുംബൈയിലെ അഞ്ച് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പൊലീസ് സമീര്‍ വാംഗഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.
******************************************
ആശങ്ക ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ അതീവ പ്രധാനമെന്ന് സുപ്രീം കോടതി. 2016 ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ ഡാമിന്റെ സുരക്ഷയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവാമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, മുല്ലപ്പെരിയാറില്‍ അനുവദിക്കപ്പെട്ട ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി അറിയിച്ചു. എന്നാല്‍ ഈ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചു .മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളം സമയവും തേടി. വ്യാഴാഴ്ച മറുപടി അറിയിക്കുമെന്നാണ് കേരളം അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
*****************************************
ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. സംഭവം വിദഗ്ദ സമിതി അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കോടതിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് ആര്‍. വി. രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. കോടതി ചോദിച്ച വിവരങ്ങള്‍ നല്‍കാത്തതിന് കേന്ദ്രത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. 
******************************************
താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായും പാര്‍ട്ടിയും ചിഹ്നവും നിലവില്‍ വന്നതായും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്നും, നവജ്യോത്സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു. 
******************************************
ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തും. അനുപമയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തലത്തില്‍ സമിതി രൂപീകരിക്കുകയും ചെയ്തു.
*******************************************
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വേണമെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.
*******************************************
സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുലാവര്‍ഷം എത്തിയതിനു പിന്നാലെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായതാണ് മഴയ്ക്ക് കാരണം. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
**********************************************
പുരാവസ്തു വിതരണക്കാരന്‍ സന്തോഷ് നല്‍കിയ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെ നവംബര്‍ 3 വരെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍  റിമാന്‍ഡ് ചെയ്തു.  എറണാകുളം  അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ്  ചെയ്തത്. മോന്‍സണ്‍ മാവുങ്കലിനെ ഡി ആര്‍ ഡി ഒ കേസില്‍  ക്രൈം ബ്രാഞ്ച്  കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി യൂണിറ്റാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷയില്‍ നാളെ  ഉത്തരവുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക