Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അപ്പീല്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് സിറോ മലബാര്‍ സഭ

Published on 27 October, 2021
 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അപ്പീല്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട്  സിറോ മലബാര്‍ സഭ


തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരേ സിറോ മലബാര്‍ സഭ. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിയെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. 


ക്രൈസ്തവരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാണ് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80-20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജിയും തള്ളി. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതാണ് സഭയുടെ 
എതിര്‍പ്പിന് കാരണമായത്.  

സര്‍വകക്ഷി യോഗത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍നിലപാടില്‍ നിന്ന് പിന്മാറിയത് ചില സമ്മര്‍ദങ്ങളെ തുടര്‍ന്നാണെന്ന് അനുമാനിക്കേണ്ടയിരിക്കുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ടതുണ്ട്. നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളേയും ഒരേപോലെ കാണണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  സുപ്രീം കോടതിയെ സമീപിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം സിറോ മലബാര്‍ സഭയും കോടതിയെ സമീപിക്കുമെന്നും സഭ വ്യക്തമാക്കുന്നു. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായ സമിതിയാണ് സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍.


ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം കഴിഞ്ഞദിവസമാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

നിലവില്‍ ക്രൈസ്തവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കില്‍ അതിന് അനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക