Image

ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷി പിടിയില്‍

ജോബിന്‍സ് Published on 28 October, 2021
ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷി പിടിയില്‍
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയായ പ്രൈവറ്റ് ഡിറ്റക്ടീവ് കിരണ്‍ ഗോസാവി പിടിയിലായി. ആര്യന്‍ അറസ്റ്റിലായ ദിവസം ഇയാള്‍ ആര്യനൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരുന്നു. ഇയാള്‍ എന്‍സിബി ഉദ്യോഗസ്ഥനാണെന്നായിരുന്നു ആദ്യ ധാരണ. 

ഇതാനാല്‍ തന്നെ സെല്‍ഫി ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്നും പ്രൈവറ്റ് ഡിറ്റക്ടീവ് ആണെന്നും എന്‍സിബി വിശദീകരണം നല്‍കി. ഇയാളുടെ പേരില്‍ നേരത്തെയുണ്ടായിരുന്ന തൊഴില്‍ തട്ടിപ്പ് കേസിലാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂനെ പോലീസാണ് കസ്റ്റഡിയിലെടുത്തത്. 

ഇയാള്‍ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഇടനില നിന്നുവെന്ന് മറ്റൊരു സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ ഉദ്യോഗസ്ഥരടക്കം ശ്രമിച്ചെന്ന പരാതിയിലും ഇനി ഇയാളെ ചോദ്യം ചെയ്യും. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 

ആര്യന്‍ ഖാന്‍ നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ഇന്ന് എന്‍സിബിയുടെ വാദമാണ് കേള്‍ക്കുക. നവംബര്‍ ഒന്നുമുതല്‍ ദീപാവലി അവധിയായതിനാല്‍ ഇതിന് മുമ്പ് ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വിധി പറയുമെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക