Image

പന്തീരാങ്കാവ് യുഎപിഎ കേസ് ; എന്‍ഐഎയ്ക്ക് തിരിച്ചടി ; താഹയ്ക്ക് ജാമ്യം

ജോബിന്‍സ് Published on 28 October, 2021
പന്തീരാങ്കാവ് യുഎപിഎ കേസ് ;  എന്‍ഐഎയ്ക്ക് തിരിച്ചടി ; താഹയ്ക്ക് ജാമ്യം
ഏറെ വിവാദമായ പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മറ്റൊരു പ്രതിയായ അലന്‍ ഷുബൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി. 

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാല്‍, അലന്‍ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എ സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടൊപ്പം താഹയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു. 

ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന എന്‍ഐഎയുടെ വാദം തള്ളിയാണ് കോടതി താഹയ്ക്കു ജാമ്യം നല്‍കുകയും അലന്റെ ജാമ്യം നിലനിര്‍ത്തുകയും ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്നും നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച്  കേസെടുക്കാക്കാമോയെന്നും വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക