Image

രണ്ടുതവണ വിവാഹം മുടക്കി; വിവാഹിതയാവരുതെന്ന് ഭീഷണി: ആണ്‍സുഹൃത്ത് അറസ്റ്റില്‍

Published on 28 October, 2021
രണ്ടുതവണ വിവാഹം മുടക്കി; വിവാഹിതയാവരുതെന്ന് ഭീഷണി: ആണ്‍സുഹൃത്ത് അറസ്റ്റില്‍
കൊല്ലം : സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹം മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍.വാപ്പാല പുരമ്ബില്‍ സ്വദേശി അരുണ്‍ (24 ) ആണ് അറസ്റ്റിലായത്. കൊല്ലം ഓടാനവട്ടത്താണ് സംഭവം. യുവാവിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹങ്ങള്‍ ഇയാള്‍ മുടക്കി. യുവതിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ അടിച്ച്‌ തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ബിടെക് പഠനകാലത്ത് അരുണും യുവതിയും സഹപാഠികളായിരുന്നു. അരുണ്‍ യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ അരുണിന്റെ ഉപദ്രവം കൂടിയപ്പോള്‍ യുവതി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചു.

യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് യുവതിയുടെ വീട്ടിലെത്തിയ പ്രതി വീട്ടില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വ്യാപക ആക്രമണം അഴിച്ചുവിട്ടു.യുവതിയുടെ അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാതെ സംസാരിച്ച്‌ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

യുവതിയെ വിവാഹം കഴിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് മനസിലാക്കിയ യുവാവ് നിരന്തരം യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.മറ്റൊരു വിവാഹം കഴിച്ചാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.  യുവതിയെ അപായപ്പെടുത്താന്‍ വെട്ടുകത്തിയുമായാണ് ഇയാള്‍ നടന്നിരുന്നത്. അരുണിന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യാ കുറിപ്പെഴുതിവെച്ച ശേഷം വീട് വിട്ട് പോകാന്‍ തീരുമാനിച്ചു. ഇത് വീട്ടുകാര്‍ കൃത്യ സമയത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പുമായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക