Image

ബിനീഷിന് ജാമ്യം ; അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം

ജോബിന്‍സ് Published on 28 October, 2021
ബിനീഷിന് ജാമ്യം ;  അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക്  ജാമ്യം. മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട്  നാളെ (ഒക്ടോബര്‍ 29) ഒരു വര്‍ഷം തികയും.അറസ്റ്റിലായിട്ട് ഒരു വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് ഇന്ന് ജാമ്യം ലഭിച്ചത്.

കര്‍ണാടക ഹൈക്കോടതിയാണ്  ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. 2020 ഓഗസ്റ്റിലാണ് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജീഷ്, കന്നഡ സീരിയല്‍ നടി ഡി. അനിഖ എന്നിവര്‍ അറസ്റ്റിലായത്. 

അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇഡിയ്ക്ക് ബിനീഷിനെതിരെയുളള വിവരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ അനൂപുമായി പരിചയമുണ്ടെന്നും ഹോട്ടല്‍ നടത്താനായി വായ്പ നല്‍കിയിരുന്നുവെന്നുമാണ് ബിനീഷ് പറഞ്ഞത്. ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനൂപിന്റെ എടിഎം കാര്‍ഡ് കണ്ടെത്തിയിരുന്നു . ഇതില്‍ ഒപ്പിട്ടിരുന്നത് ബിനഷാണെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. 

അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നും ചില ലഹരി പാര്‍ട്ടികളില്‍ ബിനീഷും പങ്കെടുത്തിട്ടുണ്ടെന്നുമാണ് പ്രതികളുടെ മൊഴി. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. 14 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയത്. 

കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്.

കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും നല്‍കിയ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. ഏഴ് മാസങ്ങള്‍ക്കു മുമ്പ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ ഇപ്പോള്‍ വിധി വന്നിരിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക