Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 28 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക്  ജാമ്യം. അറസ്റ്റിലായി നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കവേയാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയാണ്  ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
**************************
നവംബര്‍ പത്ത് വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 39.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി. കേരളത്തിന്റെ വാദം ഭാഗീകമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാണെങ്കില്‍ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
************************
ഏറെ വിവാദമായ പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മറ്റൊരു പ്രതിയായ അലന്‍ ഷുബൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി. 
************************
ഭാരതത്തിലെ ക്രൈസ്തവ സമൂഹം പ്രതിക്ഷയോടെ കാത്തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടക്കും. കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയിയാണ് വത്തിക്കാനെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.  റോമില്‍ രാവിലെ 8 : 30 (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) നാണ് കൂടിക്കാഴ്ച. 
*************************
ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു. ബഹദൂര്‍ഘട്ടിലാണ് സംഭവം. കൊല്ലപ്പെട്ട മൂന്നുപേരും പഞ്ചാബ് സ്വദേശിനികളാണ്. കഴിഞ്ഞ 11 മാസമായി കര്‍ഷക സമരം തുടരുന്ന ഡല്‍ഹി അതിര്‍ത്തിയ്ക്ക് സമീപമാണ് സംഭവം. ഇവിടെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഇവര്‍ ഡിവൈഡറില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡറിലേയ്ക്ക് പാഞ്ഞ് കയറി. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ അശുപത്രിയിലുമാണ് മരിച്ചത്.
************************** 
ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. നാളെ രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.
***************************
മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്നും ഡാം പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി സി ജോര്‍ജ് . 'ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുവാന്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണം. പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. കേരളത്തിലെ എല്ലാ രാ്ര്രഷ്ടീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 
**************************
നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി അനുമതി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ എന്‍ ടി എയ്ക്ക് അനുമതി നല്‍കിയത്.
ഫല പ്രഖ്യാപനം തടഞ്ഞ മുംബൈ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ തെറ്റായ ഉത്തരക്കടലാസ് നല്‍കിയത് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആണ് പരീക്ഷാ ഫലം ഹൈക്കോടതി തടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക