Image

ദാസേട്ടൻ്റെ ആദ്യ ഗാനം, 60 വർഷം (വിജയ് സി.എച്ച്)

Published on 23 November, 2021
ദാസേട്ടൻ്റെ ആദ്യ ഗാനം, 60 വർഷം (വിജയ് സി.എച്ച്)

അറുപതു വർഷം മുന്നെ, സംഭവിച്ചതാണത്.  പത്തൊമ്പതു ഭാഷകളിലായി അമ്പതിനായിരത്തിലേറെ സിനിമാ ഗാനങ്ങളുള്ള സുദീർഘമായൊരു പട്ടികയിലെ ആദ്യത്തേത് റിക്കോർഡ് ചെയ്യപ്പെട്ടത് 1961 നവംബർ 14-ആം തീയതിയായിരുന്നു!  

ഋഷി തുല്യനായിരുന്ന ശ്രീനാരായണഗുരു രചിച്ച 'ജാതിഭേദം മതദ്വേഷം...' എന്നു തുടങ്ങുന്ന കീർത്തനം, ഗാനഗന്ധർവനെന്ന് പിന്നീട് അറിയപ്പെടാൻ തുടങ്ങിയ ഒരു ചെറുപ്പക്കാരനാണ് ആലപിച്ചത്. കെ. എസ്. അന്തോണി സംവിധാനം ചെയ്ത, 'കാൽപ്പാടുകൾ' എന്ന ചലച്ചിത്രത്തിനു വേണ്ടി, ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ശബ്‌ദലേഖനം. പ്രിയ സംഗീതജ്ഞൻ എം. ബി. ശ്രീനിവാസ൯ ചിട്ടപ്പെടുത്തിയ ഗാനം, പ്രശസ്ത ശബ്ദലേഖക൯ കോടീശ്വര റാവു റിക്കോർഡ് ചെയ്തു. ഒരു വലിയ ചരിത്രത്തിൻ്റെ ലളിതമായ തുടക്കം!
 
ആ തുടക്കം ഏറെ സാധാരണമായിരുന്നെങ്കിലും, അത് നിരാശനായൊരു ഇരുപത്തൊന്നുകാരൻ്റെ സ്വപ്നസാക്ഷാൽക്കാരമായിരുന്നു. ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ കാട്ടാശ്ശേരി ജോസഫ് യേശുദാസിൻ്റെത് പാടാൻ കൊള്ളാവുന്ന ശബ്ദമല്ലെന്ന് വിധിയെഴുതപ്പെട്ടത് ചരിത്രത്തിൻ്റെ ഭാഗം. ആലപ്പുഴയിലെ ഉദയ ഫിലിം സ്റ്റുഡിയോ 1950-ൽ നിർമ്മിച്ച 'നല്ല തങ്ക' എന്ന ചിത്രത്തിൽ പാടാൻ ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും, ആലാപനത്തിൽ ന്യൂനത കണ്ടെത്തി ഇളം പ്രായക്കാരനായിരുന്ന യേശുദാസിനെ പിന്നീട് ഒഴിവാക്കി. വ്യക്തം, പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിന്നണി ഗായകനായിത്തീരാൻ അവസരമൊരുക്കിയ ഗുരുദേവ ശ്ലോകത്തിന് മാസ്മരിക മാനങ്ങളേറെ! വാസ്തവത്തിൽ, അത് സ്വരമാധുര്യത്താൽ കേരളം കീഴടക്കേണ്ട കലാകാരന് ഒരു സംഗീത സാമ്രാജ്യം തന്നെ തുറന്നു കൊടുക്കുകയായിരുന്നു!
 
യേശുദാസിനു തൊട്ടുപുറകെ മലയാള പിന്നണിഗാന ലോകത്തെത്തിയ ഭാവഗായകൻ പി. ജയചന്ദ്രൻ, തൻ്റെ മുൻഗാമിയെക്കുറിച്ച് സംസാരിക്കുന്നു:
 

🟥 60 വർഷം കഴിഞ്ഞുവോ, ആശ്ചര്യം!

യേശുദാസിൻ്റെ ആദ്യഗാനം റിക്കാർഡ് ചെയ്തിട്ട് 60 വർഷമാകുന്നെന്ന് കേട്ടപ്പോൾ, ശരിയ്ക്കും പറഞ്ഞാൽ ആശ്ചര്യമാണ് തോന്നിയത്. എന്നും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളും, പേരുകളും മനസ്സിൽ എപ്പോഴും സജീവമായിരിക്കുന്നതിനാലാകാം വർഷങ്ങൾ കടന്നുപോകുന്നത് അറിയാത്തത്. 'ജാതിഭേദം മതദ്വേഷ'മാണ് യേശുദാസിൻ്റെ പ്രഥമഗാനമെന്നത് എനിയ്ക്കുമാത്രമല്ല, കേരളത്തിലെ എല്ലാവർക്കും അറിയുന്നൊരു പൊതുവിവരമാണ്. അതറിയാൻ ഒരാൾ യേശുദാസിൻ്റെ ഒരു തീവ്ര ആരാധകനൊന്നും ആവണമെന്നില്ല. യേശുദാസിനെ അറിയുമെങ്കിൽ, 'കാൽപ്പാടുകൾ' എന്ന പടത്തിലാണ് അദ്ദേഹം ആദ്യം പാടിയതെന്നും, ഒപ്പം ആ ഗാനം ശ്രീനാരായണ ഗുരു എഴുതിയ 'ജാതിഭേദം മതദ്വേഷ'മെന്ന സ്തോത്രമാണെന്നും അറിയും. സത്യത്തിൽ, ഇത്രയുമറിയാൻ ആ സിനിമ കാണണമെന്നുമില്ല. ഈ വക വിവരമറിയുന്നവരിൽ ഭൂരിപക്ഷവും 'കാൽപ്പാടുകൾ' കണ്ടിട്ടേയുണ്ടാകില്ല. എല്ലാം ശരിയാണ്, പക്ഷെ ഇതെല്ലാം സംഭവിച്ചിട്ട് ഇപ്പോൾ 60 വർഷമായി എന്നതാണ് വിസ്‌മയം ജനിപ്പിക്കുന്ന കാര്യം! യേശുദാസിൻ്റെ ആദ്യഗാന റിക്കോർഡിങ്ങിൻ്റെ 'ഷഷ്ഠിപൂർത്തി' ആണെന്ന് അറിയുന്നതിലും, അതേക്കുറിച്ച് ഒരാൾ എന്നോട് സംസാരിക്കുന്നതിലും വളരെ സന്തോഷം തോന്നുന്നു!
 

🟥 തൊട്ടു പുറകിൽ ഞാനുണ്ട്

എൻ്റെ ഒമ്പത് പടങ്ങൾ ഒരുമിച്ച് 1966-ലാണ് തിയേറ്ററുകളിലെത്തിയതെങ്കിലും, അവയിൽ പലതിലെയും ഗാനങ്ങൾ റിക്കോർഡ് ചെയ്തത് 1965-ലായിരുന്നു. യേശുദാസിൻ്റെ തൊട്ടു പുറകിൽ ഞാനുണ്ടായിരുന്നു. നാലുവർഷം മാത്രം ഇളയത്. 'കളിത്തോഴ'നിലെ (1966) 'മഞ്ഞലയിൽ മുങ്ങിത്തോർത്തി'യാണ് എൻ്റെ പ്രഥമ സിനിമാഗാനമെന്നാണ് പലരും കരുതുന്നത്. എന്നാൽ, അതിനുമുന്നെ നാലു ഗാനങ്ങളുടെയെങ്കിലും റിക്കോർഡിങ് കഴിഞ്ഞിരുന്നു. അതിലൊന്ന് 'ജയിൽ' എന്ന പടത്തിൽ 'ചരിത്രത്തിൻ്റെ വീഥിയിൽ  സങ്കല്പത്തിൻ്റെ മഞ്ചലിൽ...' എന്ന ഗാനമാണ്. ഈ ഗാനം ആലപിച്ചത് ഞാനും, യേശുദാസും, കവിയും സംഗീത പണ്ഡിതനുമായിരുന്ന പി. ബി. ശ്രീനിവാസും ചേർന്നാണ്. ആദ്യം റിക്കാർഡു ചെയ്തത്, 1965-ൽ, 'കുഞ്ഞാലിമരയ്ക്കാർ' എന്ന പടത്തിനു വേണ്ടി മൂന്നു ഗാനങ്ങളായിരുന്നു. ചിദംബരനാഥായിരുന്നു സംഗീത സംവിധായകൻ. അതിലൊരു ഗാനവും യേശുദാസുമൊത്താണ് പാടിയത്. പടം തിയേറ്ററുകളിലെത്തിയത് 1967-ലാണ്.
 

🟥 ആദ്യം കണ്ടത് യുവജനോത്സവ വേദിയിൽ

യേശുദാസിനെ ഞാൻ ആദ്യം കണ്ടത് തിരുവനന്തപുരത്തെ യുവജനോത്സവ വേദിയിൽ വച്ചാണ്. അന്ന് ഞങ്ങൾ സിനിമയ്ക്കു പിന്നണി പാടാൻ തുടങ്ങിയിട്ടില്ല. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയായിരുന്നു. 1958-ലെ സംസ്ഥാനതല യുവജനോത്സവത്തിൽ (ഇന്നത്തെ കലോത്സവം) മികച്ച മൃദംഗ വായനയ്ക്കുള്ള സമ്മാനം  എനിയ്ക്കായിരുന്നു. അക്കൊല്ലം ശാസ്ത്രീയ സംഗീതത്തിനുള്ള പ്രൈസ് യേശുദാസാണ് നേടിയത്. സമ്മാനങ്ങൾ സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യം ഞങ്ങൾ നേരിൽ കണ്ടതും പരിചയപ്പെട്ടതും. പിന്നീടുള്ള ഒത്തുചേരലുകളെല്ലാം പിന്നണി ഗാനങ്ങളുമായി ബന്ധപ്പെട്ട് ചെന്നൈയിൽ വച്ചായിരുന്നു.
 

🟥 രണ്ടു ഗായകർ ഒരേ സമയത്ത്  

ഞാനും യേശുദാസും മലയാള ഗാനലോകത്തെ പരസ്പര പൂരകങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നതിൻ്റെ അർത്ഥവ്യാപ്തിയിലേയ്ക്ക് കടക്കാതിരിക്കുന്നതാണ് ഉചിതം. കാരണം, യേശുദാസ് പൂരിപ്പിക്കേണ്ട എൻ്റെ കുറവുകളെന്തൊക്കെയെന്ന് ആദ്യം എനിയ്ക്കാണല്ലൊ അറിയേണ്ടത്. യേശുദാസിൻ്റെ കുറവുകൾ നികത്താൻ മാത്രം പ്രാപ്തിയൊന്നും എനിയ്ക്കില്ലതാനും. ഞാൻ പാടുന്ന തരം പാട്ടുകൾ യേശുദാസും, അദ്ദേഹം പാടുന്നയിനങ്ങൾ ഞാനും ആലപിച്ചുകൊണ്ടുമിരിക്കുന്നു. ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം രണ്ടു ഗായകർ ഒരേ സമയത്ത് സംസ്ഥാനത്ത് നിറഞ്ഞു നിൽക്കുന്ന ആവേശമാണ്. ഒരാളുടെയല്ലെങ്കിൽ മറ്റൊരാളുടെ പുതിയ ഗാനങ്ങൾ ഇടക്കിടയ്ക്ക് എത്തുന്നു. ഞങ്ങൾ രണ്ടുപേരും മലയാള ഗാനരംഗം സമ്പന്നമാക്കിയവരാണ്.
 

🟥 തിരിച്ചറിയാൻ ബുദ്ധിമുട്ടോ?

ആലാപന സമയത്ത് വരികളുടെ വൈകാരിക ഭാവങ്ങൾ മുഖത്ത് പ്രകടിപ്പിക്കാറുണ്ട്. അത് വരുത്തുന്നതല്ല, വന്നു പോകുന്നതാണ്. വാക്കുകളുടെ അർത്ഥം മനസ്സിലാകുമ്പോൾ അവയിലടങ്ങിയ വികാരങ്ങൾ സ്വാഭാവികമായും ഗായകൻറെ മുഖത്തു തെളിഞ്ഞുകാണും. പാട്ടിൽ ജീവിച്ചാണ് പാടുന്നത്. പിന്നണിയിലായാലും, സ്റ്റേജിലായാലും വരികളുടെ അർത്ഥത്തിനനുസരിച്ച മുഖഭാവങ്ങൾ പതിവാണ്. ഇതു ശ്രദ്ധിച്ച ശ്രോതാക്കളാണ് എന്നെ 'ഭാവഗായകൻ' എന്നു വിശേഷിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ, 'നഖക്ഷതങ്ങ'ളിലെ 'ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ...' എന്നു തുടങ്ങുന്ന ഗാനം പാടിയത് ഞാനാണെന്നു കരുതുന്ന നിരവധി പേരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. ഭാവഗായകൻ എന്നു കേൾക്കുമ്പോൾ, ഒരുപക്ഷെ ശ്രോതാക്കളുടെ മനസ്സിൽ എൻ്റെ രൂപമായിരിക്കും തെളിയുന്നത്! അതുപോലെ, 'അക്ഷരങ്ങ'ളിലെ 'കറുത്തതോണിക്കാരാ...' എന്ന ഗാനം ആലപിച്ചത് യേശുദാസാണെന്ന് കരുതുന്നവരുമുണ്ട്. ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. സമകാലികർ ആയതിനാലും, സമാനമായ ഗാനങ്ങൾ ആലപിക്കുന്നതിനാലുമാണ് ഞങ്ങളുടെ ആരാധകർക്കുപോലും ഇങ്ങനെയൊരു ചിന്താകുഴപ്പം സംഭവിച്ചുപോകുന്നത്. യഥാർത്ഥത്തിൽ, ഞങ്ങൾ പരസ്പര പൂരകങ്ങളല്ല, പ്രതിപുരുഷന്മാരാണ്.
 

🟥 യേശുദാസ് ജ്യേഷ്‌ഠസഹോദര൯

യേശുദാസ് പാടിത്തുടങ്ങുന്ന കാലം മുതലേ ഞങ്ങൾ പരസ്പരം അറിയും. മദ്രാസിൽവച്ചാണ് യേശുദാസിനെ അടുത്തറിയുന്നത്. ഡിഗ്രി കഴിഞ്ഞു ഒരു ജോലി അന്വേഷിച്ചു മദ്രാസിലെ ജ്യേഷ്‌ഠൻ്റെ കൂടെ ഞാൻ താമസിക്കുകയായിരുന്നു. അക്കാലം മുതൽ ഇന്നുവരെ ഞങ്ങളുടെത് ഹാർദ്ദമായ ബന്ധമാണ്. അദ്ദേഹം എന്നെക്കാളും നാലു വയസ്സ് മുതിർന്നയാൾ. ഞാൻ അദ്ദേഹത്തെ എൻറെ ജ്യേഷ്‌ഠസഹോദരനെപ്പോലെ കാണുന്നു.
 

🟥 ആലാപന പരിശീലനം ഒരുമിച്ച്  
നിരീക്ഷണം ശരിയാണ്. പദങ്ങളുടെ ഉച്ചാരണവും അർത്ഥവും ഗായകർക്കറിയണം. പുതിയ ഗായകരുടെ ഏറ്റവും വലിയ പ്രശ്നം വികലമായ ഉച്ചാരണമാണ്. എന്നാൽ, എന്നെയും യേശുദാസിനെയും പോലെ പദങ്ങൾ ഉച്ചരിക്കണമെന്ന് പറയുന്നവരുമുണ്ട്. ഞങ്ങളെ (പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ) ദേവരാജൻ മാഷ് ഏറ്റവും കൂടുതൽ പഠിപ്പിച്ചത് പദങ്ങളുടെ ഉച്ചാരണമാണ്. ഡിക്ഷൻ, അല്ലെങ്കിൽ അക്ഷരസ്ഫുടത.

ഹൃദയം കവരുന്ന വരികളാണെങ്കിൽ പോലും ഡിക്ഷൻ ശുദ്ധമല്ലെങ്കിൽ, ശ്രോതാവിന് ഗാനത്തിൻറെ വൈകാരികത ഉൾക്കൊള്ളാൻ കഴിയില്ല. കൃത്യമായ ഉച്ചാരണവും, അർത്ഥമറിഞ്ഞുള്ള ആലാപനവുമാണ് പാട്ടുകൾക്ക് ജീവൻ നൽകുന്നത്. ശ്രോതാക്കൾക്ക് പദങ്ങൾ വ്യക്തമായി മനസ്സിലാവുന്ന പോലെ ഉച്ചരിക്കാനാണ് ഞങ്ങളെ പഠിപ്പിച്ചത്. അതിനാലാണ് ഞാനും യേശുദാസും പാടുന്നതു കേട്ടാൽ വരികൾ ആർക്കും നിഷ്പ്രയാസം എഴുതിയെടുക്കാൻ കഴിയുന്നത്! ആരംഭ കാലത്ത് ഞങ്ങൾക്കു ലഭിച്ചത് കർശനമായ ആലാപന പരിശീലനമാണ്. ചിലപ്പോൾ വളരെ കഠിനമായി എനിക്കു തോന്നിയിട്ടുണ്ട്. കാരണം, തുടക്കത്തിൽ എൻറെ ഉച്ചാരണ രീതിക്ക് ഒരു സ്ഥിരതയില്ലായിരുന്നു. അത് ശരിയാക്കിയെടുത്തത് ദേവരാജൻ മാഷാണ്. കഷ്ടപ്പെട്ടു. റിക്കോർഡിങ്ങിനു മുന്നെ നാലു ദിവസം, മാഷ് ഞങ്ങളെ പുതിയ പാട്ടിലെ പദങ്ങളുടെ ഉച്ചാരണവും അർത്ഥവും പഠിപ്പിക്കും. ഓരോ വരിയും പാടി, പാട്ടിൻറെ മൂഡ് വിവരിച്ചുതരും. അറിയാമോ, നോട്ടുബുക്കും പെൻസിലുമായാണ് ഞങ്ങൾ സ്റ്റുഡിയോയിൽ പോയിരുന്നത്! മലയാള ഭാഷയിലും സംഗീതത്തിലും ഒരുപോലെ പണ്ഡിതനായിരുന്നു മാഷ്. വയലാറിൻറെ വരികൾപോലും അദ്ദേഹം തിരുത്താറുണ്ട്! അങ്ങിനെയുള്ള ഒരു ഗുരുവിൻറെ ശിക്ഷണത്തിലാണ് ഞാനും യേശുദാസും ആലാപനം പഠിച്ചത്.
 

🟥 യേശുദാസിൻ്റെ പാട്ടു പാടി, പ്രശസ്തനായി

യേശുദാസ് പാടാനിരുന്ന ഒരു പാട്ടു പാടിയാണ് ഞാൻ പിന്നണി ഗായകനായി പ്രശസ്തി നേടുന്നത്! 'കളിത്തോഴ'നിൽ, 'മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്ന ഗാനം. ദേവരാജൻ മാഷായിരുന്നു സംഗീത സംവിധായകൻ. ഭാസ്കരൻ മാഷുടെ വരികൾ. യേശുദാസിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു അവർ തീരുമാനിച്ചിരുന്നത്. ഡയറക്ടർമാർക്ക് അതുവരെ യേശുദാസിനെയായിരുന്നു പരിചയം. അപ്രതീക്ഷിതമായാണ് ഞാൻ സീനിലെത്തുന്നത്. അപ്പോൾ എന്നെയൊന്നു ട്രൈ ചെയ്യാമെന്നു അവർ കരുതി. വേണ്ടത്ര ജനപ്രിയമായില്ലെങ്കിലും, കുറച്ചു പിന്നണികൾ അതിനുമുന്നെ ഞാൻ പാടിയിട്ടുമുണ്ടല്ലൊ.     ദേവരാജൻ മാഷുടെ കീഴിൽ പുതിയ ഗാനം ആദ്യ ദിവസം പാടിയത് തീരെ ശരിയായില്ല. പേടിച്ചു, പേടിച്ചു പാടി, മൊത്തം തെറ്റുകൾ പറ്റി. ഞാൻ നിരാശനായി. ജോലി തേടിയാണ് മദ്രാസിൽ പോയത്, അതുതന്നെയാണ് എനിക്കു വിധിച്ചിട്ടുള്ളതെന്നും കരുതാൻ തുടങ്ങി. എന്നാൽ, പിറ്റേ ദിവസം ദേവരാജൻ മാഷ് എന്നെ വീണ്ടും വിളിപ്പിച്ചു. ഒരു ഉശിരൻ പരിശീലനംകൂടി തന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ച് ഞാൻ വീണ്ടും റിക്കോർഡിങ് മുറിയിൽ കയറി. പാടി... എല്ലാം ശരിയായി! 1966-ൽ ആയിരുന്നു അത്. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി...' പാടിയ ഒരു പുതിയ ഗായകനായി ഞാ൯ അറിയപ്പെടാ൯ തുടങ്ങി. എ൯റെ എവർഗ്രീൻ ഗാനങ്ങളിലൊന്നായി ശ്രോതാക്കൾ ഇന്നും ഈ ഗാനം നെഞ്ചിലേറ്റുന്നു! 'മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എനിക്കു തന്നതിന് യേശുദാസിന് ഞാ൯ എന്നും കടപ്പെട്ടിരിക്കുന്നു.
 

🟥 പണ്ടത്തെ റിക്കോർഡിങ് ആയാസകരം
അറുപതു വർഷം മുന്നെ നടന്ന യേശുദാസിൻ്റെ പ്രഥമ പിന്നണിഗാന റിക്കോർഡിങ് എങ്ങനെ ഉള്ളതായിരുന്നു

എന്ന് ഇന്നുള്ളവർക്ക് ഊഹിയ്ക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. ഒരൊറ്റ മൈക്കാണ്. അതിനു മുന്നിലാണ് പാട്ടുകാരനും അകമ്പടിയുമെല്ലാം. എല്ലാം ഒരുമിച്ചാണ് റിക്കോർഡ് ചെയ്യുന്നത്. സംഗീത ഉപകരണങ്ങൾ വായിക്കുന്ന ഏതെങ്കിലും ഒരാൾക്ക് ചെറിയൊരു പിഴവ് പറ്റിയാൽ പോലും പാട്ട് മൊത്തം തുടക്കം മുതൽ പാടണം. അങ്ങനെ പല ടേക്കുകൾ കഴിയുമ്പോഴാണ് ഒരു ഗാനത്തിൻ്റെ ശബ്ദലേഖനം പൂർത്തിയാകുന്നത്. എന്നാൽ, നിരവധി ട്രേക്കുകൾ മിശ്രണം ചെയ്താണ് ഇന്നൊരു ഗാനം റിക്കോർഡ് ചെയ്യുന്നത്. ഓരോ ഇൻസ്റ്റ്രുമെൻ്റെിനും ഓരോ ട്രേക്കാണ്. ആലാപന സമയത്ത് ഒരക്ഷരം ഇത്തിരി നീട്ടി പാടാൻ മറന്നു പോയാൽ, അത് നീട്ടാൻ പോലും ഇന്ന് സൗകര്യങ്ങളുണ്ട്. പാട്ടോ, അതിലെ ഒരു വരി പോലുമോ വീണ്ടും പാടുകയേ വേണ്ട. ഡ്യൂവെറ്റ്, കോറസ് ഒക്കെ പാടുന്നവർ പരസ്പരം കാണുന്നില്ല, ആരൊക്കെയാണെന്ന് അറിയുന്നുപോലുമില്ല. സ്റ്റുഡിയോകളും വിഭിന്നമായിരിക്കാം. പിന്നീട് പാട്ടു കേൾക്കുമ്പോഴാണ് തൻ്റെ കൂടെ ഈ പാടിയിരിയ്ക്കുന്നത് ആരെന്ന് ഗായികയും ഗായകനും തിരക്കുന്നത്!
 

🟥 യേശുദാസ് വലിയ ഗായകൻ
ഇന്ത്യയിൽ ഇത്രയധികം ഭാഷകളിൽ, ഇത്രയധികം ഗാനങ്ങൾ ആലപിച്ച മറ്റൊരു ഗായകനോ ഗായികയോയില്ല. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം യേശുദാസിനാണ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത്. അദ്ദേഹമത് എട്ടു പ്രാവശ്യം നേടി. ആറെണ്ണവുമായി എസ്. പി. ബാലസുബ്രഹ്മണ്യമാണ്
രാജ്യത്ത് രണ്ടാമത്. സംസ്ഥാനങ്ങളിൽനിന്നായി മികച്ച ഗായകനുള്ള അമ്പതിലേറെ സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദേശം എല്ലാ സംസ്ഥാന സർക്കാറുകളിൽ നിന്നും ലഭിച്ചു. മുഹമ്മദ് റാഫിയും, ലതാ മങ്കേഷ്കറും എത്താത്തൊരു ഉയരമാണിത്. കൂടുതൽ താരതമ്യങ്ങൾക്കൊന്നും ഞാനില്ല. പക്ഷെ, യേശുദാസ് എന്നേക്കാൾ വലിയ ഗായകനാണെന്ന് ഞാൻ പറയും. അദ്ദേഹം മനോഹരമായാണ് പാടുന്നത്, ഞാൻ പാടുന്നത് മനോഹരമാണെന്ന് മററുള്ളവരാണ് പറയേണ്ടത്.


ദാസേട്ടൻ്റെ ആദ്യ ഗാനം, 60 വർഷം (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക