Image

ഒരു ചോറ്റുപാത്രത്തിൻ്റെ ഓർമ്മക്ക് (വിഷ്ണു പുൽപ്പറമ്പിൽ)

Published on 24 November, 2021
ഒരു ചോറ്റുപാത്രത്തിൻ്റെ ഓർമ്മക്ക് (വിഷ്ണു പുൽപ്പറമ്പിൽ)
അടുക്കളയിൽ നിന്നും അധികപ്പറ്റായ പാത്രങ്ങൾ ഒഴിവാക്കുമ്പോഴാണ് വർഷങ്ങളോളം വിശപ്പ് തീർത്ത തൂക്കുപാത്രം കൈയ്യിലെത്തിയത്.ഒപ്പം തന്നെ അമ്മ കഞ്ഞി കുടിക്കാറുള്ള സ്റ്റീലിൻ്റെ കൈയ്യിലും വട്ടപ്പാത്രവും. 

ഷോ കെയ്സിലിരിക്കുന്ന പോർസലൈൻ കട്ട് ഗ്ലാസ്സുകൾ പോലും ഉപയോഗിക്കാൻ അവസരമില്ലാത്ത കാലത്ത് ഈ പുരാവസ്തുക്കളെന്തിനെന്ന ചോദ്യം ചെന്നെത്തിച്ചത് കാർത്ത്യായനി ടീച്ചറുടെ ഒന്നാം ക്ലാസ്സിലേക്കായിരുന്നു. ഓർമ്മകൾ ചിലന്തിവല കെട്ടിയ പുവ്വാട്ടുപറമ്പ എൽ പി സ്കൂൾ.... 

മഴ പെയ്തിറങ്ങിയ ഒരു ജൂണ് മാസം രണ്ടിന് ഏട്ടന്റെ കൂടെ ഓലക്കുടയിൽ വള്ളി ട്രൌസാറുമിട്ട് പെരുമൻപുറ ഇടവഴിയും  കടന്നു ആളോളം വെള്ളമുള്ള മാമ്പുഴ തോടും ചാടിക്കടന്ന് വയൽ
വരമ്പത്തൂടെ പൂവാട്ടുപറമ്പ് എയുപി സ്കൂളിലേക്ക്... സ്കൂൾ ജീവിതത്തിലേക്ക് ഒരു പ്രയാണം... 
ഹെഡ്മാസ്റ്റർ നമ്പ്യാർ മാഷ് തൻ്റെ മുറിയിൽ കാലൊടിഞ്ഞ കസേരക്ക് വേദനിക്കാതെ ഇരിക്കുന്നുണ്ട്. അച്ഛൻ കൊടുത്ത കത്തു വാങ്ങി മാഷുടെഓർമപ്പെടുത്തൽ. "മിടുക്കൻആകണം
ഏട്ടന്മാരെ പോലെ"
അച്ഛൻ്റെ എട്ടാമത്തെ സന്താനമായി ഞാൻ പിറന്നു വീണത് മകരമാസത്തിലെ പുണർതം നാളിൽ ഉദായത്തിനു ഒരു നൂല് മുൻപേ ആണെന്ന് 'അമ്മ പറയാറുണ്ട്.
ഫെബ്രുവരി മാസത്തിൽ പിറന്ന എന്റെ ജനന തിയ്യതി 14/05/1963 എന്നു അനുഗ്രഹിച്ചു തന്നത് നമ്പ്യാർ മാഷ് തന്നെ.അങ്ങനെ ആരുടെയൊക്കെയോ നാൾവഴി കണക്കു പ്രകാരം എൻ്റെ ദിനരാത്രങ്ങൾ പുലർന്ന് അസ്തമിക്കുന്നു.
മകരത്തിലെ പുണർതം നാൾ പ്രകാരം നവഗ്രഹങ്ങളുടെ തടവറയിൽ....

'തേവർക്ക് നേദിച്ച പടച്ചോറിൻ്റെ രണ്ട് ചെറിയ പടയിടുമ്പോഴേക്കും  തൂക്ക് നിറയും. തലേന്ന് ചായക് വാങ്ങുന്ന പാൽ അമ്മ ആരും കാണാതെ മാറ്റി ഉറ വീത്തിയ ഇത്തിരി തൈരും ഒരു കടുമാങ്ങയും ആയാൽ സമൃദ്ധിയായി. 

പാടവരമ്പത്ത് കൂടെ നടന്ന് മാമ്പുഴയുടെ കൈവഴിയായ തോട് ചാടിക്കടന്ന് വേണം സ്കൂളിൽ എത്താൻ .അധിക ദിവസവും ചാട്ടം പിഴയ്ക്കും.' നനഞ്ഞ് കുതിർന്ന് സ്കൂളിൽ എത്തിയാൽ കാർത്ത്യായനി ടീച്ചർ അമ്മയെപ്പോലെ തല തുവർത്തി തരും.... നനഞ്ഞ പപ്പട പരുവമായ പുസ്തകം ഉപ്പുമാവ്വ് ഉണ്ടാക്കുന്ന അടുപ്പിനരികിൽ വെച്ച് ഉണക്കി തരും. 

അതിനിടക്ക് ചൂരലുമായി നമ്പ്യാർ മാഷ് വരും. 
ആരൊക്കെയാണ് രാവിലെ പല്ല് തേച്ചത് രാവിലെ കുളിച്ത്ല്ല്ന്ല്  കണക്കെടുക്കുക നമ്പ്യാർ മാഷാണ്. രാവിലെ പല്ല് തേച്ച് കുളിയും തൊഴലും കഴിയാതെ അമ്മ ജലപാനം തരില്ല. എന്നാലും സത്യസന്ധത തെളിയീക്കാൻ കിട്ടുന്ന അവസരം കളയാതിരിക്കാൻ കൈയ്യ് പൊക്കും.പിന്നെ സത്യസന്ധൻമാരെയെല്ലാം ആട്ടിതെളിച്ച് നമ്പ്യാർ മാഷ് മാമ്പുഴ തോട്ടിലേക്ക് നടക്കും. കയ്യിൽ കരുതിയ ഉമിക്കരി എല്ലാവർക്കും നൽകും.പല്ല് തേച്ച് കഴിഞ്ഞാൽ പിന്നെ തിരിച്ച് സ്കൂളിലേക്ക്. ക്ലാസ്സിൽ കയറുന്നതിന് മുൻപെ ചന്തിക്ക് ഓരോ അടിയും കിട്ടും. 

പന്ത്രണ്ടര മണിയൊച്ചക്ക് കാതോർക്കുമ്പോൾ ഉപ്പുമാവിന് വറവിടുന്ന ഗന്ധം മൂക്കിൽ തുളച്ച് കയറും. നനഞ്ഞ ട്രൌസറിനകത്ത് വയറിൽ നിന്നും വിശപ്പ് ഇലത്താളം മുഴക്കും . ഒപ്പമുള്ളവരെല്ലാം കോലായിൽ വരിയായി പ്ലേറ്റ് വെച്ച് ഉപ്പുമാവ് കഴിക്കുമ്പോൾ ലേശം കിട്ടിയാലെന്ന്  മനസ്സിൽ മോഹമായിരുന്നു .. ആരും കാണില്ലെന്ന് കരുതി ഒരു ദിവസം ഉപ്പുമാവിനിരുന്നതും രമണി അത് ഇല്ലത്തെത്തിച്ചതും അച്ഛൻ്റെ അടിയുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ.... 

തൈര് കൂട്ടി കടുമാങ്ങയും കടിച്ച് ഊണ് കഴിക്കുമ്പോൾ കിട്ടിയ സന്തോഷവും രുചിയും ഇപ്പോഴും നാവിലുണരുന്നു... പടച്ചോറിൽ തൈര് കൂട്ടുമ്പോഴുള്ള സ്വാദ്.നാലിൽ നിന്നും ജയിച്ച് പെരുവയൽ സ്കൂളിൽ ചേർന്നപ്പോഴും ചോറ്റുപാത്രം മാത്രം മാറിയില്ല. ഏഴാം ക്ലാസ്സുവരെ സന്തത സഹചാരിയായ ആത്മ സുഹൃത്ത്... ഒരു തലമുറക്ക് മാത്രം ഓർമ്മകളിലുണ്ടാവുന്ന ഈ ചോറ്റുപാത്രം.... തൂക്ക് പാത്രം....
കോൺഫ്ലേക്സും, ബ്രഡ് ജാമും, ബിരിയാണിയും  പിടിച്ചടക്കിയ പുതിയ തലമുറക്ക് അപ്രാപ്യമായൊരു സ്വർഗ്ഗമായിരുന്നു നമ്മുടെ പടച്ചോറും ചോറ്റുപാത്രവും. അതിലേറെ അഷ്ടി തികക്കാൻ മുട്ടുശാന്തി ചെയ്ത് അടുക്കളയിൽ തീ പൂട്ടിയ പിതാമഹൻമാരുടെ നന്മയുടെ കരുതലും സ്നേഹവും....
ഓർമ്മകളിലെങ്കിലും ഉണ്ടാവട്ടെ ഗ്രാമത്തിൻ്റെ നന്മ നിറഞ്ഞ ഒരു കുട്ടിക്കാലവും കാർത്ത്യായനി ടീച്ചറും പടച്ചോറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക