Image

ശ്രീനഗറില്‍ അധ്യാപകരെ കൊലപ്പെടുത്തിയ ടി.ആര്‍.എഫ്. കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

Published on 24 November, 2021
 ശ്രീനഗറില്‍ അധ്യാപകരെ കൊലപ്പെടുത്തിയ ടി.ആര്‍.എഫ്. കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ടി.ആര്‍.ഫിന്റെ മുതിര്‍ന്ന കമ്മാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറില്‍ രണ്ട് അധ്യാപകരുടെ കൊലപാതകത്തില്‍ ഉള്‍പ്പടെ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ടി.ആര്‍.ഫിന്റെ കമ്മാന്‍ഡറായ മെഹ്രാനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. 

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന സുപിന്ദര്‍ കൗറിനെയും അധ്യാപകനായ ദീപക് ചന്ദിനെയും വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതിയാണ് ഇയാള്‍.  മാസങ്ങള്‍ക്ക് മുന്‍പ് ശ്രീനഗറിലുണ്ടായ തുടര്‍ച്ചയായ തീവ്രവാദ ആക്രമണങ്ങളിലാണ് ഈ അധ്യാപകര്‍ കൊല്ലപ്പെട്ടത്. സാധാരണ പൗരന്‍മാര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് 'ദ റെസിസ്റ്റന്‍സ് ഫ്രന്റ്' അഥവാ ടി.ആര്‍.എഫ്. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.  കഴിഞ്ഞയാഴ്ച ഹിസ്ബുള്‍ മുജാഹിദീന്റെ ജില്ലാ തലവനേയും ടി.ആര്‍.എഫിന്റെ മറ്റൊരു തലവനേയും സൈന്യം വധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക