Image

കോവിഡ് രൂക്ഷമാകുമെന്ന് മുന്നിൽക്കണ്ട് ന്യൂയോർക്കിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

Published on 27 November, 2021
കോവിഡ് രൂക്ഷമാകുമെന്ന് മുന്നിൽക്കണ്ട് ന്യൂയോർക്കിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

ന്യൂയോർക്ക്, നവംബർ 27 : ഒമിക്രോൺ എന്ന അപകടകാരിയായ വകഭേദത്തിനെതിരെയുള്ള മുന്നൊരുക്കമെന്ന നിലയിൽ,  ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോക്കൽ  ജനുവരി 15 വരെ സംസ്ഥാനത്ത്  ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

2020 ഏപ്രിൽ മുതൽ കാണാത്ത കോവിഡ്  നിരക്കാണ്  ന്യൂയോർക്ക് സംസ്ഥാനത്ത്  ഇപ്പോൾ കണ്ടുവരുന്നതെന്ന്  ഹോക്കലിന്റെ  എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് വ്യാഴാഴ്ച 6,295 പുതിയ കേസുകളും  28 പുതിയ അനുബന്ധ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.45 ശതമാനമാണ്.
 കോവിഡ് മൂലമുണ്ടായ   ആശുപത്രി പ്രവേശന നിരക്ക് കഴിഞ്ഞ ഒരു മാസമായി പ്രതിദിനം 300 ആയി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും  എക്സിക്യൂട്ടീവ് ഓർഡറിലുണ്ട്.

സംസ്ഥാനമൊട്ടാകെ ആശുപത്രി ശേഷി ഉറപ്പാക്കാൻ ഒരു ഏകോപിത സമീപനം പിന്തുടരണമെന്ന് ഹോക്കൽ പറഞ്ഞു. ഈ സംസ്ഥാന ദുരന്ത അടിയന്തരാവസ്ഥ ഉൾക്കൊള്ളുന്നതിനും തയ്യാറെടുക്കുന്നതിനും  സംസ്ഥാന-പ്രാദേശിക സ്വത്ത് സംരക്ഷിക്കുന്നതിനും ആവശ്യമായ മറ്റ് സഹായങ്ങൾ നൽകും.  പ്രാദേശിക സർക്കാരുകളെയും വ്യക്തികളെയും സഹായിക്കുന്നതിന് അടിയന്തര പദ്ധതി നടപ്പിലാക്കാനും അവർ നിർദ്ദേശിച്ചു. 

ന്യൂയോർക്കിൽ  പുതിയ കോവിഡ് കേസുകൾ  ഈ വർഷം മധ്യത്തിൽ 500 ൽ താഴെയായി കുറഞ്ഞത് , ഓഗസ്റ്റിൽ 4,000 ആയി ഉയർന്നിരുന്നു. ന്യൂയോർക്കിൽ, 2020 മാർച്ചിൽ കോവിഡ് മൂലം   ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2021 ജൂൺ അവസാനത്തോടെ അത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക