Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 28 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച(ജോബിന്‍സ്)
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥി മോഫിയ യുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആലുവ പൊലീസിന്റെ നടപടിയെയും വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
***********************************
ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയെന്ന് വിശേഷിപ്പിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍  കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കേസുകള്‍ സ്ഥിരീകരിച്ച ബ്രിട്ടന്‍ കടുത്ത നടപടികളുമായി രംഗത്തെത്തി. ഇസ്രയേല്‍  രാജ്യാതിര്‍ത്തികള്‍ അടച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയില്‍ രണ്ടുപേരിലും ഇറ്റലിയില്‍ ഒരാളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക ഏറുകയാണ്.
***********************************
വിവാദ കാര്‍ഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം . വീഴ്ച അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്  സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പട്ടു. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് ആവശ്യം. താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം അജണ്ടയില്‍ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. 
**********************************
സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഇനിയും സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ തുറന്നിട്ടും അധ്യാപകര്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാട്ടിയതോടെയാണ് വിദ്യാഭ്യാസവകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്. നിലവില്‍ ഏകദേശം 5,000 ത്തോളം പേര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഇവര്‍ക്കെതിരെ എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന ആശയക്കുഴപ്പം നിലവിലുണ്ട്. 
***********************************
യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന് എതിരെയാണ് പൊലീസ് കേസെടുത്തത്. നഗ്ന ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിലാണ് കേസ്. പീഡനം, നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
************************************
കൊറോണ വൈറസിന്റെ ഏറ്റവും മാരകമേറിയ രൂപമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് കേരളം ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഇവര്‍ ആരെങ്കിലും പോസിറ്റിവായാല്‍ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കും. 
*************************************
മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. നിലവില്‍ 141.65 അടിയാണ് ഡാമിലെ ജലനിരപ്പ്. 142 അടി വരെ ഡാമില്‍ ജലം സംഭരിക്കാം
*************************************
തലശ്ശേരി ഇന്ദിരാഗാന്ധി  സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്  കെ സുധാകരനും മമ്പറം ദിവാകരനും നേരത്തെ പരസ്യമായി പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.
*************************************
യുപിയിലെ പ്രധാന പരീക്ഷകളിലൊന്നായ ഉത്തര്‍പ്രദേശ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ  ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ചോര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അറിയിച്ചു. വീണ്ടും പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മഥുര, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ എന്നിവിടങ്ങളിലെ നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചോദ്യപേപ്പര്‍ വൈറലായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക