Image

100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുന്ന ബിസിനസ്സുകാരന്‍ തന്നെയാണ് താനെന്ന് മോഹന്‍ലാല്‍

ജോബിന്‍സ് Published on 01 December, 2021
100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുന്ന ബിസിനസ്സുകാരന്‍ തന്നെയാണ് താനെന്ന് മോഹന്‍ലാല്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍. മരയ്ക്കാര്‍ റിലീസിന് മുന്നോടിയായി ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലേക്ക് നല്‍കാനിരുന്നത്. എന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല. താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും. ഞാന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകും.

തിയേറ്റര്‍ ഉടമകള്‍ അത് മനസിലാക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബര്‍ 2ന് ആണ് ആഗോള റിലീസായി മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രമാണിത്. കേരളത്തില്‍ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിന് എത്തും.

ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക