Image

യു എസിലെ ആദ്യ ഒമിക്രോൺ കേസ് കാലിഫോർണിയയിൽ 

Published on 02 December, 2021
യു എസിലെ ആദ്യ ഒമിക്രോൺ കേസ് കാലിഫോർണിയയിൽ 

കാലിഫോർണിയ :  ഒമിക്രോൺ  വേരിയന്റ് കേസ്  ആദ്യമായി യുഎസിലും സ്ഥിരീകരിച്ചു. കാലിഫോർണിയയിൽ  സാൻ ഫ്രാൻസിസ്കോ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുകൾ കേസ് കണ്ടെത്തിയ വിവരം, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) ബുധനാഴ്ച അറിയിച്ചു.

ദക്ഷിണാഫ്രിക്ക സന്ദർശിച്ച ശേഷം നവംബർ 22 ന് മടങ്ങി എത്തിയ യാത്രക്കാരനിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചിരുന്ന ഇയാൾ,  നേരിയ ലക്ഷണങ്ങൾ കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. നവംബർ 29-ന് കോവിഡ്  പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നതിനാൽ ആശങ്ക വേണ്ടെന്ന് സിഡിസിയുടെ  പ്രസ്താവനയിൽ പറയുന്നു. 

 യാത്രികൻ  ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചിരുന്നോ എന്ന വിവരം അറിയില്ലെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.രോഗബാധിതന്റെ നില  മെച്ചപ്പെട്ടുവരികയാണെന്നും, അയാളുമായി 
 സമ്പർക്കം പുലർത്തിയവരുടെ   പരിശോധനാഫലം നെഗറ്റീവ് ആണെന്നുമുള്ള  ആശ്വാസവും  ഫൗച്ചി പങ്കുവച്ചു.

 ഇതിനകം വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ വേഗം കുത്തിവയ്പ്പ് സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.വാക്സിനേഷൻ എടുത്തിട്ട്  ആറുമാസത്തിലേറെയായെങ്കിൽ  ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും ഫൗച്ചി ഓർമ്മപ്പെടുത്തി.

കഴിഞ്ഞ ആഴ്‌ച ലോകാരോഗ്യ സംഘടന 'ആശങ്കാജനകമായ  വകഭേദം' എന്ന് വിശേഷിപ്പിച്ച ഒമിക്രോൺ  വൈറസ് സ്‌ട്രെയിന്,  ഡെൽറ്റ വേരിയന്റിനേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നാണ് അതിലെ മ്യൂട്ടേഷനുകൾ  സൂചിപ്പിക്കുന്നത്.

കുറഞ്ഞത് 20 രാജ്യങ്ങളിൽ ഈ  വേരിയന്റ് കണ്ടെത്തിയ ശേഷമാണ് ആദ്യത്തെ യുഎസ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
 വാക്സിനേഷനുകൾ ഒമിക്റോണിനെതിരെ ഫലപ്രദമാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ അറിവില്ല.
അവധിക്കാലത്തെ ഒത്തുചേരലുകളിൽ, വാക്സിൻ സ്വീകരിക്കാത്തവർക്കൊപ്പം ഇടപഴകേണ്ട  സാഹചര്യത്തിൽ മാസ്ക് ധരിക്കണമെന്നും, വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുള്ളവർക്കൊപ്പം   ഇൻഡോറിൽ മാസ്ക് ഒഴിവാക്കാമെന്നും  ഫൗച്ചി ബുധനാഴ്ച  പറഞ്ഞു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക