Image

യു.എസ്സില്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയത് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്ത യാത്രക്കാരനില്‍

പി.പി.ചെറിയാന്‍ Published on 02 December, 2021
യു.എസ്സില്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയത് പൂര്‍ണ്ണമായും വാക്‌സിനേറ്റ്  ചെയ്ത യാത്രക്കാരനില്‍
കാലിഫോര്‍ണിയ: അമേരിക്കില്‍ ആദ്യമായി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്ത ഈയ്യിടെ സൗത്ത് ആഫ്രിക്കാ പര്യടം കഴിഞ്ഞെത്തിയ യാത്രക്കാരനില്‍ നിന്നാണെന്ന് ഡിസംബര്‍ 1 ബുധനാഴ്ച കാലിഫോര്‍ണിയ ആരോഗ്യവകുപ്പും, സി.ഡി.സി.യും ഔദ്യോഗീകമായി സ്ഥിരീകരിച്ചു. സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കൊ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഡോ.ഗ്രാന്റ് പറഞ്ഞു.

50 വയസ്സുള്ള കാലിഫോര്‍ണിയയില്‍ നിന്നുള്ളയാള്‍ സൗത്ത് ആഫ്രിക്കാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നവംബര്‍ 22നാണ് തിരിച്ചെത്തിയത്. നവംബര്‍ 25ന് കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ പ്രകടമായെന്നും പിന്നീട് നടത്തിയ വിശദപരിശോധനയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെന്നും സിഡിസി വ്യക്തമാക്കി.

പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയയുടന്‍ ഇയാള്‍ സ്വയം ക്വാറന്റയ്‌നില്‍ പോയെന്നും, ഇയാളുമായി അടുത്തു ബന്ധപ്പെട്ട എല്ലാവരേയും പരിശോധനക്ക് വിധേയമാക്കിയെന്നും എന്നാല്‍ ആരിലും പോസിറ്റീവ് കണ്ടെത്തിയില്ലെന്നും ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു.

യു.എസ്. ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ ഇതിനകം തന്നെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നവംബര്‍ 25നാണ് സൗത്ത് ആഫ്രിക്കന്‍ ആരോഗ്യവകുപ്പ് പുതിയ ഒമിക്രോണ്‍ വേരിയന്റിനെ കുറിച്ച് മുന്നറിയിപ്പു നല്‍കിയത്.

മുന്നറിയിപ്പു ലഭിച്ചതോടെ അമേരിക്കാ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഒമിക്രോണ്‍ വ്യാപിക്കാതിരിക്കുന്നതിനുള്ള നടപടികളും, പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ആരായുകയാണ്. പ്രസിഡന്റ് ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസര്‍ ഡോ.ആന്റണി ഫൗച്ചിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക