Image

ഒമിക്രോണിനെ പ്രതിരോധിക്കാൻ വാക്സിനിൽ മാറ്റങ്ങൾ വരുത്താൻ സജ്‌ജരെന്ന് നിർമ്മാതാക്കൾ

Published on 03 December, 2021
ഒമിക്രോണിനെ പ്രതിരോധിക്കാൻ വാക്സിനിൽ മാറ്റങ്ങൾ വരുത്താൻ സജ്‌ജരെന്ന്  നിർമ്മാതാക്കൾ
ലണ്ടൻ, ഡിസംബർ 1 :ഒമിക്രോൺ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ,കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും നിർമ്മാതാക്കൾക്ക്  സമ്മർദ്ദമുണ്ട്. പുതിയ സൂത്രവാക്യങ്ങൾ തയ്യാറാക്കാനുള്ള നെട്ടോട്ടത്തിലാണ് ഫൈസർ, മോഡേണ,ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്രസെനിക ഉൾപ്പെടെയുള്ള പ്രമുഖ  മരുന്ന് കമ്പനികൾ എന്നാണ് റിപ്പോർട്ട്.

 വൈറസിന്റെ പുതിയ പരിവർത്തനം വിശദമായി പഠിച്ച ശേഷം, സ്ട്രെയിനുമായി പൊരുത്തപ്പെടുത്താൻ അവശ്യമായ മാറ്റങ്ങൾ മരുന്നിൽ മാറ്റാൻ  ശ്രമിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
 മ്യൂട്ടേറ്റഡ് വേരിയന്റിനെ കുറിച്ച്  ആറാഴ്‌ചയ്‌ക്കുള്ളിൽ കൃത്യമായി വിശകലനം ചെയ്ത്  എംആർഎൻഎ വാക്‌സിനിൽ  മാറ്റങ്ങൾ വരുത്തി   100 ദിവസത്തിനുള്ളിൽ മരുന്നിന്റെ പുതിയ  ബാച്ചുകൾ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണെന്ന് ഫൈസർ  കമ്പനി പറഞ്ഞു.

പൂർണ്ണമായി വാക്സിൻ സ്വീകരിച്ച ആളുകൾക്ക് പുതിയ സ്‌ട്രെയിനിൽ നിന്ന് ഗുരുതരമായ രോഗാവസ്ഥ  ഉണ്ടാകുമോ എന്നും വാക്സിൻ എത്രമാത്രം പ്രതിരോധം ഏർപ്പെടുത്തുമെന്നും കമ്പനിക്ക്  ഉറപ്പില്ല.നിരവധി  പരിവർത്തനം സംഭവിച്ച  വേരിയന്റിനെതിരെ പ്രതിരോധ സംരക്ഷണം എങ്ങനെ നിലകൊള്ളുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഒമിക്രോണിന് വളരെ ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അഭിപ്രായപെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ  ഈ വകഭേദത്തിന്റെ അപകടസാധ്യതകളും വാക്‌സിൻ ഫലപ്രാപ്തിയും മനസിലാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ആഗോള ആരോഗ്യ സംഘടന അറിയിച്ചു. രണ്ടാഴ്ചയ്ക്കകം വിവരങ്ങൾ ലഭ്യമാകും.

നിലവിൽ ലഭ്യമായ കോവിഡ് വാക്‌സിനുകൾ ഒമിക്രോൺ വേരിയന്റിനെതിരെ ഫലപ്രദമാകുമെന്ന് മോഡേണയുടെ  ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റെഫാൻ ബാൻസൽ പറഞ്ഞു. അധിക ഡോസ് കൂടുതൽ  നിർമ്മിക്കാൻ കുറച്ച് മാസങ്ങൾ വേണ്ടിവരുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.
 
എന്നാൽ,  നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോണിനെതിരെ സംരക്ഷണം നൽകുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് ആസ്ട്രസെനെക്ക വാക്‌സിൻ നിർമ്മിക്കുന്ന ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ  പ്രസ്താവനയിൽ പറയുന്നു. ആവശ്യമെങ്കിൽ അപ്‌ഡേറ്റ് ചെയ്‌ത വാക്‌സിൻ അതിവേഗം  വികസിപ്പിക്കാൻ സജ്ജരാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പുതുതായി കണ്ടെത്തിയ ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റിനെ നേരിടാൻ തയ്യാറാണെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്തെ പരിശോധനകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനെ തടയുമെന്ന  ഉറപ്പും ചൈന പ്രകടിപ്പിച്ചു.

ചൈനയിൽ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പുതിയ മ്യൂട്ടേറ്റഡ് വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭിപ്രായപ്പെട്ടു.

സ്‌പുട്‌നിക് വിയും സ്‌പുട്‌നിക് ലൈറ്റും ഒമിക്‌റോണിനെ നിർവീര്യമാക്കുമെന്ന് റഷ്യയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടും വിശ്വസിക്കുന്നു. ഒമിക്റോണിന് അനുയോജ്യമായ സ്പുട്നിക് വാക്സിന്റെ പുതിയ പതിപ്പ് വികസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
 പുതിയ സ്‌പുട്‌നിക് പതിപ്പിന്റെ വൻതോതിലുള്ള ഉൽപ്പാദനം, 45 ദിവസത്തിനുള്ളിൽ സാധ്യമാകുമെന്നും റഷ്യയ്ക്ക് ഉറപ്പുണ്ട്.

ഒമിക്രോൺ വേരിയന്റിലെ 50 മ്യൂട്ടേഷനുകളിൽ 32 എണ്ണവും  സ്പൈക്ക് പ്രോട്ടീനിലാണ്. അതിനാൽ തന്നെ മനുഷ്യശരീരത്തിൽ ബാധിക്കാനും വ്യാപിക്കാനും സാധ്യതയേറെയാണ്. അതുകൊണ്ടാണ് ശാസ്ത്രജ്ഞർ ആശങ്കാകുലരായി, ജനങ്ങളുടെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്  വാക്സിനുകൾ മെച്ചപ്പെടുത്താൻ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒമിക്രോണിനെതിരായ വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശ്വസനീയമായ ഡാറ്റ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയിലെ  ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. നിഗമനങ്ങളിൽ എത്തിച്ചേരാൻ ഉടനെ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഡബ്ല്യുഎച്ച്ഒ എല്ലാ വിദഗ്ധ സംഘങ്ങളെയും വിളിച്ചുകൂട്ടിയിട്ടുണ്ടെന്നും കൃത്യമായ വിശകലനത്തിന്  കുറച്ച് ആഴ്ചകൾ എടുക്കുമെന്നും സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

ഒമിക്രോണിനെ പ്രതിരോധിക്കാൻ വാക്സിനിൽ മാറ്റങ്ങൾ വരുത്താൻ സജ്‌ജരെന്ന്  നിർമ്മാതാക്കൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക