Image

ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍

ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍ Published on 04 December, 2021
ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. പോലീസ് സേന തുടര്‍ച്ചയായി ക്രിമിനല്‍വല്‍ക്കരിക്കപ്പെടുമ്പോള്‍, ഉദ്യോഗസ്ഥര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍, അഴിമതി നടത്തുമ്പോള്‍ അവരെ തിരുത്താന്‍, ശരിയായ വഴിക്ക് നടത്താന്‍, നേതൃഗുണം വേണമെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരിഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പിണറായി വിജയന്‍ ഒരു മികച്ച ഭരണാധികാരി ആണോ?

പോലീസ് സേന തുടര്‍ച്ചയായി ക്രിമിനല്‍വല്‍ക്കരിക്കപ്പെടുമ്പോള്‍, ഉദ്യോഗസ്ഥര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍, അഴിമതി നടത്തുമ്പോള്‍ അവരെ തിരുത്താന്‍, ശരിയായ വഴിക്ക് നടത്താന്‍, നേതൃഗുണം വേണം. രണ്ടെണ്ണം ഇല്ലെങ്കിലും ചങ്ക് ഒന്നെങ്കിലും വേണം. ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല, ഭരണാധികാരിയുടെ പ്രവര്‍ത്തിയില്‍ ആണ്. അത് ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം.
ഒരു ഭരണാധികാരി ചെയ്യുന്ന തെറ്റുകള്‍ ചോദ്യം ചെയ്യാതെ കൂടെ നില്‍ക്കുന്ന ഉദ്യോഗസ്ഥ-പോലീസ് വൃന്ദങ്ങളേ അതേപോലെ പ്രത്യുപകാരമായി സഹായിക്കുക എന്നതാണ് ഇന്ന് കേരളഭരണത്തില്‍ കാണുന്നത്. CPM അണികള്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഓടിനടന്നു ന്യായീകരിച്ചുകൊള്ളും. അവര്‍ സ്വയം കരുതുന്നത് അതവരുടെ എന്തോ ഉത്തരവാദിത്തം എന്ന നിലയ്ക്കാണ്.

CPM ന്റെയും LDF ന്റെയും രാഷ്ട്രീയ നയമല്ല ഭരണത്തില്‍ നടക്കുന്നത് എന്നു വെളിവുള്ള ഏത് ഇടതുപക്ഷ നേതാവും വോട്ടറും സമ്മതിക്കും.
മുന്നണിയുടെ നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന പണിയാണ് പിണറായി വിജയനെന്ന ആളെ ആ മുന്നണി ഏല്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് അത് ചെയ്യുക എന്ന പണിയാണ് സത്യത്തില്‍ മുഖ്യമന്ത്രിയുടേത്.
ആ അര്‍ത്ഥത്തില്‍, പിണറായി വിജയന്റെ ഭരണനേതൃഗുണം പൊള്ളയായ, ഊതിപ്പെരുപ്പിച്ച ഒന്നല്ലേ എന്നു സംശയമുണ്ട്. നേതാവ് എന്ന നിലയില്‍ നൂറുശതമാനം പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുന്നതിലും അണികളെ കൂടെ നിര്‍ത്തുന്നതിലും വിജയിച്ചപ്പോഴും, ആഭ്യന്തരവകുപ്പ് ഭരണാധികാരി എന്ന നിലയില്‍ പിണറായി വിജയന്‍ പരാജയമാണ് എന്നാണ് നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നത്.
ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള പണി അത് അറിയാവുന്ന ആരെയെങ്കിലും ഏല്പിക്കേണ്ട സമയം എന്നോ അതിക്രമിച്ചു.
ഇത് തുറന്നു പറയേണ്ട ആളുകളുടെ വായിലെല്ലാം ഓരോ എല്ലിന്‍ കഷണങ്ങള്‍ ഉണ്ട്. കുരയ്ക്കാന്‍ അതൊരു തടസ്സമാണ്. എനിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക