Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 04 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)
കൊവിഡ് വ്യാപനത്തില്‍ കേരളത്തെ ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍ . കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
****************************
അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കള്‍ക്കുള്ള ഐസിയു ഉടന്‍ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും അട്ടപ്പാടിയിലെത്തിയ മന്ത്രി പറഞ്ഞു. 
*****************************
കര്‍ഷക സമരം  തുടരാന്‍ കിസാന്‍ സംയുക്ത മോര്‍ച്ചയുടെ  യോഗത്തില്‍ തീരുമാനമായി. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ ഉപരോധ സമരം പിന്‍വലിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*****************************
രാജ്യത്ത് ഒരു ഒമിക്രോണ്‍  കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
*******************************
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു . ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണശേഷം ഒരു വര്‍ഷത്തോളം അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. തമിഴ്നാട് , കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
************************************
സംസ്ഥാനത്ത് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു . സ്‌കൂള്‍ ജീവനക്കാരില്‍ അദ്ധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 1707 പേരാണ് ഇനിയും വാക്സിന്‍ സ്വീകരിക്കാനുള്ളത്.  ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്സീനെടുത്തിട്ടില്ല. മലപ്പുറം ജില്ലയിലാണ് വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ കൂടുതലുള്ളത്.
*****************************************
കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ്  പോര് രൂക്ഷമായിരിക്കെ, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ മുഖപത്രം. 'കോണ്‍ഗ്രസ് ഡീപ് ഫ്രീസറില്‍' എന്ന തലക്കെട്ടിലാണ് ലേഖനം.'ബി.ജെ.പിക്കെതിരെ പോരാടാന്‍ തൃണമൂല്‍ പ്രതിജ്ഞാബദ്ധമായിരിക്കെ, രാജ്യത്തെ മുഖ്യ പ്രതിപക്ഷമായിട്ടും കോണ്‍ഗ്രസ് സ്വയം ഫ്രീസറില്‍ പൂട്ടിയിരിക്കുകയാണ്. ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം വീട്ടില്‍ അടച്ചിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
********************************************
രണ്ട് ഒമിക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അടുത്ത ആഴ്ച മുതല്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. വാക്സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല' മധുര കളക്ടര്‍ അനീഷ് ശേഖറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
***********************************************
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനക്കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക