Image

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

Published on 04 December, 2021
ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

ഏറ്റവും പുതിയ കൊറോണ വൈറസ് വേരിയൻറ്  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ, ഒമിക്രോണെന്ന ഏറ്റവും പുതിയ കൊറോണ വൈറസ് വേരിയൻറ് പടരുന്നതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ വെള്ളിയാഴ്ച പറഞ്ഞു. ഒമിക്രോണിന്റെ അതിവേഗവ്യാപനം  ശരീരത്തിന്റെ  പ്രതിരോധത്തെ മറികടക്കാനുള്ള കഴിവിൽ നിന്നുമാണെന്ന്  ഗവേഷകർ അഭിപ്രായപ്പെട്ടു. ഇതോടെ, ആശങ്ക വർധിച്ചിരിക്കുകയാണ്.
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ഗണിതശാസ്ത്ര മോഡലറായ കാൾ പിയേഴ്സണാണ് വിശകലനത്തിന് നേതൃത്വം നൽകിയത്. 
ഡോ. പിയേഴ്സൺ ട്വിറ്ററിൽ ഫലങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗവേഷണം ഇതുവരെ അവലോകനം ചെയ്യുകയോ  ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.
 നിലവിലെ വാക്‌സിനുകൾ നൽകുന്ന സംരക്ഷണം  നിന്ന് ഒമിക്‌റോണിനെ നേരിടാൻ പര്യാപ്തമാണോ എന്ന് വ്യക്തമല്ല.മുപ്പതോളം  രാജ്യങ്ങളിൽ ഒമിക്രോൺ  വേരിയന്റ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലായി 10 കേസുകളെങ്കിലും അമേരിക്കയിൽ  സ്ഥിരീകരിച്ചു. ഭരണകൂടത്തിന്റെ ഏറ്റവും പുതിയ പാൻഡെമിക് നടപടികൾ ഒമിക്റോണിന്റെ വ്യാപനം തടയാൻ പര്യാപ്തമാണെന്ന് പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച രാവിലെ ആവർത്തിച്ചു.
നവംബർ 23 ന് ദക്ഷിണാഫ്രിക്കയിലാണ് ഈ വേരിയന്റ് ആദ്യമായി തിരിച്ചറിഞ്ഞത്. അവിടെ നിലവിൽ റിപ്പോർട് ചെയ്യപ്പെടുന്ന കേസുകളിൽ  മുക്കാൽ ഭാഗത്തോളം ഒമിക്രോൺ മൂലമാണ്. ദക്ഷിണാഫ്രിക്കയിൽ വ്യാഴാഴ്ച 11,535 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, തലേദിവസത്തെ അപേക്ഷിച്ച് 35 ശതമാനം കുതിപ്പ് രേഖപ്പെടുത്തി.
 പോസിറ്റീവിറ്റി നിരക്ക് 16.5 ശതമാനത്തിൽ നിന്ന് 22.4 ശതമാനമായി ഉയർന്നു.

ഒമിക്രോണിനെ നേരിടാൻ രാജ്യം സജ്ജമെന്ന് ഫൗച്ചി 

 ഒമിക്‌റോണിന്റെ വ്യാപനം ട്രാക്കുചെയ്യാനും തടയാനും ഫെഡറൽ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോ. ആന്റണി ഫൗച്ചി ജനങ്ങൾക്ക് ഉറപ്പ് നൽകി.
അമേരിക്കയിൽ പ്രബലമായ ഡെൽറ്റയെ  മറികടന്ന് ഒമിക്‌റോൺ പുതിയ തരംഗം സൃഷ്ടിക്കുമോ എന്നറിയാൻ  ശാസ്ത്രജ്ഞർ സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്നും ഫൗച്ചി 
 പത്രസമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോൺ ബാധിച്ചിരിക്കുന്നവർ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഒമിക്‌റോണിന്റെ   വ്യാപനം, രോഗപ്രതിരോധം,  തീവ്രത എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനാകുമെന്നും ഫൗച്ചി പറഞ്ഞു.
ബൂസ്റ്റർ ഷോട്ടുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഫൈസറിന്റെയും  മോഡേണയുടെയും വാക്സിനുകളുടെ മൂന്നാമത്തെ ഡോസ് സ്വീകർത്താക്കളിൽ  ആന്റിബോഡികളുടെയും  മെമ്മറി ബി, ടി സെല്ലുകളുടെയും  അളവ്  ഗണ്യമായി വർദ്ധിപ്പിക്കുമെന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും ഫൗച്ചി  പറഞ്ഞു. 
അമേരിക്കയിൽ  ആദ്യമായി  ഒമിക്‌റോൺ റിപ്പോർട് ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം, മുൻപത്തെ ദിവസങ്ങളിലേതിനേക്കാൾ  വളരെ കൂടുതൽ ആളുകൾക്ക്  വാക്‌സിനേഷൻ നൽകിയെന്ന്  പ്രസിഡന്റ് ബൈഡന്റെ കൊറോണ വൈറസ് പ്രതികരണ കോർഡിനേറ്റർ ജെഫ്രി സീയന്റ്സ് അറിയിച്ചു. ഒരു മില്യണിലധികം  ബൂസ്റ്റർ ഷോട്ടുകൾ ഉൾപ്പെടെ 2.2 മില്യൺ  ഷോട്ടുകൾ നൽകിയതായി സീയന്റ്സ് പറഞ്ഞു. അവധിക്കാലം വരുന്നതിനാൽ, വാക്സിനേഷൻ എടുക്കുന്നതിൽ കാലതാമസം വരുത്തുന്നത് അപകടകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ നടപടികൾ വ്യാപനം തടയാൻ പര്യാപ്തമെന്ന് ബൈഡൻ 

ന്യൂയോർക്ക് മുതൽ ഹവായ് വരെ ഒമിക്‌റോൺ വേരിയന്റിന്റെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, പ്രായപൂർത്തിയായ എല്ലാവർക്കും  ബൂസ്റ്ററുകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ടെസ്റ്റിംഗ്  വിപുലീകരിക്കാനും പദ്ധതിയുണ്ട്.
പുതിയ വേരിയന്റിന്റെ വ്യാപനം ചെറുക്കാൻ  തന്റെ ഭരണകൂടത്തിന്റെ പുതിയ നടപടികൾ പര്യാപ്തമാണെന്ന ശുഭാപ്തിവിശ്വാസം പ്രസിഡന്റ് ജോ  ബൈഡൻ പ്രകടിപ്പിച്ചു.
ശാസ്ത്രജ്ഞനല്ലെങ്കിലും രോഗത്തെ സംബന്ധിച്ചും അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചും തനിക്ക് ബോധ്യമുണ്ടെന്നും വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും  ബൈഡൻ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക