Image

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

Published on 04 December, 2021
പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)
ചെരിപ്പ് എല്ലാവർക്കും ആശ്വാസമാണെങ്കിൽ  അയാൾക്ക് എപ്പോഴും തലവേദനയാ യിരുന്നു.സാധാരണ ഗതിയിൽ മറ്റുള്ളവർ ഉപയോഗിക്കുന്നതിനെക്കാൾ കുറച്ചു കാലമെ അയാൾ ചെരിപ്പ് ഉപയോഗിക്കാറുള്ളു.എവിടെയാണെങ്കിലും കഴിയുന്നിടത്തോളം നടന്നേ പോകൂ എന്നതിനാൽ പെട്ടെന്ന് തേഞ്ഞ് തീരുന്നതാണ് ഒരു കാര്യം.അല്ലെങ്കിൽതന്നെയും കുറെ നാൾ ഒരേ ചെരിപ്പ് തന്നെ കാലിലിട്ട് നടക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയാണ്.പിന്നെ അതു മാറി പുതിയത് വാങ്ങിയാലേ ഒരു സമാധാനമാകൂ.

  കഴിഞ്ഞ ദിവസം പള്ളിയിൽ പോയി പ്രാർഥന കഴിഞ്ഞിറങ്ങുമ്പോൾ അയാളുടെ ചെരിപ്പ് കാണാനില്ല.ചെരിപ്പ് തിരക്കി പള്ളിയുടെ ചുറ്റും നടന്നു.നിരാശയായിരുന്നു ഫലം.എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഏതോ ഒരു ചെരിപ്പ് അയാൾക്ക് വേണ്ടി കാത്തു കിടന്നു..മനസ്സില്ലാ മനസ്സോടെ അതുമിട്ട് അയാൾ വീട്ടിലേക്ക് നടന്നു,സ്വന്തം ചെരിപ്പ് തന്നെ കുറെ കഴിഞ്ഞാൽ അസ്വസ്ഥതയാകുന്നയാൾക്ക് മറ്റൊരാളുടെ ചെരിപ്പ് ഇട്ടു കൊണ്ട് നടക്കുമ്പോഴുള്ള അസ്വസ്ഥത പറയേണ്ടതില്ല.ശമ്പളം കിട്ടിയ കാശ്  തീർന്നതു കൊണ്ടു മാത്രമാണ്  അയാൾ ആ ചെരിപ്പുമായി കുറച്ചു ദിവസം നടന്നത്.തന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും പകരം മറ്റൊരാളുടെത് വലിച്ചു കൊണ്ടു നടക്കുന്ന വേവലാതിയോടെയായിരുന്നു ആ ദിവസങ്ങളിലെ അയാളുടെ നടത്തം.

ശമ്പളം കിട്ടിയ ഉടനെ അയാൾ ആദ്യം പോയത് ചെരിപ്പ് കടയിലേക്കാണ്.പുതിയ ചെരിപ്പ് വാങ്ങി കാലിലിട്ട ശേഷമാണ്  ഒരു സമാധാനമായത്.പഴയ ചെരിപ്പ് കടയുടെ മുന്നിലുപേക്ഷിച്ചിട്ട് പോരുമ്പോൾ എന്തോ വലിയൊരു ഭാരം ഇറക്കി വെച്ചിട്ട് പോരുമ്പോലെയാണ് അയാൾക്ക് തോന്നിയത്.പള്ളിയിൽ പോകുമ്പോൾ ആരും ശ്രദ്ധിക്കാത്ത ഇടം കണ്ടു പിടിച്ച് ചെരിപ്പ് വെച്ചിട്ടാണ് അയാൾ അകത്തേക്ക് കയറുന്നത്.എങ്കിലും ദൈവത്തോട് പ്രാർഥിക്കുന്നതിനിടയിലും തന്റെ ചെരിപ്പ് ആരെങ്കിലും അടിച്ചു കൊണ്ട് പോയിരിക്കുമോ എന്ന ചിന്ത അയാളെ വേട്ടയാടി.പുറത്തിറങ്ങി ചെരിപ്പിനുള്ളിൽ കയറിക്കൂടിയാലേ ഒരു സമാധാനമാകൂ.

കുറച്ചു ദിവസം മുമ്പ് വായനശാലയിൽ പോയപ്പോൾ ചെരിപ്പ് മുകളിലത്തെ പടിയിൽ തന്നെ വെച്ചു.അധികം ചെരിപ്പുകൾ പുറത്തില്ലാതിരുന്നതിനാൽ അത്രയും മതിയല്ലോ എന്നു കരുതി.ചെരിപ്പിനെപ്പറ്റി ചിന്തിക്കാതെ അയാൾ വായനയിൽ മുഴുകി.എല്ലാവരും പോയി വായനശാല അടക്കാറായപ്പോൾ അയാൾ എഴുന്നേറ്റു.പുറത്തു വന്ന് ചെരിപ്പിട്ടു നോക്കിയപ്പോൾ എന്തോ ഒരു വൈഷമ്യം.ഒരു വിധത്തിൽ കാല് അകത്തു കടത്തി.നടക്കാൻ വല്ലാതെ പ്രയാസപ്പെട്ടു.സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്.ചെരിപ്പ് മാറിപ്പോയിരിക്കുന്നു.കമ്പനി ഒന്നു തന്നെ,വലിപ്പം മാറി..പത്ത് ഇഞ്ചിന്റെതിനു പകരം ഒൻപത് ഇഞ്ചിന്റെത്.മാത്രമല്ല വളരെ പഴകിയതും..ഈശ്വരാ,അടുത്ത ശമ്പള ദിവസം വരെ ഈ ചെരിപ്പ് ഇട്ടു കൊണ്ട് നടക്ക്ക്കണമല്ലോ?.ഒരു ഗദ്ഗദത്തോടെ അയാൾ നെടുവീർപ്പിട്ടു.വലിപ്പമെങ്കിലും കൃത്യമായിരുന്നെങ്കിൽ എങ്ങനെയും ഇട്ടു കൊണ്ട് നടക്കാമായിരുന്നു.

 ഗത്യന്തരമില്ലാതെയാണ് അയാൾ ആ തീരുമാനത്തിലെത്തിയത്.ഓഫീസിലും വിശേഷ കാര്യങ്ങൾക്കും പോകുമ്പോൾ മാത്രം പാദരക്ഷകൾ ഉപയോഗിക്കുക.മറ്റു സ്ഥലങ്ങളിൽ വിശേഷിച്ച് പള്ളിയിലും വായനശാലയിലുമൊക്കെ പോകുമ്പോൾ നഗ്നപാദനായി പോകുക..ആ തീരുമാനമെടുത്തപ്പോൾ വലിയ ആശ്വാസമായി.ചെരുപ്പിന്റെ തലവേദന ഇതോടെ മാറുമെന്ന് അയാൾ വിചാരിച്ചു.അങ്ങനെ അടുത്ത ദിവസം വാനശാലയിലേക്ക് നഗ്നപാദനായി ചെല്ലുമ്പോൾ പുറത്തെങ്ങും ഒരു ചെരിപ്പും കാണാനില്ല.അയാൾ ആകാംക്ഷയോടെ അകത്തേക്ക് നോക്കി.,പതിവിൽ കവിഞ്ഞ തിരക്ക് കാണാനുണ്ട്.ഇവരുടെയൊക്കെ ചെരിപ്പ് എവിടെപ്പോയി..ഇനി എല്ലാവരും ചെരിപ്പ് വേണ്ടെന്ന് തീരുമാനിച്ചോ?കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്ന് അയാൾക്ക് മനസ്സിലായി.

 ചെരിപ്പാണ് മാറിപ്പോകുന്നതെങ്കിൽ എങ്ങനെയും പ്രശ്നം പരിഹരിക്കാമായിരുന്നു.ഇനി ആരുടെയെങ്കിലും കാലുമായിട്ടാണ് കാല് മാറിപ്പോകുന്നതെങ്കിൽ…ആ ചിന്ത പോലും അയാളെ ഭയപ്പെടുത്തി.ഭ്രമാത്മകമായ ചിന്തകൾ പകർന്ന ഭീതിയിൽ വായനശാലയിൽ  കയറാതെ അയാൾ വീട്ടിലേക്ക് തിരികെ നടന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക