Image

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കേസ് അവസാനിപ്പിച്ചു

Published on 04 December, 2021
അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം:  കടയ്ക്കാവൂരില്‍ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി.രജനീഷിന്റെതാണ് ഉത്തരവ്.

പീഡന പരാതി വ്യാജമാണെന്നു കാട്ടി 2021 ജൂണ്‍ 16നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജികൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേക മെഡിക്കല്‍ സംഘമാണ് വൈദ്യപരിശോധന നടത്തിയത്. പരിശോധനയില്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചില്ല. അമ്മയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തത്. 2020 ഡിസംബര്‍ 28ന് അമ്മയെ അറസ്റ്റ് ചെയ്തു. വ്യക്തി വിരോധത്താല്‍ മുന്‍ ഭര്‍ത്താവാണ് മകനെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴി നല്‍കിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം.

കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പോക്സോ കോടതി നടപടി എടുക്കാത്തതിനാല്‍ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി കേസ് വേഗത്തില്‍ അവസാനിപ്പിക്കണം എന്ന ഉത്തരവ് പോക്സോ കോടതിക്കു നല്‍കി. സര്‍ക്കാരിനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.കെ.അജിത് പ്രസാദ് ഹാജരായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക