Image

മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല: ജയസൂര്യ

Published on 04 December, 2021
മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല: ജയസൂര്യ


കൊച്ചി: റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം, മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും നടന്‍ ജയസൂര്യ. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് താരത്തിന്റെ ഈ വിമര്‍ശനം.

മഴക്കാലത്താണ് റോഡുകള്‍ നന്നാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി കെ പ്രശാന്ത് എം എല്‍ എ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായാണ് ജയസൂര്യയുടെ ഈ പരാമര്‍ശം. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. എന്തു ചെയ്തിട്ടാണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ലെന്നും ജയസൂര്യ പറഞ്ഞു.

ഇപ്പോള്‍ റോഡ് നന്നാക്കാനായി സര്‍കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. നല്ല റോഡുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു. ടോളുകള്‍ക്ക് ഒരു നിശ്ചിത കാലാവധി നിശ്ചയിക്കണമെന്നും വളരെ കാലം ടോള്‍ പിരിക്കുന്ന രീതി ഉണ്ടാവരുതെന്നും താരം പറഞ്ഞു.

റോഡുകളുടെ പൊതുവായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ജയസൂര്യ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അഭിനന്ദിക്കുകയും ചെയ്തു. റിയാസ് ഊര്‍ജസ്വലനായ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നല്ല പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക