Image

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

Published on 06 December, 2021
ആത്മാവില്‍ ദരിദ്രര്‍.....  (കഥ: ജോസഫ്‌  എബ്രഹാം)
തലേന്ന് വെള്ളിയാഴ്ചയായിരുന്നു.  പിറ്റേദിവസം അവധി ദിവസമായതിനാല്‍ സ്വസ്ഥമായി ആത്മഹത്യചെയ്യാമെന്നായിരുന്നു  എന്‍റെ തീരുമാനം.
 ഓഫീസിലെ അവസാന ദിവസമെന്നു  കരുതിയതിനാല്‍, പതിവിനു വിപരീതമായി   എല്ലാവരോടും യാത്ര പറഞ്ഞാണന്നു പിരിഞ്ഞത്.  ഏന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയായ സമാന്തയെ  ആലിംഗനം ചെയ്തപ്പോള്‍, എന്താണെന്നറിയില്ല,  അന്നവള്‍  ആദ്യമായി ഏന്‍റെ കവിളില്‍ ചുംബിച്ചു.  

  അന്നുരാത്രി നന്നായി കിടന്നുറങ്ങി. ഉറക്കത്തില്‍ നാട്ടുകാരനായ ഇത്താപ്പിരിയെ സ്വപ്നംകണ്ടു. ഇത്താപ്പിരിയെ അവസാനമായി കണ്ടതും   ഒരു വെള്ളിയാഴ്ച സന്ധ്യാനേരത്തായിരുന്നു.  ഞങ്ങള്‍ കൂട്ടുകാരെല്ലാം കടത്തിണ്ണയിലിരുന്നു സൊറ പറയുന്നതിനിടയില്‍      ഇത്താപ്പിരി കടന്നുവന്നു. അയാള്‍  വളരെ സന്തോഷത്തിലായിരുന്നു, ചോദിക്കാതെ തന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇത്താപ്പിരി ചായവാങ്ങി തന്നു, പിന്നെ തിരക്കിട്ട്  യാത്ര പറഞ്ഞു പോയി. പിറ്റേന്നാണറിഞ്ഞത്  ഇത്താപ്പിരി ആ  പോക്ക് പോയത് നേരെ മരണത്തിലേക്കായിരുന്നുവെന്നത്.
 
 തലേന്ന്  ഇത്താപ്പിരിയുടെ കയ്യില്‍ നിന്നും ചായ വാങ്ങി കുടിച്ച എല്ലാവര്‍ക്കും പിറ്റേന്ന് മനംപിരട്ടലുണ്ടായി. രാസവള പീടികക്കാരനായ രാഘവേട്ടനാണ്  ഏറെ പ്രയാസപ്പെട്ടത്.   ചായകുടിച്ച  ഗ്ലാസ്‌ തിരികെ വാങ്ങുമ്പോള്‍,  വാഴയിലെ തണ്ടുതുരപ്പന്‍ പുഴുവിനെ തുരത്താന്‍  ബെസ്റ്റാന്നു പറഞ്ഞു ഇത്താപ്പിരിയുടെ കയ്യില്‍ വിഷം പൊതിഞ്ഞുകെട്ടി കൊടുത്തത്  രാഘവേട്ടനായിരുന്നു.

 *********
എട്ടുവരി പാതയുടെ കുറുകെയുള്ള മേല്‍പാലത്തിന്റെ  കൈവരിയില്‍ പിടിച്ചു കൊണ്ട് ഞാന്‍ താഴേക്ക്‌  നോക്കി. മേല്‍പ്പാലത്തിലെ മതിലിനു അരയാള്‍ പൊക്കമേയുള്ളുവെങ്കിലും, അതിലേക്കു വലിഞ്ഞുകയറാന്‍ വലിയ പാടായിരുന്നു. താഴേക്ക്‌ നോക്കിയപ്പോള്‍ നിരത്തുകള്‍ നിറഞ്ഞു അതിവേഗത്തില്‍ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ കണ്ടതോടെ  ഭയം കാലുകളിലൂടെ അരിച്ചു കയറി.  
മതിലിനു മുകളില്‍ കയറുമ്പോള്‍  കൈകാലുകള്‍ വിറച്ചു. പാതി മെയ്യിനെ മതിലിനു മുകളില്‍ എത്തിച്ചപ്പോള്‍ പിന്നില്‍ നിന്നും ഒരു സ്വരം കേട്ടു.

 “സെന്ന്യോര്‍ പോര്‍ ഫെവോര്‍ നോ (Señor por favor no”)
(ദയവായി അരുതേ സര്‍)

മരിക്കാന്‍ തയ്യാറെടുത്തുകൊണ്ട്  അവസാന ലാപ്പില്‍ നില്‍ക്കുമ്പോള്‍, കാവല്‍ മാലാഖമാര്‍ തടസം പറയാന്‍ വരുന്നതൊക്കെ ചില സിനിമകളില്‍ കണ്ടിട്ടുണ്ട്. സ്പാനിഷ് പറയുന്ന ഈ മാലാഖ ആരെന്നറിയാന്‍  തിരിഞ്ഞു നോക്കിയപ്പോഴേക്കും  മതിലിനു മുകളിലെത്തിയ ഒരു കാലും പാതി ഉടലും നിലതെറ്റി, കോണ്‍ക്രീറ്റ് മതിലില്‍ ഉരഞ്ഞു താഴേക്ക്‌ ചെരിഞ്ഞു വീണു.

 എഴുനേറ്റിരുന്നു  കൈമുട്ടിലെ തോലുരഞ്ഞ നീറ്റലില്‍ നോക്കി മുഖം ഉയര്‍ത്തിയപ്പോള്‍ മുന്നില്‍  ‘പിങ്ക്’ എന്നെഴുതിയ കറുത്ത  സ്വെറ്റ് പാന്റ്സാണ് ആദ്യം കണ്ണില്‍പ്പെട്ടതു. എന്നെക്കാളും ഉയരമുണ്ടവള്‍ക്ക്. വെളുത്തു ചുവന്ന മുഖക്കാരി.  നാട്ടിലായിരുന്നെങ്കില്‍  ഇവരെയൊക്കെ നമ്മള്‍ മദാമ്മമാരുടെ കൂടെ കൂട്ടിയേനെ. അമേരിക്കയിലായതുകൊണ്ട്, തൊലിവെളുപ്പുണ്ടെങ്കിലു  നമ്മളവരെ, നമ്മെക്കാളും താഴെയുള്ളവരായിട്ടാണ് ഗണിക്കുന്നത്.  കയ്യിലെ  വെള്ളക്കുപ്പി  അവളെനിക്കു നേരെനീട്ടി. ഞാനതു വാങ്ങികുടിക്കുന്ന നേരം  അവള്‍  എനിക്കരികിലായി നടപ്പാതയിലിരുന്നു.
 
 അവള്‍ സിഗരറ്റ് പായ്ക്കറ്റ് തുറന്നു എനിക്ക് നേരെ നീട്ടി. പുകവലിശീലം ഉപേക്ഷിച്ചിരുന്നെങ്കിലും  അപ്പോളതു നിരസിക്കാന്‍ തോന്നിയില്ല.  മൌനമായിരുന്നുകൊണ്ട്  ഞങ്ങള്‍ പുകവലിച്ചു.  അവള്‍ എന്നോടൊന്നും ചോദിച്ചില്ല. ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നത് കാത്തിരിക്കുകയാവണം.
 
എന്‍റെ കൈകള്‍  അറിയാതെ പോക്കറ്റിലേക്കു നീണ്ടുചെന്നു. പേഴ്സ്  അവിടെ തന്നെയുണ്ട്‌.  ‘നിന്‍റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്‍റെ ഹൃദയവും’ എന്ന വാക്കുകള്‍ എത്രയോ സത്യം.! അല്‍പ്പനിമിഷം മുന്‍പുവരെ എല്ലാം ഉപേക്ഷിച്ചു പോകുവാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ മനസു വീണ്ടും പണത്തിനൊപ്പമെത്തി.
 
 ജീവിതം വേണ്ടായെന്നു വച്ചതിനു പിന്നിലും പണം തന്നെയായിരുന്നു ഒരു കാരണം
“കാശില്ലാത്തവന്‍ പെണ്ണുകെട്ടാന്‍ നില്‍ക്കരുത്”.  
ജീവിതത്തില്‍ ഒരുപാട് തവണ  കേട്ട് അപമാനിതനായി ഉള്ളുരുകിയ വാക്കുകള്‍.
“അവിടെ  കിടന്നു പണം ഉണ്ടാക്കുകയാണ്. നാട്ടിലേക്കു       
 ഇടയ്ക്കൊന്നു വന്ന് പെറ്റമ്മയെ പോലും തിരിഞ്ഞു നോക്കാതെ...”
ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍  കാശില്ലാത്തതിനാലാണ് നാട്ടിലേക്കുള്ള യാത്രകള്‍ നീണ്ടു പോകുന്നതെന്നു പറഞ്ഞാല്‍ ആരും  വിശ്വസിക്കില്ല.  ഒരിക്കല്‍ അമ്മയെ വിളിച്ചപ്പോള്‍ അമേരിക്കയിലുള്ളവര്‍ക്ക് കാശിനിത്ര ബുദ്ധിമുട്ടാണോന്നു? അയല്‍ക്കാര്‍ ചോദിക്കുന്നുവെന്ന്   അമ്മ പറഞ്ഞുകേട്ടു.
 വിദേശത്ത് ജോലിക്കാരിയായ  മകളുടെ കല്യാണത്തിനു ക്ഷണിച്ച ബന്ധുവിനോട്,  ഇപ്പോള്‍ നാട്ടില്‍ വരാന്‍ ബുദ്ധിമുട്ടാണെന്ന്  പറഞ്ഞപ്പോള്‍ “ കാശു വല്ലതും വേണമെങ്കില്‍ ഞാന്‍ കുറച്ചു അയച്ചു തരാം” എന്ന്  ഗര്‍വോടെ കളിയാക്കിയത് ഓര്‍ത്തു.  പണം, അതുതന്നെയാണ് എപ്പോഴും എന്നെ  തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അതുണ്ടാക്കാന്‍ എനിക്കൊരിക്കലും ആവുകയുമില്ല.
 
 “ഹാസീ മൂച്ചോ കാലോര്‍ (hace mucho calor)”
(ഭയങ്കര ചുടാണ്)

  കൈകള്‍ വിശറിപോലെ  മുഖത്ത്  വീശിക്കൊണ്ട്   അവള്‍ എഴുന്നേറ്റു. അവളുടെ വാക്കുകളാണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.  ഞാന്‍ ഒന്നും പറയുന്നില്ലന്നു കണ്ടതിനാലാവണം  അവള്‍ സംസാരത്തിനു തുടക്കമിട്ടത്.
എഴുന്നേല്‍ക്കാന്‍  ആയാസപ്പെട്ട  എനിക്കു നേരെ അവള്‍ കൈനീട്ടി. വയസു അമ്പതെ ആയുള്ളെങ്കിലും ജീവിത ചെലവ് നേരിടാന്‍വേണ്ടി  ഈ അടുത്ത കാലത്ത്  തുടങ്ങിയ രണ്ടാമത്തെ ജോലി എന്‍റെ ശരീരത്തെ വല്ലാതെ ഉലച്ചുതുടങ്ങി. രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെയുള്ള ആദ്യത്തെ  ജോലി.  അത്  കഴിഞ്ഞു ആറുമണി മുതല്‍ പത്ത് വരെ ഒരു കോഫീ ഷോപ്പില്‍. എല്ലാം കഴിഞ്ഞു കിടന്നു ഉറങ്ങുമ്പോള്‍ പാതിരാവാകും. രാവിലെ അഞ്ചു കഴിയുമ്പോള്‍ വീണ്ടും എഴുന്നേല്കണം.
 
ഇന്നിനി മരിക്കാനുള്ള കാര്യത്തിലെ മൂഡ്‌ പോയി. ഇനി വീണ്ടും ശ്രമിക്കണമെങ്കില്‍ അതിനുള്ള മൂഡ്‌  ഒത്തുവരണം.  ഇനി എങ്ങോട്ടാണ് പോവുക വീട്ടിലേക്കോ? മനസ്സു വീടുവിട്ടിറങ്ങിപ്പോയിട്ടു നാളുകളായി. തല ചായ്ക്കാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ മാത്രം പാതിരാവില്‍ അവിടെയക്ക് നൂഴും.
 
അവള്‍ക്കൊപ്പം ലക്ഷ്യമില്ലാതെ നടന്നെത്തിയത്‌,  ഒരു മോട്ടലിന്റെ മുന്‍പിലാണ്. എന്‍റെ മനോഗതം വായിച്ചറിഞ്ഞപോലെ അവള്‍ എന്നെയും കൂട്ടി അവിടേക്ക് നടന്നു. ഞാന്‍ മുറ്റത്തെ  മരത്തിന്റെ തണലില്‍ നിന്നു.  ഒരു വിശ്രമം എനിക്കും ആവശ്യമാണ്. എവിടെയെങ്കിലും കുറച്ചുനേരം കിടക്കണം. അവളുടെ ‘ബാക്ക് പാക്ക്’ ബാഗു എന്‍റെ അരികില്‍ വച്ചവള്‍ മോട്ടലിന്റെ റിസപ്ഷനിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍  നിരാശയോടെ അവള്‍ എന്‍റെ അടുക്കല്‍ വന്നു.
അവളുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നതിനാല്‍  അവള്‍ക്കു മുറിനിഷേധിച്ചു. രേഖകള്‍ ഇല്ലാത്തത് മാത്രമായിരുന്നില്ല,  അവള്‍ തന്നെയായിരുന്നു  നിരസിക്കപ്പെടാനുള്ള കാരണമെന്നു മനസ്സിലാക്കാന്‍ എനിക്ക്   പ്രയാസമുണ്ടായിരുന്നില്ല.
 
ഞാന്‍ അവളെയും കൂട്ടി ചെന്നു. എന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ചു. ഇന്ത്യാക്കാരനായ  മോട്ടല്‍ ക്ലാര്‍ക്കിന്  എന്‍റെ തിരിച്ചറിയല്‍ രേഖ നിരസിക്കാന്‍ ആവില്ലായിരുന്നു.
 
മുറിയില്‍ എത്തിയപാടെ അവളുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ  ഞാന്‍ അവളെ ഗാഡമായി ആശ്ലേഷിച്ചു. എനിക്കപ്പോള്‍ ദൃഡമായ ഒരു ആലിംഗനമായിരുന്നു ആവശ്യം.  കെട്ടിപ്പിടിക്കല്‍ ഒരു പൊട്ടിക്കരച്ചിലായി രൂപന്തരപ്പെടാന്‍ ക്ഷണനേരമേ എടുത്തുള്ളൂ. ഒരു ദീര്‍ഘകാലസ്നേഹിതയെപ്പോലെ അവള്‍ എന്നെ മാറോടു ചേര്‍ത്ത് പിടിച്ചു. അവളുടെ മാറില്‍ മുഖം ചേര്‍ത്ത് കരയുമ്പോള്‍,  എന്‍റെ മുടിയിഴയിലൂടെ അവള്‍ വിരലോടിച്ചു. അമ്മയുടെ മാറില്‍ ആശ്വാസം കൊള്ളുന്ന  ശിശുവിനെപ്പോലെ ഞാനപ്പോള്‍ ആശ്വാസം കൊണ്ടു.
 
 ആ നിമിഷങ്ങളെക്കുറിച്ച് പിന്നീട് ആലോചിക്കുമോഴൊക്കെ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്തായിരുന്നു  ഞങ്ങള്‍ തമ്മില്‍ അത്രയും അടുക്കാന്‍ കാരണം? എന്തുകൊണ്ടാണ് അത്രയും കരുണ അവള്‍ക്കെന്നോട് തോന്നിയത്?  എന്‍റെ ഭാഷ അവള്‍ക്കോ, അവളുടെ ഭാഷ എനിക്കോ വശമില്ല.  വാക്കുകള്‍ ഒന്നും ഇല്ലാതെതന്നെ  ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയിരുന്നു.
 
ഉറക്കം  വിട്ടുണര്‍ന്നപ്പോള്‍  എന്നെയും ഉറ്റുനോക്കി അവള്‍ കസേരയില്‍ ഇരിക്കുന്നുണ്ട്‌. മുറിയിലെ  ചെറിയ മേശയില്‍ അവള്‍  വാങ്ങികൊണ്ടുവന്ന ഫില്ലിചീസ് സ്ററീക്ക്  സാന്‍വിച്ചും,  കാപ്പിയും  കണ്ടു.  എനിക്കിഷ്ട്ടപ്പെട്ട സാന്‍വിച്ചേതെന്നു ഞാന്‍ അവളോട്‌ പറഞ്ഞിരുന്നില്ല. അവള്‍ പുറത്ത് പോയതുപോലും ഞാനറിഞ്ഞില്ല,  പക്ഷെ എങ്ങിനെയോ അവള്‍ എനിക്കിഷ്ട്ടമായത് തന്നെ കൊണ്ടുവന്നു. ഒരു പക്ഷെ വീട്ടിലുള്ളവരോടു എന്‍റെ ഇഷ്ട്ട ഭക്ഷണമേതെന്നു ചോദിച്ചാല്‍ അവര്‍ക്കതറിയാന്‍ തരമില്ല.

 ഡയസ്, എന്നാണവളുടെ പേര്. അവള്‍ അവളുടെ  ഫോണെടുത്തു അതില്‍ സ്പാനിഷില്‍ എന്തോ പറഞ്ഞു,  എന്നിട്ടാ ഫോണ്‍ എന്‍റെ നേരെ കാട്ടി. അവള്‍ ചോദിച്ചത് മൊഴിമാറി ഇംഗ്ലീഷില്‍ ഫോണിന്‍റെ സ്ക്രീനില്‍  തെളിഞ്ഞു വന്നു. അവള്‍ എന്‍റെ പേരു ചോദിച്ചതാണ്.  ആ രണ്ടു ദിവസങ്ങളിലും ഞങ്ങള്‍ സംസാരിച്ചത്  അങ്ങിനെ ഫോണ്‍ വഴിയായിരുന്നു.
രാത്രിയില്‍,  ഒരു കട്ടിലില്‍ ഇരുപുറവുമായി കിടന്നപ്പോള്‍, സ്കൂള്‍ അവധിക്കാലത്ത് അമ്മവീട്ടില്‍ വിരുന്നിനു പോകുമ്പോള്‍ ഞങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ പായയില്‍ വാതോരാതെ വര്‍ത്താനം പറഞ്ഞു കിടക്കുന്ന മധുരമാമ്പഴക്കാലമായിരുന്നു മനസുനിറയെ.  അവളും വളരെ ശാന്തമായി എന്‍റെ അരികില്‍ കിടന്നുറങ്ങി.
അവള്‍ എല്‍-സാല്‍വഡോറിലെ ലാ-പാസ് എന്ന നാട്ടുകാരി.  ഒരു ആണ്‍കുട്ടിയായി പിറന്നു  പതിനേഴാമത്തെ വയസില്‍ അവളുടെ  സ്വത്വം എന്നത്  ഒരു പെണ്മനസ്  ആണെന്ന് വീട്ടുകാര്‍ക്കും വെളിവായി.
 
“കുടുംബക്കാര്‍ക്കു, ഞാന്‍ അപമാനമായി.  അവരുടെ ദുരഭിമാനം എന്നെ    ഇല്ലായ്മ ചെയ്യാന്‍   ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍  ഞാന്‍ അവിടെ നിന്നും രക്ഷപ്പെട്ടു
 
“അങ്ങിനെ, തലസ്ഥാന നഗരിയായ  സാന്‍-  സാല്‍വഡോറിലെത്തി.                  അവിടെവച്ചാണ്  പ്രായമായ  മോണിക്ക, വിര്‍ജീനിയ എന്നീ  ട്രാന്‍സ്-വനിതകളെ കണ്ടുമുട്ടിയത്‌. അവരെന്നെ  മകളായി സ്വീകരിച്ചു.   അവരുടെ കൂടെ താമസിപ്പിച്ചു.

“സ്നേഹം എത്ര മധുരമെന്നു തിരിച്ചറിഞ്ഞത് അവരുടെ കൂടെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ്.
“എന്‍റെ വീട്ടില്‍  സ്നേഹമെന്നത് കൊടുക്കല്‍ വാങ്ങലുകളുടെ വലിപ്പമാണെന്ന്  തിരിച്ചറിഞ്ഞപ്പോഴേ   സ്നേഹിക്കാനുള്ള മനസും പടിയിറങ്ങിപ്പോയിരുന്നു. സ്നേഹം പ്രകടിപ്പിക്കാനറിയില്ല  എന്നു ചിലര്‍ പറയുന്നത്  സ്നേഹമില്ലായ്മയുടെ ന്യായീകരണം  മാത്രമാണന്നറിഞ്ഞത്  എന്‍റെ പുതിയ കുടുംബത്തില്‍ നിന്നാണ്
 
“എന്‍റെ അമ്മമാരായ, മോണിക്കയും, വിര്‍ജീനയും എന്നെ ഒരുപാടു  സ്നേഹിച്ചു.  എന്നെ ഉടുത്തൊരുക്കി  അണിയിച്ചൊരുക്കുമായിരുന്നു. തള്ളപക്ഷിയെപോലെ, അവരുടെ ചിറകിന്‍ കീഴില്‍ എന്നെ കാത്തു രക്ഷിക്കാന്‍ ശ്രെമിച്ചു”
 
പുരാണത്തിലെ  വില്ലാളിവീരന്‍  ബൃഹന്നളയായി കഴിഞ്ഞതും,  ഭീഷ്മരെ വധിക്കാന്‍ പെണ്ണൊരുത്തി ശപഥം ചെയ്തതും, അര്‍ദ്ധനാരീശ്വരന്‍റെ കഥകളുമൊക്കെ  ഞാന്‍ പറഞ്ഞപ്പോള്‍  അവള്‍ കൌതുകത്തോടെ കേട്ടു. പിന്നെ  അവള്‍ അവളുടെ തന്നെ ബാക്കി കഥ പറഞ്ഞു തുടങ്ങി
 
ലാറ്റിന്‍ അമേരിക്ക എന്നും  ട്രാന്‍സ് ജെന്‍ഡേര്‍സിനെ വേട്ടയാടുകയാണ്. വിശ്വ മാനവികതയുടെ ജിഹ്വയായി വലിയ കവികള്‍ക്കും  എഴുത്തുകാര്‍ക്കും ജന്മം നല്‍കിയ അവിടം, ലിംഗ നീതിയുടെ ചാവുനിലം കൂടിയാണ്.
അവളുടെ നാട്ടില്‍ തന്നെ   രണ്ടു  ദശാബ്ദ്ത്തത്തിനിടയില്‍  അറുനൂറില്‍ അധികം  എല്‍ ജി ബി ടി ക്കാര്‍ കൊല്ലപ്പെട്ടകഥ പറയുമ്പോള്‍ അവളുടെ വാക്കുകള്‍ മുറിഞ്ഞു.  അവളുടെ രക്ഷകര്‍ത്താക്കളില്‍ ഒരുവളായിരുന്ന മോണിക്കയെ  ഗുണ്ടാസംഘം  തോക്കിനിരയാക്കിയതിന്റെ കാരണവും അവരുടെ സ്വത്വ പ്രതിസന്ധി മാത്രമായിരുന്നു.

  “ഒരു രാത്രിയില്‍  പോലീസുകാര്‍ എന്നെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി. കൈകള്‍ പിന്നിലേക്കാക്കി വിലങ്ങണിയിച്ചു മുട്ടില്‍ നിര്‍ത്തി. എന്‍റെ മുഖത്തിനു നേരെ അവരുടെ വൃത്തികെട്ട നഗ്നത നീണ്ടുനിന്നു. എതിര്‍ത്തപ്പോള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. നിവര്‍ത്തിയില്ലാതെ എനിക്കന്നുരാത്രി മുഴുവന്‍  അവരുടെ വഴുവഴുത്ത  വിഴുപ്പുകള്‍  വിഴുങ്ങേണ്ടിവന്നു.
“മനംപുരട്ടി ചര്‍ദ്ദിച്ചവശയായി കിടന്ന എന്നോട് അവിടെനിന്നും  രക്ഷപെടാന്‍ പറഞ്ഞത്  എന്‍റെ വിര്‍ജീനിയ മമ്മ തന്നെയാണ്.
“ഞാന്‍  മെക്സിക്കയിലേക്ക്,  രക്ഷതേടി കടന്നു. അവിടെയും  വേട്ടയാടപ്പെട്ടപ്പോള്‍, അമേരിക്കയിലേക്ക് കടക്കാമെന്ന പ്രതീക്ഷയോടെ   കാലിഫോര്‍ണിയ അതിര്‍ത്തിയിലെത്തി,   അഭയാര്‍ഥി പട്ടികയില്‍  പേരു ചേര്‍ക്കാന്‍ വരിനിന്നു. ഗുണ്ടകള്‍ തല്ലി തകര്‍ത്തു നീരുവീങ്ങിയ ഏന്‍റെ മുഖത്തിന്റെ ചിത്രം മാത്രമായിരുന്നു  അമേരിക്കയില്‍ അഭയം തേടാനുള്ള എന്‍റെ  ഏക രേഖ.
“ഗതികേടുകൊണ്ട് അഭയാര്‍ഥികളായി അവിടെ  ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്നവര്‍ പോലും എന്നോട്  കരുണ കാണിച്ചില്ല. തലചായ്ക്കാന്‍ ഒരിടംപോലും  എനിക്കവര്‍ തന്നില്ല, എന്നെയവര്‍ കൂട്ടത്തില്‍ നിന്നും  ആട്ടിയോടിച്ചു.  ഒളിച്ചു അതിര്‍ത്തി കടക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നപ്പോള്‍  എന്‍റെ മുന്‍പില്‍. പല ജോലികള്‍ ചെയ്തു. ലക്ഷ്യവും, അഭയവും ഇല്ലാതെ പലയിടങ്ങളില്‍ അലഞ്ഞു,  അങ്ങിനെ  ഇതാ ഇപ്പോള്‍ ഇവിടെയുമെത്തി”
 
 അവള്‍ പറഞ്ഞതൊട്ടും അവിശ്വസനീയമായി തോന്നിയില്ല. അവളെപ്പോലുള്ളവര്‍ക്ക് നേരെ  നടക്കുന്ന വെറുപ്പിന്റെ  കയ്യേറ്റങ്ങള്‍ ചിലപ്പോഴെങ്കിലും വാര്‍ത്തയായി കാണാറുമുണ്ട്.
“ഞാനിങ്ങിനെയായത്‌ ഞാന്‍ വിചാരിച്ചിട്ടല്ലല്ലോ,പിന്നെ എന്തിനാണ് എന്നെപ്പോലെയുള്ളവരോടിങ്ങനെ ചെയ്യുന്നത്?”

ആ ചോദ്യം ലോകത്തോടുള്ള അവളുടെ ചോദ്യമാണ്. ആര്‍ക്കും അതിനുത്തരം ഉണ്ടാകില്ലന്നവള്‍ക്കു തന്നെയറിയാം.
 
അവളുടെ ഒരു ബന്ധു ഫ്ലോറിഡയിലുണ്ട്. അവിടെ എത്തിയാല്‍ എന്തെങ്കിലും വിധത്തില്‍ സഹായിക്കാമെന്നവര്‍ അവളോടു പറഞ്ഞിട്ടുണ്ട്.
ഫ്ലോറിഡയിലേക്ക് പോകാന്‍ നേരിട്ടുള്ള ബസില്ല. തന്നെയുമല്ല  തിരിച്ചറിയല്‍ രേഖകള്‍ ഒന്നും കൈവശമില്ലാത്തതിനാല്‍  ടിക്കറ്റു വാങ്ങുവാന്‍ പോലും പ്രയാസമായിരിക്കും. ഞങ്ങള്‍ താമസിച്ചിരുന്ന മോട്ടലിനടുത്തായി  ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള ഒരു വിശ്രമസ്ഥലം ഉണ്ടായിരുന്നു, വെറുതെ ഒരു ഭാഗ്യപരീക്ഷണം എന്ന നിലയില്‍ അവിടെ പോയി നോക്കിയതാണ്. പക്ഷേ ഭാഗ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പു ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു സ്റ്റോറില്‍ എന്നോടൊപ്പം ജോലി ചെയ്യ്തിരുന്ന ഫിലിപ്പീന്‍ കാരനായ അല്ലാദിന്‍ എന്ന ചങ്ങാതിയെ കണ്ടുമുട്ടി. അവനിപ്പോള്‍ സ്വന്തം ട്രക്ക് ഓടിക്കുകയാണ്, അവന്‍ അന്ന് രാത്രി ഫ്ലോറിഡയിലേക്ക്  പോകുന്നുണ്ടായിരുന്നു.

അല്ലാദിന്റെ ട്രക്കില്‍   അവളെ യാത്രയാക്കിയപ്പോള്‍,  ദീര്‍ഘകാലമുണ്ടായിരുന്ന ആത്മസുഹൃത്തിനെ പിരിഞ്ഞപോലെ മനസുവേദനിച്ചു. സ്വന്തമായി രക്ഷപ്പെടാന്‍  കഴിയാത്ത എനിക്ക്  യാതൊരു രേഖകളും കൈവശമില്ലാത്ത അവളെ മറ്റൊരുവിധത്തിലും സഹായിക്കാന്‍ കഴിയുമായിരുന്നില്ല.
 
തമ്മില്‍  പിരിഞ്ഞതിനു ശേഷം  എല്ലാദിവസവും ഞങ്ങള്‍  ഫോണില്‍ ബന്ധപ്പെടുമായിരുന്നു. അവള്‍ സ്പാനിഷില്‍ അയക്കുന്ന  മെസ്സേജുകള്‍   മൊഴിമാറ്റി ഞാന്‍ വായിച്ചു.  ചിലപ്പോള്‍ അവള്‍ അവള്‍ക്കറിയാവുന്ന  പരിമിതമായ ഇംഗ്ലീഷില്‍ സംസാരിക്കും. ഫോണില്‍ അവളുടെ നിശ്വാസത്തിന്റെ താളം കേട്ടവളുടെ ചിന്തകള്‍ എനിക്കും, എന്റേതവള്‍ക്കും മനസ്സിലാകുമായിരുന്നു. ഇനിയൊരിക്കലും മരണത്തെക്കുറിച്ച്  ചിന്തിക്കരുതെന്നവള്‍ ഇടയിക്കിടയ്ക്കെന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഇത്രയൊക്കെ സഹിച്ചിട്ടും എന്തുകൊണ്ട് അവള്‍ ജീവിതം അവസാനിപ്പിക്കാന്‍ ചിന്തിക്കുന്നില്ല  എന്നൊന്നും ഞാനപ്പോള്‍ ചിന്തിച്ചതേയില്ല.
 
പൊടുന്നനെ ഒരുനാള്‍ അവളുമായിട്ടുള്ള ബന്ധം മുറിഞ്ഞു.  നാലു മാസത്തോളം  ഒരു വിവരവും കിട്ടാതെ ഞാന്‍  വിഷമിച്ചു.  തമ്മിലുള്ള ബന്ധം മുറിഞ്ഞപ്പോഴാണ്  സ്നേഹത്തിന്റെ ആഴം  അളക്കാനാവില്ലെന്നു വെളിപ്പെട്ടതും, അവളെക്കുറിച്ച്  ഏറെ ചിന്തിച്ചതും.
 
അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതീക്ഷിതമായി  അവളുടെ വാട്സ് ആപ്പ്‌ സന്ദേശം വന്നു. വളരെ ഉദ്വോഗത്തോടെ  അവളുടെ സന്ദേശത്തിന്മേല്‍  വിരലോടിച്ചു തുറന്നു നോക്കി.  അവളാ സന്ദേശമയച്ചത് അവളുടെ നാട്ടില്‍ നിന്നുമായിരുന്നു.
 
ഫ്ലോറിഡയില്‍ വച്ചവളെ ഇമിഗ്രേഷന്‍  ഏജന്റ്മാര്‍ അറസ്റ്റുചെയ്തു. പിടിയിലായതോടെ  അവള്‍ അഭയത്തിനായി അപേക്ഷ നല്‍കി. അപേക്ഷ തുടര്‍പരിഗണനയ്ക്കായി  സ്വീകരിക്കപ്പെട്ടതോടെ   നാടുകടത്തപ്പെടാതെ കേസ്    ഇമിഗ്രേഷന്‍ കോടതിയിലേക്കയച്ചു,  അവളെ ഒരു സ്വകാര്യ തടങ്കല്‍ സ്ഥലത്തേക്ക്  മാറ്റി.  
 
“ഞാനൊരു സ്ത്രീയാണ്, എന്നെ സ്ത്രീകളുടെ ഭാഗത്തേയ്ക്ക് ദയവായി മാറ്റൂ”

അവളുടെ ആവശ്യം കേട്ട തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാര്‍  ചിരിച്ചു.
അതില്‍ ഒരാള്‍ പറഞ്ഞു
“നീയൊരു തെമ്മാടിയായ പുരുഷനാണ്”
അവര്‍ അവളുടെ ബ്രാ അഴിച്ചുമാറ്റി.  അവള്‍ക്ക് ആണുങ്ങളുടെ ട്രൌസറും  ബനിയനും നല്‍കി.
“നീ ശപിക്കപെട്ടവനാണ്.”   മറ്റു തടവുകാര്‍ പറഞ്ഞു.
 
 അവളോടു സഹതപിക്കാന്‍ ഒരു നല്ലകള്ളനും  അവളുടെ പീഡാസഹനത്തിന്റെ  ഗോല്‍ഗോത്തയില്‍ ഉണ്ടായില്ല. തടവറയില്‍ ഷേവ് ചെയ്യാന്‍ ബ്ലേഡ് നല്‍കാത്തതിനാല്‍  മുഖരോമങ്ങള്‍ നീണ്ടു വന്നപ്പോള്‍  കാവല്‍ക്കാരന്‍ ചോദിച്ചു,
“നോക്കൂ, നിന്‍റെ താടിരോമങ്ങള്‍ നീണ്ടു. ഇനിയും നീ വിചാരിക്കുന്നുണ്ടോ  നീയൊരു പെണ്ണാണെന്ന്?”

ആരോടും ഒന്നും പറയാന്‍ കഴിയാതെ അവള്‍ നിരാശപ്പെട്ടു.  വിഷാദം അവളെ ഗ്രസിച്ചു. വിചാരണയ്ക്കായി കൊണ്ടുപോയ ആദ്യത്തെ പ്രാവശ്യം  അവള്‍ ജഡ്ജിയോട് ചോദിച്ചു

 “എന്നെ എത്രകാലമിങ്ങനെ തടങ്കലില്‍ വയ്ക്കേണ്ടിവരും?”
“അടുത്ത ആറുമാസത്തിനുള്ളില്‍ നിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഇമിഗ്രേഷന്‍ വകുപ്പിനാണ്. അതിനു ശേഷമേ ഈ കോടതിയുടെ  നടപടികള്‍ തുടങ്ങൂ”
അടുത്ത അവധിക്ക് കോടതിയില്‍ ചെന്നപ്പോള്‍ അവള്‍ പറഞ്ഞു
“എന്റെ നാട്ടിലേക്കു    തിരിച്ചു പോകാന്‍ എനിക്കു ഭയമാണ്.  പക്ഷെ ഈ തടവറയില്‍  ഞാന്‍ മടുത്തു.  എന്നെ വിഷാദ രോഗം  ബാധിച്ചിരിക്കുന്നു”
അവളുടെ ഫയലില്‍  കണ്ണും നട്ടിരുന്ന ജഡ്ജി  അത് ശ്രദ്ധിക്കുക പോലും ഉണ്ടായില്ല.  മൂന്നാമത്തെ പ്രാവശ്യം ചെന്നപ്പോള്‍  ജഡ്ജിക്ക്  മുമ്പാകെ അവള്‍ പറഞ്ഞു
“ഞാന്‍ കേസ് പിന്‍വലിക്കാന്‍ പോകയാണ്”
“അപ്പോള്‍   തിരിച്ചുപോകാന്‍ നിനക്ക് ഭയമില്ലേ”
“ഭയമുണ്ട്, പക്ഷെ ഈ തടവറ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു. ഇതിലും ഭേദം മരണമാണ്. എനിക്കിതു സഹിക്കാനാവില്ല. ഞാന്‍ പാതിരാവില്‍ ഉറക്കം നഷ്ട്ടപ്പെട്ടെഴുന്നേല്‍ക്കുന്നു.  ഞാന്‍ വളരെ ഭയപ്പെടുന്നു. എന്നെ തിരികെ അയച്ചേക്കു”

അവളെ നാടു കടത്താന്‍ ഉത്തരവായ കോടതി, കേസ്  തീര്‍പ്പ് കല്പിച്ചതിനറെ സൂചകമായി അധികാര ചിഹ്നമായ ഗാവല്‍ (GAVEL) ഉയര്‍ത്തി   മേശമേല്‍ അടിച്ചുതിന്റെ ശബ്ദം കോടതി മുറിയില്‍ മുഴങ്ങി. അവളെയും കൊണ്ട് പോലീസുകാര്‍ പുറത്തേയ്ക്ക് നടന്നു.

******
“നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ സംതൃപ്തര്‍ആകും.
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്”
 
അത്താഴത്തിനു മുമ്പായി, പതിവ്  പോലെ വിര്‍ജീനിയ ബൈബിള്‍ വായിക്കുന്നത് കേട്ടുകൊണ്ട് അവള്‍ ഒപ്പമിരുന്നു. അവളുടെ തിരിച്ചുവരവില്‍ സന്തോഷിച്ച വിര്‍ജീനിയ,  പീച്ചുപഴം മുകളില്‍ വച്ചലങ്കരിച്ച ഒരു വെളുത്ത ഐസിംഗ് കേക്കു വാങ്ങി  മുറിച്ചു. അവളുടെ  ഇഷ്ട്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കി. ചോളത്തിന്റെ പുറംതോടില്‍ പൊതിഞ്ഞു  വേവിച്ചെടുത്ത  മൃദുവായ പന്നിയിറച്ചി അവള്‍ക്കു വളരെ ഇഷ്ട്ടമായിരുന്നു, അതുപോലെ  മല്ലിയില വിതറിയ  തക്കാളി സലാഡും.
അവള്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടയില്‍  എന്നെ നോക്കി പുഞ്ചിരിച്ചു. ഭക്ഷണത്തിനിടയില്‍  ഞാന്‍ അവളോടു പറഞ്ഞു.

 “നിനക്കറിയുമോ എന്‍റെ നാട്ടിലെ കൊച്ചി മെട്രോയില്‍ നിന്നെ പ്പോലെയുള്ളവര്‍ക്കു ജോലി സംവരണം ചെയ്തു നല്‍കുന്നുണ്ട്”  

“ഉവ്വോ, എങ്കില്‍ ദൈവം ശരിക്കും നിങ്ങളുടെ നാട്ടില്‍ വസിക്കുന്നുണ്ടെന്നാണ് ഞാന്‍ പറയുക”

 കണ്ണു തുറന്നപ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നില്ല, പക്ഷേ ഞാന്‍ കണ്ടത്  ഒരു സ്വപ്നമാണെന്നു വിശ്വസിക്കാന്‍ എനിക്കു കഴിയുന്നുമില്ല. അവള്‍ തൊട്ടടുത്ത്  ഉണ്ടായിരുന്നു. വെന്ത പന്നിയിറച്ചിയുടെയും, ചുട്ടെടുത്ത ചോളത്തിന്റ്റെയും  ഗന്ധം അപ്പോഴും അവിടെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

*****
 കുറച്ചു ദിവസത്തേക്ക്  അവളുടെ വിവരമൊന്നും ഇല്ലായിരുന്നു. ഫോണില്‍ അവളെ  ലഭിക്കുകയുണ്ടായില്ല. തിരക്കുകളിലാകും എന്നു കരുതി. ഒരു ദിവസം അവളുടെ വിര്‍ജീനിയ മമ്മയുടെ,  സ്പാനിഷ  മെസേജുകള്‍ തുരുതുരാ എന്‍റെ ഫോണില്‍  വന്നു ചില്ലുപോലെ വീണു ചിതറി.
 
  സ്വന്തംനാട്ടില്‍ നിയമപരമായ ഒരു ജോലികിട്ടാന്‍ ഡയസ് വളരെയേറെ  പണിപ്പെട്ടു.  പിന്നെ മറ്റു വഴിയില്ലാതെ വന്നപ്പോള്‍  എല്ലാവരെയും പോലെ, അവള്‍ വെറുത്തിരുന്ന ലൈംഗീക തൊഴില്‍ തന്നെ അവള്‍ക്കും ചെയ്യേണ്ടിവന്നു.
 പോലീസുകാരെ ഭയപ്പെട്ടുകൊണ്ടുള്ള  ഈ തൊഴിലില്‍ അവരുടെ പീഡനത്തിനിരയാവുക പതിവായിരുന്നു. ഒരു രാത്രിയില്‍ പോലീസുകാര്‍ അവളെ കൊണ്ടുപോയി  ഓടുന്ന വണ്ടിയില്‍ നിന്നും കൈവിലങ്ങോടെ റോഡിലേക്ക് വലിച്ചെറിഞ്ഞു.  തടവറയില്‍ ശ്വാസം മുട്ടിയപ്പോള്‍  അഭയത്തിനുള്ള അപേക്ഷ പോലും  ഉപേക്ഷിച്ചു   തിരികെ സ്വന്തം നാട്ടിലെ ദുരിതത്തിലേക്ക് തന്നെ  പോയ അവള്‍  സ്വാതന്ത്ര്യം  വളരെയേറെ മോഹിച്ചിരുന്നു .
 
കണ്ണ് നിറഞ്ഞു സ്ക്രീനിലെ  അക്ഷരങ്ങളില്‍ ചിതറിയപ്പോള്‍, സന്ദേശങ്ങള്‍  മാഞ്ഞുപോയി. എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചവളെ, ലോകം   വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും  ദൈവത്തിന്റെ  അള്‍ത്താരയില്‍ നരബലിയായി നല്കി.
 
മുന്‍പിലെ കോഫീ ടേബിളില്‍  ഇരുന്ന   ബൈബിള്‍ കയ്യിലെടുത്തു തുറന്നു. ആശ്വാസത്തിന്റെ വചനങ്ങള്‍ക്കായി  എന്‍റെ മങ്ങിയകണ്ണുകള്‍ പരതിനോക്കി.
“ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍‌മാര്‍
എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാകുന്നു”.
 
ദരിദ്രര്‍ക്ക് ഈ നശ്വരഭൂമിയില്‍ ഒരിടം നല്കാന്‍ ദൈവ പുത്രനായ തനിക്കുപോലും ആവിലെന്നു കണ്ടിട്ടായിരിക്കാം, യേശുദേവന്‍ അവര്‍ക്കീഭൂമിയില്‍ ഒരിടം  വാഗ്ദാനം  നല്‍കാതെ, സ്വര്‍ഗ്ഗരാജ്യമെന്ന പ്രത്യാശയില്‍ ആശ്വാസം  നല്‍കിയത്.
 
 ജാലക വിരി മാറ്റി ഞാന്‍ ആകാശചെരുവിലേക്ക്‌  നോക്കി. തെളിഞ്ഞ ആകാശം നിറയെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ നിരന്നു നിന്നിരുന്നു. വീണ്ടും ഞാന്‍ ബൈബിള്‍ വചനങ്ങളിലൂടെ  കണ്ണോടിച്ചുകൊണ്ട്  ഉറക്കെ വായിച്ചു   
"സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും”
അതുകേട്ടിട്ടാകണം, ആ രാവില്‍ ഒരു കുഞ്ഞുനക്ഷത്രം ഏറെ അകലെനിന്നും  എന്നെ നോക്കി കണ്ണുചിമ്മി ചിരിച്ചു.


Join WhatsApp News
Sudhir Panikkaveetil 2021-12-06 20:44:57
ഒരു ട്രാൻസ്‍ജിൻഡറിന്റ ദാരുണമായ കഥ പറയുമ്പോൾ ബൈബിൾ വചനങ്ങൾ ഇടക്കിടെ ഉപയോഗിച്ചിരിക്കുന്നത് സർകാസ്റ്റിക് ആയിട്ടാകാം. കാരണം ദൈവം മനുഷ്യനെ അവന്റെ പ്രതിച്ഛായയിൽ ആണും പെണ്ണുമായി സൃഷ്ടിച്ചു.അപ്പോൾ പിന്നെ ട്രാൻസ്‍ജിൻഡർ ദൈവത്തിന്റെ കൈപിഴയൊ? അവരുടെ പ്രശ്നങ്ങൾക്ക് ഈ ലോകത്ത് പരിഹാരമില്ല. അവർ വേട്ടയാടപ്പെടുന്നു. ബൈബിൾ വചനങ്ങൾക്ക് പ്രസക്തിയില്ലെന്ന് അവരുടെ ജീവിതം തെളിയിക്കുന്നു. ശ്രീ ജോസഫിന്റെ കഥകൾ സമൂഹത്തെ പ്രഹരിക്കുന്ന ഒരു ചാട്ടവാർ ആകാറുണ്ട്. ഇതിലെ കഥാ നായികയുടെ ചോദ്യം " ഞാനിങ്ങനെയായത് ഞാൻ വിചാരിച്ചിട്ടല്ലലോ. പിന്നെ എന്തിനാണ് എന്നെപ്പോലെയുള്ളവരോടിങ്ങനെ ചെയ്യുന്നത്? ഉത്തരം മുട്ടുമ്പോൾ എല്ലാ മരണശേഷം എന്ന ഒഴിവുകഴിവ് പറയുന്ന മതത്തെ ഒന്ന് തോണ്ടിയോ കഥാകൃത്ത്. ട്രാൻസ്‍ജിൻഡർ ഇന്ന് സമൂഹത്തെ നേരിടുന്ന ഒരു പ്രശ്നമാണ്. അതിനു പരിഹാരം ഉണ്ടാകുക പ്രയാസം. തന്മൂലം നിരവധി പേര് ഇങ്ങനെ അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യും. എഴുത്തുകാർ അവരുടെ രചനകളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ കഥയും പാവപ്പെട്ട ട്രാൻസ്‍ജിൻഡർ സമൂഹത്തെ സഹായിക്കാൻ ഒരു നിമിത്തമാകട്ടെ. ആവിഷ്കാര രീതി പരമ്പരാഗതമായ ചെറുകഥയുടെ രചന പോലെയല്ല. ആധുനികതയുടെ ദുരൂഹതയുമില്ല.ഒരു ജോസഫ് എബ്രഹാം ടച്ച് എന്നൊക്കെ പറയാമായിരിക്കാം.
Sabu Mathew 2021-12-07 01:51:36
സൃഷ്‌ട്ടിയിൽ പോലും സ്ഥാനം കിട്ടാത്തവരാണ് ട്രാന്സ്ജെൻഡർസ്, ദൈവം ആണിനേയും പെണ്ണിനേയും മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ എന്ന വിശ്വാസമാണ് ഇതും രണ്ടുമല്ലാത്ത പിറപ്പുകളോട് അവജ്ഞയും വെറുപ്പും ഉണ്ടാകാൻ കാരണം. ലോകം ഇന്ന് സ്വവർഗ്ഗ വിവാഹം അംഗീകരിച്ചു തുടങ്ങി, ഒരു പക്ഷെ വരും കാലം ട്രാൻസ് ജെൻഡറിനെയും കൂട്ടത്തിൽ കൂട്ടുമെന്ന് തന്നെ കരുതാം.. അത്തരത്തിലുള്ള ഒരു സഹജാവബോധം സമൂഹത്തിൽ ഉണ്ടാക്കുന്നതിൽ ഇത്തരം സാഹിത്യ സൃഷ്ട്ടികൾ സഹായകമാകുമെന്നു കരുതാം. ആദ്യം മുതൽ അവസാനം വരെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ, പക്ഷെ ഇത്തരം കഥകൾ ആരും ചർച്ച ചെയ്യുകയോ അർഹമായ അംഗീകാരം നൽകുകയോ ചെയ്തു കാണുന്നില്ല
Joseph Abraham 2021-12-07 17:32:27
എല്ലാ വായനക്കാർക്കും നന്ദി. അഭിപ്രായം എഴുതിയ സുധീർ പണിക്കവീട്ടിലിനും സാബു മാത്യു വിനോടും വിശേഷിച്ചും
Jose Cheripuram 2021-12-07 21:57:59
This is a unique story, well crafted and presented. The writer has great potentials. Congratulations. Keep writing, all the best.
Joseph Abraham 2021-12-08 01:50:26
Dear Jose Cheripuram Sir, thank you very much for your reading and kind words. Words like these are really encouraging and motivating. Thank you once again
ആശാ സന്തോഷ് 2021-12-11 23:40:26
ഇതിപ്പോഴാണ് വായിക്കാൻ പറ്റിയത്. ഈ അടുത്തകാലത്ത് വായിച്ചതിൽ വളറെ നല്ല കഥ. ഒരാളുടെ identity അയാളിൽ ഉളവാക്കുന്ന മാനസിക വ്യഥകൾ മനസ്സിൽ നോവലായി വായനക്കാർക്ക് തോന്നുന്നു. എന്നാണ് നമ്മൾ ഭിന്ന ലിംഗക്കാരെ നമ്മുടെ സഹോദരങ്ങളായി ചേർത്ത് നിർത്തുക ? ഇത്തരം കഥകൾ സമൂഹത്തിൽ മാറ്റം ഉണ്ടാക്കുക തന്നെ ചെയ്യും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക