Image

കാറ്റിൻ ഭാഷ ( കവിത: പുഷ്പമ്മ ചാണ്ടി )

Published on 07 December, 2021
കാറ്റിൻ ഭാഷ ( കവിത: പുഷ്പമ്മ ചാണ്ടി )
കാറ്റിന്റെ ഭാഷയെനിക്കു വശമുണ്ട്;
കായലോളങ്ങളെ തഴുകി മെല്ലെ,
പ്രണയാതുരമായെന്തോ 
കാതിൽ മൊഴിഞ്ഞ്,
മുഖത്തും, മുടിയിലും തഴുകിത്തലോടുന്ന
അനുഭൂതി പൂക്കുംനിൻ പ്രണയച്ചുഴികളിൽ 
ഞാനാകെയുലയുന്നു...

മഴയയോടൊരുമിച്ചു  ശീൽക്കാരമോടാഞ്ഞു നീ
വീശിയെത്തുമ്പോൾ 
പേടിയോടകന്നുഞാൻ
മാറിയാലും
നഷ്ടപെട്ട, മുറിപ്പെട്ട ഓർമ്മകളുടെ അടയാളങ്ങളിൽ
ഒന്നു തഴുകാൻ 
മറക്കാത്ത കാറ്റേ
നിന്റെ  സ്നേഹത്താൽ മുറിവേറ്റ വിരഹത്തിൻ മുറിവിന്റെ  ഉൾവലിച്ചിൽ..

മൂകത തളം കെട്ടുന്ന ദിനരാത്രങ്ങളിൽ
ഹൃദയംതൊടുമേതോ സുഖമുള്ളപാട്ടിന്റെ 
ഈരടികൾപോലെ, 
പൊടുന്നനെവന്നു പുണരുന്ന നിന്നെയെനിക്കിഷ്ടം ....
നിന്റെ  നെഞ്ചില്‍ മുഖം ചേര്‍ത്തുവച്ച്
നിൻ തലോടലിൽ നിർവൃതികൊളളുമ്പോൾ 
കാണാതെ, കേൾക്കുന്ന  നിന്റെ  ഭാവങ്ങളെ
ഞാനറിയുന്നു, 
നിന്നിൽ ലയിക്കുന്നു..
കാറ്റേ... നിന്റെ ഭാഷയെനിക്കിഷ്ടമാണ് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക