Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 08 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
രാജ്യത്തിന്റെ സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച സൈനീക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായാണ് വിവരം. ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നതാണ് പുറത്ത് വരുന്ന വിവരമെങ്കിലും പ്രതിരോധമന്ത്രാലയം ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. ബിപിന്‍ റാവത്തിന്റെ ഭാര്യ മാധുലിക റാവത്ത് മരിച്ചതായാണ് ലഭിക്കുന്ന വിവരം. മോശം കാലാവസ്ഥായണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവിരം. സംഭവം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ പ്രസ്താവന നടത്തും. 
****************************************
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനമേധാവിയും ഉന്നത സൈനീക ഉദ്യോഗസ്ഥരും ജനറല്‍ ബിപിന്‍ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി. അപകടം സംഭവിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവരങ്ങള്‍ ധരിപ്പിച്ചു. രാഷ്ട്രപതി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. വ്യോമ സേന അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്.
*****************************************
32 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 32 ല്‍ 16 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ്-13, ബിജെപി-1, വിമതന്‍-1. കൊച്ചി, തിരുവനന്തപുരം കോര്‍പറേഷന്‍ ഡിവിഷനുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പിറവത്ത് നഗരസഭാ ഭരണവും നിലനിര്‍ത്തി. അരൂര്‍, നന്മണ്ട, ശ്രീകൃഷ്പുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫിനാണ്.
******************************************
സംസ്ഥാന വ്യാപകമായി പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.
*****************************************
വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുസ്ലീം സമുദായത്തെ മുഴുവന്‍ അണിനിരത്തി സമരത്തിനിറങ്ങാനുള്ള ലീഗ് നീക്കത്തിന് കനത്ത തിരിച്ചടി. ഈ വിഷയത്തില്‍ സമസ്ത സമരത്തിനോ പ്രതിഷേധത്തിനോ ഇല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ സമസ്തയുടെ നേതാക്കളെ നേരില്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധമോ സമരമോ വേണ്ടെന്ന് സമസ്ത തീരുമാനിച്ചത്. 
******************************************
കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ . കെ റെയിലില്‍ യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച ശേഷമെ മുന്നോട്ട് പോകുയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
*******************************************
 വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് . പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 65 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ആവശ്യമായി വരുന്നത്.
********************************************
ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക