Image

പുരോഗതിയുടെ മതിഭ്രമം (തോമസ് കളത്തൂർ)

Published on 09 December, 2021
പുരോഗതിയുടെ   മതിഭ്രമം (തോമസ് കളത്തൂർ)
പരമാണുവിൽ നിന്നും പരിണമിച്ചു,  സാപ്പിയനും സംസ്കാര സമ്പന്നനും ബുദ്ധി ജീവിയും ഒക്കെ ആയി മനുക്ഷ്യൻ വളർന്നു; എങ്കിലും പരിണാമം തുടർന്നു കൊണ്ടേയിരിക്കുന്നു.          ഇന്ന്,  ജൈവ വ്യവസ്ഥയിൽ നിന്നും  യാന്ത്രീക വ്യവസ്ഥയിലേക്കാണ്  നീങ്ങി കൊണ്ടിരിക്കുന്നത് എന്ന സത്യം ഭയപ്പെടുത്തുന്നതാണ്.       ഒരു സാമൂഹ്യ ജീവിയായി നില നിന്ന്,  ഭൂമിക്കും തലമുറകൾക്കും  അനശ്വരത്വം നൽകേണ്ട മനുക്ഷ്യനിൽ നിന്നും,  സഹകരണവും ആർദ്രതയും സ്നേഹവും ബഹുമാനവും ഒക്കെ,  യാന്ത്രീകതയുടെ അതി പ്രസരത്തിലൂടെ നഷ്ടമാവുകയാണ്.    ബന്ധങ്ങൾക്ക്‌ വില കല്പിക്കാത്ത മനുക്ഷ്യൻ, തന്നിലേക്ക് തന്നെ ചുരുങ്ങി കൂടി, "ഈഗോയുടെ" (അമിത അഹം ബോധത്തിന്റെ) അന്ധകാരത്തിൽ പെട്ടുപോകുന്നു.     യാന്ത്രീകത  നൽകുന്ന ആലസ്യം,  ചൂടും പ്രയത്നവും ആവശ്യമുള്ള യാഥാർഥ്യത്തിൽ  നിന്നും വിരക്തി നേടാൻ പ്രലോഭിപ്പിക്കുന്നു.      അങ്ങനെ..,  ജീവിക്കുന്നത് ഒരു യഥാർത്ഥ ലോകത്തിലല്ലാ,  ഭാവനയുടെ  അഥവാ സ്വപ്നങ്ങളുടെ
ഒരു വിഹായസ്സിൽ, ഒഴുകി പറന്നു നടക്കുകയാണ്.  മയക്കു മരുന്നി ന്റെ ആസക്തിയെ വെല്ലുന്ന  യാന്ത്രീക പ്രവേശം മനസ്സുകളിൽ കുടിയേറുന്നു.   തന്നെത്താൻ, "സ്റ്റാർ ട്രെക്ക്"ലെ  അഭിനേതാക്ക ളായി,..അനുഭവിക്കുകയാണ് -അഭിനയിക്കുകയല്ല-.   കുഞ്ഞുണ്ണി മാഷ്
പാടിയ അവസ്ഥയിലാണ്,..  "എനിക്കുണ്ടൊരു ലോകം....,  നിനക്കുണ്ടൊരു ലോകം...,   നമുക്കില്ലൊരു  ലോകം......."

കാട്ടിൽ  നിന്നും കരകയറി,  കാർഷീക വൃത്തി സ്വീകരിച്ചു്, സ്ഥിരവാസ ജീവിത ക്രമത്തിലെത്തിച്ചേർന്ന മനുക്ഷ്യർ ഒരു സമൂഹമായി വളരാൻ ആരംഭിച്ചു.   അതോടെ കൂട്ട് കുടുംബ ങ്ങളും ഒരാവശ്യമായി വളർന്നു വന്നു.   കാർഷീകവൃത്തിയിലെ  അന്യോന്യ സഹകരണം, മനുക്ഷ്യ ബന്ധങ്ങളെ കൂടുതൽ ബലവ ത്താക്കി.    അന്ന് 'ജീവനം' മാത്രമായിരുന്നു ലക്ഷ്യം.    പ്രകൃതി യോടും കാലാവസ്ഥയോടും മല്ലിട്ടു വിളവെടുപ്പിലെത്തിയാൽ,  എല്ലാവർക്കുമായി പങ്കിട്ട്, അടുത്ത വിളയ്ക്കും മഴക്കാലത്തേക്കും മാത്രമായി സംഭരിക്കുമായിരുന്നു.   അന്ന്, ഒരാൾ എല്ലാവര്ക്കും വേണ്ടിയും....,  എല്ലാവരും ഒരാൾക്ക് വേണ്ടിയും  ജീവിച്ചത് കണ്ടു വളർന്ന തലമുറയിലെ പിഞ്ചു മനസ്സുകളിൽ പോലും ഈ സാമൂഹ്യ ബോധവും സ്നേഹവും കരുതലും,  ആഴത്തിൽ പതിഞ്ഞു കിടന്നു.       പലപ്പോഴും, കൃഷി നാശവും ക്ഷാമങ്ങളും അവർക്കു സമ്മാനിച്ച ദുരിതങ്ങൾ, ഈ അന്യോന്യ ബന്ധത്തെ കൂടുതൽ ഉറപ്പിക്കുക ആയിരുന്നു,......കവി പാടും പോലെ..

"ദാരിദ്ര്യ മെന്നതറിഞ്ഞവർക്കേ....; പാരിൽ പരക്ലേശവിവേകമുള്ളൂ...."
വല്ലപ്പോഴുമൊക്കെ,  വയറു വിശന്നാണെങ്കിൽ പോലും,  ജീവിതത്തെയും ആത്മാവിനെയും  ബന്ധങ്ങളുടെ തണലിൽ  ആഹ്ലാദ പൂർണ്ണ മാക്കിയിരുന്ന കാലത്തിനു ഒരു പരിണാമം ഏകികൊണ്ട്,  കച്ചവട വ്യാവസായിക  സംസ്കാരങ്ങൾ പതിയെ ചേക്കേറാൻ ആരംഭിച്ചു.    ഇത്, വൻതോതിലുള്ള സാമ്പത്തീക വളർച്ചക്ക് സഹായകമായി.      എന്നാൽ ജൈവ വ്യവസ്ഥയിലും വ്യക്തി ബന്ധങ്ങളിലും വിള്ളലുകൾ സംഭവിച്ചു.   ജീവിത വീക്ഷണം ലാഭത്തെ ലാക്കാക്കി,  മറ്റെല്ലാ മാനുഷീക മൂല്യങ്ങൾക്ക്  നേരേയും കണ്ണടച്ചു.      സ്നേഹ ബന്ധങ്ങളും  ധാര്മീകതയും എല്ലാം പതുക്കെ പതുക്കെ കച്ചവട സംസ്കാരത്തിൽ അലിഞ്ഞു പോയി.    ഇതിൽ നിന്നും,  നേർവഴി കാണിച്ചു നടത്തേണ്ട മതങ്ങൾ,  യോഗി വര്യന്മാരിൽ നിന്നും, സനാതന ധർമ്മോപദേശങ്ങളിൽ നിന്നും  വ്യതിചലിച്ചു,  നിലനിൽപ്പും വളർച്ചയും മാത്രം കാംക്ഷിക്കുന്ന വ്യക്തികളിൽ എത്തി, സ്ഥാപനങ്ങളായി വളർന്നു.     അങ്ങനെ കച്ചവട സംസ്കാരം  ആത്മീകതയെയും വിഴുങ്ങി എന്ന് വേണം കരുതാൻ.   അക്കിത്ത ത്തിനൊപ്പം  മനുക്ഷ്യൻ പാടി പോകും,   "വെളിച്ചം  ദുഃഖമാണുണ്ണീ!.......,   തമസ്സല്ലോ സുഖപ്രദം..."

മനുക്ഷ്യൻ ബുദ്ധി ഉപയോഗിച്ചു കണ്ടുപിടിച്ച സാങ്കേതിക വിദ്യകൾ തന്നെ മനുക്ഷ്യനെ അടിമകളാക്കി.    വ്യവസായികൾ  ആവശ്യത്തിൽ കൂടുതൽ, അമിതമായ ഉത്പാദനം നടത്തി.   അവ യെല്ലാം വിറ്റു തീർക്കാനായി, പരസ്യ കമ്പനികൾ പൊതു ജനത്തെ  മനഃശാസ്ത്ര പരമായും  മാസ്മരീകമായും അടിമപ്പെടുത്തി.      ഇതോടൊപ്പം വളർന്ന സാങ്കേതികതയും തങ്ങളുടെ സംഭാവനകൾ കൊണ്ട് സമൂഹത്തെ നിറച്ചു.    ആവശ്യത്തിലധികമായി സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും, പുതുമയുള്ളതൊക്കെ സംഭരിക്കാനും ഉള്ള ആർത്തി കലശലായി,  പരിഷ്കാരത്തിന്റെ ഭാഗമായി മാറി.      
അടുക്കും ചിട്ടയും വൃത്തിയും ഉണ്ടായിരുന്ന വീടുകൾ വെറും സംഭരണ ശാലകളായി മാറി.    ഈ പ്രയത്നത്തിനിടയിൽ സ്വന്തം കുട്ടികളെപ്പോലും വേണ്ടവിധം ശ്രദ്ധിക്കാതായി.    കുട്ടികൾക്ക് ജന്മസിദ്ധമായി ഉണ്ടായിരുന്ന സ്നേഹവും കരുതലും എല്ലാം,  സാങ്കേതികതയുടെ അതിവേഗതയിലും,  വർണ്ണ ശബളിമയിലും,  അതിഭാവുകത്തിലും മുങ്ങിപ്പോയി.   ലോകത്തു പലപ്പോഴും സൈബർ ആക്രമണങ്ങൾ നടന്നതായി ഏവർക്കും അറിയാമല്ലോ.     നമുക്കും എന്നാണ് ഇതിനെ നേരിടേണ്ടി വരിക എന്ന് പ്രവചിക്കാ നാവില്ല.    ലോകം തന്നെ ഒരു  സയ്‌ബെർ യുദ്ധ  ഭീഷണിയെ  ഭയത്തോടെ നോക്കി കാണുന്നു.    അതിനെ നേരിടാൻ നാമും അല്പം പുറകോട്ടു കൂടി സഞ്ചരിക്കേണ്ടി ഇരിക്കുന്നു.    ആവർത്തന വിരസത അനുഭവപ്പെടാം, എങ്കിലും ഓർമ്മിപ്പിക്കട്ടെ.   

പഴയ കാല അത്യാവശ്യ ങ്ങളായ,…… സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സുഹൃത്തുക്കളും, ഒന്ന് കൂകി വിളിച്ചാൽ,.. തിരിച്ചൊരു കൂകി വിളിയിൽ ഉത്തരം നൽകുന്ന   അയൽക്കാരും അടങ്ങുന്ന കുറെ മനുക്ഷ്യർ, തലോടാനും താലോലിക്കാനും മക്കളും കൊച്ചുമക്കളും പിന്നെ കുറച്ചു വളർത്തു മൃഗങ്ങളും, അത്യാവശ്യ ആഹാരത്തിനായി ഒരു അടുക്കള തോട്ടം,  കിണറോ കുളമോ,  അടുപ്പു  തുടങ്ങിയവ ചുറ്റുവട്ടത്തെ ഉണ്ടാവുക നന്ന്,… എന്തിനെയും നേരിടാൻ....   എന്നാൽ യാന്ത്രീകതയെയോ, ആധുനികതയെയോ  മാറ്റി നിർത്തി ജീവിക്കാനല്ലാ,   അതിന്റെ സുഖ  സൗകര്യങ്ങൾ  നമുക്കും ആസ്വദിക്കാനുള്ളതാണ്.    എന്നാൽ മാനുഷീകതക്ക്  മുൻ തൂക്കം കൊടുക്കണം എന്ന് മാത്രം. 

താൻ  സുരക്ഷിതമാണെന്ന വിചാരത്തിൽ വിഡ്ഢിയെപ്പോലെ , ചുറ്റുപാടുകളറിയാതെ ഉറങ്ങി ആസ്വദിക്കരുത്.    ഉണർന്നു, താനും കുടുംബവും അടങ്ങുന്ന  സമൂഹത്തിന്റെ അവസ്ഥയെ മനസ്സിലാക്കി, പ്രതീകരിക്കണം.      

ഇന്നിപ്പോൾ  ഇങ്ങനെയൊരു സാമൂഹ്യ  മാറ്റ ത്തിലേക്കും കൂടി ഇതോടൊപ്പം  സഞ്ചരിക്കാൻ  തയ്യാറാകണം.    ശ്രീ നാരായണ ഗുരുദേവന്റെ  പ്രാർത്ഥനയോടെ,  "ഒരു പീഡ ഉറുമ്പിനും വരുത്തരുതെന്നനുകമ്പയും  സദാ,....കരുണാകര!...നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാത്ത ചിന്തയും..."


Join WhatsApp News
Sudhir Panikkaveetil 2021-12-09 12:33:17
അധഃപതനത്തിലേക്കുള്ള മനുഷ്യന്റെ ആദ്യത്തെ കാൽവയ്‌പ്പ് "അവൻ വായന ഉപേക്ഷിക്കുന്നു" ആരുടെയോ ബുദ്ധിയിൽ ഉദിച്ച ദൃശ്യാവിഷ്കാരങ്ങൾക്ക് മുന്നിൽ ഇരുന്നു കാലം കഴിക്കുന്നു. ശ്രീ കളത്തൂർ സാർ ചിന്തോദീപകം താങ്കളുടെ ലേഖനം.
G. Puthenkurish 2021-12-09 14:45:54
“താൻ സുരക്ഷിതനാണെന്ന വിചാരത്തിൽ ചുറ്റുപാടുകൾ അറിയാതെ” ജീവിക്കാൻ അനുവദിക്കില്ലേ സ്‌നേഹിതാ ? റിട്ടയർ ആയി സമാധാനം ആയി ജീവുക്കുന്നതിൽ അസൂയ ആണോ ? എത്രയോ നാളായി ഈ ലോകത്തെ നന്നാക്കാൻ ശ്രമിച്ചു ! ഇന്ന് ആർക്കും വായിക്കാനും കേൾക്കാനും സമയമില്ല . നല്ലൊരു ലേഖനത്തിന് നന്ദി .
Mathew Joys 2021-12-09 18:09:19
വായന തീരെ ഇല്ലാത്ത ഈ കാലത്തു ഞാൻ ഇതും വായിച്ചു . ഇത്രയും വലിയ കാര്യങ്ങൾ എഴുതിയാൽ മനസിലാക്കിയിട്ടുവേണ്ടേ പ്രതികരിക്കാൻ ! ഏതായാലും ഇത്രയും ഫിലോസോഫിക്കൽ ആയി ചിന്തിച്ച. കളത്തൂരിന് അഭിനന്ദനങ്ങൾ ✍🙏
ചില്ല് ഫ്രേമിലെ വലിയപടം 2021-12-10 12:06:21
ചില്ല് ഫ്രേമിലെ വലിയപടം ''വായന തീരെ ഇല്ലാത്ത കാലത്തു ഞാൻ ഇതും വായിച്ചു"- ഇ 'ഞാൻ'- നെ പ്പോലെ ഉള്ളവർ ആണ് ഇ മലയാളിയിലെ എഴുത്തുകാർ. അവർ മറ്റുള്ളവരുടെ രചനകൾ വായിക്കില്ല. സ്വന്തം ആർട്ടിക്കിളിൻറ്റെ അടിയിൽ എഴുതുന്ന കമന്റ്റ് പോലും വായിക്കില്ല. 'എൻ്റെ ആർട്ടിക്കിളിന് ഒരു കമന്റ്റ് എഴുതു എന്ന് എന്നെ വിളിച്ചു ആവശ്യ് പ്പെടുന്ന എഴുത്തുകാർ ഉണ്ട്, എന്നാൽ അവർ മറ്റുള്ളവരുടെ ആർട്ടിക്കിൾ കാണുക പോലുമില്ല. അതുപോലെ ബാസ്കറ്റ് ബോൾ ചതുരത്തിൽ ആണോ ട്രയാങ്കിൾ ഷേപ്പിൽ ആണോ എന്നുപോലും അറിയാത്തവർ ബാസ്‌ക്കറ്റ് ബോളിനെപ്പറ്റി എഴുതും. എല്ലാവർക്കും ലേഖനത്തേക്കാൾ വലിയ സ്വന്തം പടവും വേണം. ഇത്തരം പടം ഫ്യൂണറൽ ഹോമിലും വലിയ ചില്ല് ഫ്രെമിലും കാണാം. -നാരദൻ ഹൂസ്റ്റൺ
രാധാകൃഷ്ണൻ 2023-12-12 03:53:28
ഇന്നത്തെ മനുഷ്യന്റെ സഹതാപകരമായ അവസ്ഥയെ വിശ്വ ദൃഷ്ടിയിലൂടെ ഉറ്റുനോക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യ സ്നേഹിയുടെ മനോ നൊമ്പരം അങ്ങയുടെ സൃഷ്ടികളിൽ നന്നേ നിയഴലിക്കുന്നുണ്ട്. അത് ശ്ലാഘനീയം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക