Image

മഞ്ഞപ്പൂക്കളുടെ പുഴ: കല്ലറ അജയന്‍ (പുസ്തകപരിചയം: സന്ധ്യ എം)

സന്ധ്യ എം Published on 19 January, 2022
മഞ്ഞപ്പൂക്കളുടെ പുഴ: കല്ലറ അജയന്‍ (പുസ്തകപരിചയം: സന്ധ്യ എം)

കല്ലറ അജയന്‍ എഴുതിയ ഞാന്‍ വായിക്കുന്ന ആദ്യ പുസ്തകമാണ് മഞ്ഞപ്പൂക്കളുടെ പുഴ. പത്തു ചെറു കഥകളാണിതില്‍. പതിമൂന്ന് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. വായിക്കാന്‍ താമസിച്ചതില്‍ എനിക്ക് വല്ലാത്ത നഷ്ട്ട ബോധം തോന്നി.

കുറച്ചു കാലം മുന്നേ എഴുതപ്പെട്ടതാണ് ഈ പുസ്തകം. പക്ഷേ ഈ പുസ്തകത്തില്‍ ഇന്നത്തെ കാലഘട്ടത്തിന് വേണ്ടുന്ന ആശയങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്.
എഴുത്തുകാര്‍ എപ്പോഴും കാലത്തിനുമപ്പുറം അതിവേഗം മനംകൊണ്ട് സഞ്ചരിച്ച് നേരത്തേ പൊരുള്‍ എഴുതിവയ്ക്കുന്നവര്‍ ആണല്ലോ.അജയന്‍ കല്ലറ എന്ന എഴുത്തുകാരന്‍ അത്തരത്തിലൊരു മഹത് വ്യക്തിത്വമാണ്. കാലത്തിനു മുന്നേ ചിന്തകളില്‍ സഞ്ചരിക്കുന്നൊരാള്‍.

പല പുസ്തകങ്ങളും കയ്യിലെടുത്തു തുറന്നിട്ട് വായിക്കാതെ മാറ്റി വച്ചിട്ടുണ്ട്. ഈ പുസ്തകം വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വായിച്ചുതീര്‍ത്തു.
അതിനുകാരണം കഥയോ കഥാസന്ദര്‍ഭങ്ങളോ ആയിരുന്നില്ല. വരികള്‍ക്കിടയില്‍ അടങ്ങിയിരിക്കുന്ന വ്യക്തതയുള്ള പുത്തന്‍ ആശയങ്ങള്‍ ആയിരുന്നു. അതും മറ്റെങ്ങും വായിച്ചിട്ടില്ലാത്തവ.

മാറേണ്ട കാലത്തിന്റെ മുഖഭാവങ്ങളുടെ മാതൃക വരികള്‍ക്കിടയില്‍  കാണാന്‍ കഴിഞ്ഞു.

വാചകങ്ങള്‍ അളന്നെഴുത്തുന്ന കണിശക്കാരനായ എഴുത്തുകാരന്‍ എത്ര മനോഹരമായാണ് അടുക്കിയൊരുക്കി വാക്കുകളാല്‍ വാചകങ്ങളെ വിരിയിച്ചിരിക്കുന്നത്.അദ്ദേഹത്തിലെ കവിഹൃദയം ആയിരിക്കാം അതിനു കാരണമാകുന്നത്.

മുന്നൂറിലധികം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് .കാലഘട്ടത്തിന് അനുയോജ്യമായ മനോഹര കവിതകള്‍ .
ഗാനവിചാരം എന്നൊരു പ്രോഗ്രാം അദ്ദേഹം അവതരിപ്പിക്കുന്നു വ്യത്യസ്തവും ആകര്‍ഷകവുമാണത്.

ആദ്യ കഥയായ മോക്ഷം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്റെ ചിന്തയില്‍ ഒട്ടുമേ കടന്നുവരാത്ത ഒരോടുക്കാമായിരുന്നു കഥയ്ക്ക് .ഇങ്ങനെയൊരു ചിന്ത മറ്റൊരിടത്തും കണ്ടിട്ടില്ല കേട്ടിട്ടില്ല വായിച്ചിട്ടില്ല.

വയലാര്‍ എഴുതിയതും യേശുദാസ് പാടിയതും പി ടി തോമസ് പറഞ്ഞതും കേരളം മുഴുവന്‍ ഏറ്റു പാടിയതും ഓര്‍ത്തുപോയി. ഈ കഥ വായിച്ചപ്പോള്‍. മനുഷ്യജീവിതത്തിന്റെ മഹനീയതയും മനോഹാരിതയും ദര്‍ശിച്ചിട്ടുള്ളളവര്‍ക്ക് ഈ സുന്ദര തീരം വിട്ടു പോകാന്‍ മടിയായിരിക്കാം.

മോക്ഷവും  പാപവും വേറെ ദര്‍ശനങ്ങളില്‍ ആകുന്നതുപോലെ ജീവിതത്തിലെ അടിസ്ഥാനപ്പെട്ട പലതിലും ഈ കഥ സ്പര്‍ശിച്ചു പോകുന്നു.

മകര മഴ പോലെ ഒരാള്‍ എന്ന കഥ ആശയാണ് ജീവിതം എന്ന് പറയുന്നു.

വര്‍ണ്ണചിത്രങ്ങള്‍ ഇല്ലാത്ത ഒരു പരുക്കന്‍ ചുമരാണയാള്‍.മറ്റാരുടേയും സഹായമില്ലാതെ കെട്ടിയുയര്‍ത്തിയ ചുവര്‍ പോലെ കുഞ്ഞിരാമന്‍ മാഷ്.
വരികള്‍ക്കിടയിലെ അര്‍ത്ഥവ്യാപ്തി എത്ര വലുതാണ്. കഥ വായിച്ചപ്പോള്‍ അപൂര്‍വ്വമായി പെയ്യുന്ന മകര മഴപോലെ വല്ലാത്ത ഒരു നോവ് മനസ്സില്‍ പെയ്തു പോയി.

കാലം മാറിയാലും തന്റെ ഇഷ്ടങ്ങളില്‍ തന്നെ പറ്റി നില്‍ക്കുന്നവരെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. എന്താ അവര്‍ മാറാത്തത് എന്ന് ചിന്തിച്ചിട്ടുമുണ്ട്..നിലപാടുകള്‍ എന്ന ആധാരശിലയില്‍ ഉറച്ചു നിന്നുകൊണ്ട് മാറ്റം ഇല്ലാത്തവരായി പൊതു സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുന്നവരാണവര്‍.

സുവര്‍ണ്ണ ജൂബിലി അമ്മ മനസ്സിനെ വല്ലാതെ നോവിക്കുന്ന കഥയാണ്.ഈ കഥയിലെ സംഭാഷണങ്ങള്‍ എന്റെ സംസാരശൈലിയുമായി ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.

പരിശീലനം അതൊരു വല്ലാത്ത കഥയായിരുന്നു.മരണത്തിന്റെ ഒറ്റമൂലിയുടെ  മണം മത്തുപിടിപ്പിച്ച് നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് മൃഗീയത നിറഞ്ഞുനില്‍ക്കുന്ന കഥ .

വല്ലാതെ എന്നെ അസ്വസ്ഥപ്പെടുത്തി.

അടുത്ത കഥ ഓര്‍മ്മയുടെ അപ്പുറത്തുനിന്ന് വായനക്കാരുടെ മനസ്സിനെ അവിചാരിത തലങ്ങളിലൂടെ ബലമായി വലിച്ചു കൊണ്ടു പോകുന്നു. വായന അവസാനിക്കുമ്പോള്‍ മനസ്സ് കിതച്ച് തളരും.വളരെ കുറഞ്ഞ വരികളിള്‍ കൊണ്ട് ജന്മ ജന്മാന്തരങ്ങള്‍ക്കപ്പുറം യാത്ര ചെയ്തിരിക്കുന്നത് കാണാം.

ആറാമതായാണ് മഞ്ഞപ്പൂക്കളുടെ പുഴ ഈ പുസ്തകത്തില്‍ ഒഴുകുന്നത്.പുഴയുടെ ഒഴുക്ക് ആദ്യം കൗതുകം നിറയ്ക്കുമെങ്കിലും അവസാനം അത്  മിഴികള്‍ നിറച്ച് മൗനത്തില്‍ മനസ്സിനെ ആഴ്ത്തും.

കറുപ്പ് ചീത്ത നിറം തന്നെ.ജനിക്കുന്നതിനു മുന്‍പ് ഞാന്‍ എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ പെട്ടെന്ന് മനസ്സില്‍ ഒരു കറുപ്പാണ് തോന്നുക.മരിച്ചാല്‍ പിന്നെ എങ്ങോട്ട് പോകുമെന്ന് ചിന്തിക്കുമ്പോഴും കറുപ്പ് തന്നെയാണ് നിറയുക.അപ്പോള്‍ നമ്മളൊക്കെ കറുപ്പില്‍ നിന്നു വന്നു കറുപ്പിലേക്കാണ് പോവുക.

(കഥയിലെ കഥാപാത്രത്തിന്റെ ചിന്ത)

എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ വരികളാണിത് .കഥയ്ക്ക് ചേര്‍ന്ന രീതിയില്‍  കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞു പോയിരിക്കുന്നു .

വിശാലമായ ഒരു കവിഹൃദയം അവിടെ കാണാന്‍ കഴിയുന്നു.

പുത്തന്‍ ആശയങ്ങളാല്‍ അടുക്കപ്പെട്ടതാണ് കഥാകൃത്തിന്റെ മനം.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായിരുന്ന അദ്ദേഹത്തിന് മുപ്പതിലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി മേഖലകളില്‍ ശ്രദ്ധേയനാണ്.

കാലങ്ങള്‍ക്കപ്പുറം കാതങ്ങള്‍ സഞ്ചരിക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ തന്നെയല്ലെ കാലഘട്ടത്തിന്റെ അനിവാര്യത.

എല്ലാവിധ ആശംസകളും

സന്ധ്യ എം

മഞ്ഞപ്പൂക്കളുടെ പുഴ: കല്ലറ അജയന്‍ (പുസ്തകപരിചയം: സന്ധ്യ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക