Image

ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി ; 27 വരെ അറസ്റ്റ് പാടില്ല

ജോബിന്‍സ് തോമസ് Published on 22 January, 2022
ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി ;  27 വരെ അറസ്റ്റ് പാടില്ല

നടിയെ ആക്രമിച്ച കേസുമായി  ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ  ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. 

അന്വേഷണസംഘത്തിന്  ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി പ്രോസിക്യൂഷന്  നിര്‍ദേശം നല്‍കി.

അഞ്ച് ദിവസം കസ്റ്റഡിയില്‍ മതിയെന്നും ചോദ്യം ചെയ്തശേഷം വിട്ടയച്ചാല്‍ പ്രതികള്‍ ഒത്തു ചേര്‍ന്ന് അടുത്ത ദിവസം എ്ന്തുപറയണമെന്ന് തീരുമാനിക്കുമെന്നും ഇത് അന്വേഷത്തിന് തിരിച്ചടിയാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

ജാമ്യ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇതോടൊപ്പം കേസിലെ മറ്റു പ്രതികളേയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതിയുണ്ട്. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. രാവിലെ 10 30 ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് ഭക്ഷണത്തിന് നിര്‍ത്തിയ സമയം ഉള്‍പ്പെടെ ആറ് മണിക്കൂറോളമാണ് നീണ്ടത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് കോടതി പരിഗണിച്ചത്. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടാണ് വാദം നടന്നത്.

വിശദമായ വാദം കേട്ട കോടതി സാക്ഷികളെ സ്വാധീനിച്ചെന്ന വാദം ഗൗരവതരമാണെന്ന് നിരീക്ഷിച്ചു. കോടതി കേസ് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ വലിയ ഉപജാപം നടക്കുന്നുണ്ടെന്ന്് വാദിച്ച പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയിലെത്താന്‍ പോലും ഭയമായിരുന്നുവെന്നും വാദിച്ചു.

 ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകില്ലെന്നായിരുന്നു കോടതിയുടെ ആദ്യ നിരീക്ഷണം. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പോള്‍, വെറുതെ പറഞ്ഞതല്ലെന്നും, അതിനപ്പുറം ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയും കോടതിയുടെ വിമര്‍ശനമുണ്ടായി. 2017ലാണ് ഗൂഡാലോചന നടത്തിയെന്ന് പറയുന്നതെന്നും അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നു എന്നും കോടതി വിലയിരുത്തി. ഇയാളുടെ സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. എങ്കിലും ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഗുരുതരമാണെന്ന് കോടതി പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എന്തും പറയാന്‍ തയാറായ സാക്ഷിയാണ് ബാലചന്ദ്രകുമാറെന്നും എവിടെയും എന്തും പറയാന്‍ ഇയാള്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷന്‍. കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രതികള്‍ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയില്‍ വാദിക്കാന്‍ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ ഒരു കാരണം ഇതാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസെടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ചോദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു.

ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണം എന്ന് പറഞ്ഞത് മദ്യലഹരിയിലാണോ എന്നു പരിശോധിക്കണമെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചിരിന്നു. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയവയില്‍ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ തെളിവുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടി പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് - കോടതി നിരീക്ഷിച്ചു 

ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യഹര്‍ജി പരിഗണിച്ചത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു സര്‍ക്കാര്‍ മുമ്പ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നായിരുന്നു സര്‍ക്കാരിന്റെയും ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക